ആ രണ്ടുപേ,രവരൊന്നിച്ചു-
തന്നെയാണിന്നെങ്കിലും,
എന്നുമാവാമൊരാളിന്‍റെ വേര്‍പെടല്‍;
മറ്റെയാളിന്‍റെയൊറ്റപ്പെടലും.
ആ രണ്ടുപേ,രവരന്നൊരാ നാളി-
ലെല്ലാവരും കാണ്‍കെ ഒന്നുചേര്‍ന്നു.
ജീവിതം,സന്തോഷസന്താപഭരിത;-
മെല്ലാംസഹിച്ചു ജീവിച്ചുപോന്നൂ അവര്‍.
അതിനിടയിലൊരു നാളിലുണ്ണി പിറന്നൂ;
ആ സ്ത്രീയൊരമ്മയായ്;പുരുഷനൊരച്ഛനും.
മുലയൂട്ടി താരാട്ടിയമ്മ വളര്‍ത്തി;കൈ-
പിടിച്ചേറെ നടത്തിയാ അച്ഛനും.
നാളുകളൊന്നുരണ്ടെന്നങ്ങു നീങ്ങി,-
യതിനൊത്തവരുടെ ജീവിതവും.
അമ്മയ്ക്കുപ്രായമാ,യച്ഛനതിലേറെ,-
യാ,യുണ്ണിയോ പ്രായം തികഞ്ഞവനുമായി.
ഉണ്ണിക്കൊരാശയുള്ളിലുണ്ടായി;
വീണൂ പ്രേമത്തിലെല്ലാരെയുംപോലെ.
എതിര്‍ക്കുവാന്‍ നോക്കിയെന്നാലു-
മൊടുവില്‍ സമ്മതംനല്‍കിയാ മാതാപിതാക്കള്‍.
സന്തോഷപൂര്‍ണമൊരു ജീവിതം-
മുന്നോട്ടുനീക്കുവാനായീ തുടക്കത്തി-
ലെന്നാലുമേറെക്കഴിഞ്ഞപ്പോള്‍ മാറി;
ഉണ്ണിയും ഭാര്യയും നേരത്തിനൊത്ത്!
'ഇല്ല പറ്റില്ല ആ വൃദ്ധരെ നോക്കുവാ-
നൊട്ടുംകഴിയില്ല ശുശ്രൂഷ നല്‍കാന്‍...'
ഭാര്യതന്‍ വാക്കിലാ ഭര്‍ത്താവുചിന്തി-
ച്ചൊടുക്കമൊരു വഴിയും കണ്ടെത്തിവേഗം!
'സ്വത്തു ഞാനെന്‍റെ പേര്‍ക്കെഴുതി-
വാങ്ങാം;പിന്നെയീ നാടുവിട്ടേച്ചു-
നീങ്ങാം;കഴിയുന്ന ദൂരത്തിലൊരു-
വീടുവച്ചിട്ടവിടെയാവാമിനിയുള്ള കാലം.'
ഉണ്ണി,തന്‍ ഭാര്യയോടത്രയും ചൊല്ലി-
ക്കഴിഞ്ഞപ്പോള്‍ ഭാര്യക്കു സന്തോഷമായി!
അമ്മയ്ക്കുമച്ഛനും സുഖമായി ജീവിതം-
പഴയോരീ പുരയില്‍ തന്നെയാകാം.
കേട്ടറിഞ്ഞപ്പോള്‍ സമ്മതം നല്‍കി-
യെങ്കിലുമാമാതാപിതാക്കള്‍ കരഞ്ഞു;
'നന്നായ് വരട്ടെ'യെന്നൊന്നിച്ചു ചൊല്ലി-
എല്ലാ സുഖങ്ങള്‍ക്കുമനുഗ്രഹം നല്‍കി.
ഇടയ്ക്കിടെ വന്നിട്ടുകാണാം;വേണ്ട-
തൊക്കെയുമപ്പോള്‍ കൊണ്ടുവന്നീടാം....
കരയേണ്ട,സന്തോഷത്തോടെ കഴിഞ്ഞിടൂ;
സുഖവാക്കുകള്‍ പറഞ്ഞുകൊണ്ടാ മക്കള്‍ നീങ്ങി.
പിന്നീടൊരിക്കലും തിരിച്ചുവന്നില്ലവര്‍;
അമ്മയ്ക്കുമച്ഛനുമാശനല്‍കീട്ടും-
ഒന്നുമേ കൊണ്ടുക്കൊടുത്തില്ല;കിട്ടിയ-
സ്നേഹ,മതുപോലും കൊടുത്തില്ല മക്കള്‍.
കാത്തുകാത്തങ്ങിരുന്നിട്ടുജീവിതം;
മൊത്തത്തിലത്രയ്ക്കു മടുത്തുപോയി...
ചത്താല്‍ മതിയെന്നായി അവര്‍ക്ക്;
ഒത്താലൊന്നിച്ചു പോകാന്‍ കൊതിച്ചു...
- ആ രണ്ടുപേ,രവരൊന്നിച്ചു-
തന്നെയാണിന്നെന്നാകിലും
എന്നുമാവാമൊരാളിന്‍റെ വേര്‍പെടല്‍;
മറ്റെയാളിന്‍റെയൊറ്റപ്പെടലും.