യാത്ര നിര്‍ത്തൂ...
തോണി കരയോടു ചേര്‍ക്കൂ...
ഈയൊരാള്‍ കൂടി-
ഇനി നിന്‍റെ യാത്രയില്‍
കൂട്ടായ് വരട്ടെ...!
രണ്ടു തുഴക,ളവയിലൊന്നു നിന്‍കയ്യില്‍;
മറ്റേതവനു നല്‍കീടുക...
നീയൊരറ്റം;മറ്റേയറ്റമവനും
സൂക്ഷിക്ക;യോജിച്ചു തുഴയുക...
നീയൊരറ്റത്തിരുന്നു തുഴയുമ്പോ-
ളിടയ്ക്കു ചില പാട്ടുകള്‍ പാടുക...
മറ്റെയറ്റം കാക്കുമവനോടു പറയുക-
'ആസ്വദിക്കാന്‍ പാട്ടു പാടുക.'
പാട്ടുകള്‍ക്കിടയിലെ നേരങ്ങളില്‍
കൊച്ചുവര്‍ത്തമാനങ്ങളും പറയുക.
അതില്‍ നിന്‍റെ സന്തോഷസുഖ-
ദുഃഖകാര്യങ്ങളൊക്കെയും പറയുക...
അവന്‍റെ സുഖദുഃഖ വര്‍ത്തമാനങ്ങളെ
സ്നേഹപൂര്‍വ്വം സ്വീകരിക്കുക.
-എല്ലാമറിഞ്ഞും പങ്കുവച്ചും
ഒന്നിച്ചു തുഴയുക നിങ്ങളാനൌക.
യാത്രയില്‍ ഒരു മഴചാറ്റലുണ്ടായാല്‍
നീയവനു കുടയായി മാറുക...
യാത്രയില്‍ പൊരിവെയില്‍ത്തീ വന്നുവെന്നാല്‍
നീയവനു തണലായി മാറുക...
യാത്രയില്‍ നീയവനു സന്തോഷമേകുക;
നീയറിയാതെയൊക്കെയും
തിരികെത്തരും അവന്‍.
എത്രദൂരം ശാന്തമായൊഴുകുമെങ്കിലും-
ഓര്‍ക്കുക;ഉടനെയുണ്ടാകും ചുഴിക്കൊക്കകള്‍.
അതില്‍ വീണുപോകിലും രണ്ടുപേരും
തുഴ,തോണി,യവ ചേര്‍ത്തുവയ്ക്കുക;
അവ നഷ്ടമാകാതിരിക്കുവാനായ് നിങ്ങള്‍
ഹൃദ്ക്കൈകള്‍ കോര്‍ത്തുപിടിക്കുക.
ചുഴി തോറ്റുപോകണം;നിങ്ങളുടെയിച്ഛാ-
ശക്തിയ്ക്കു മുന്നി,ലിഷ്ടത്തിന്നു മുന്നില്‍....!
കരിമേഘക്കൂട്ടങ്ങള്‍ പൊതിയും ചിലപ്പോള്‍,
തെളിമാനമാകെ കരിരാവുപോലാകും!
കണ്ണില്‍ വന്നിരുളങ്ങു മൂടുമപ്പോള്‍;
തമ്മില്‍ കാണാന്‍ കഴിയാതെയാകും!
വഴി,വഞ്ചി,യെല്ലാം അറിയാതെയാകും;
സമയവും വ്യക്തമാകാതെയാകും!
പേടിച്ചിടേണ്ട,ങ്ങുനേരെ നീങ്ങീടുക;
കരിമേഘ,മതു നിഴല്‍ മാറ്റിത്തരും...
തെളിമ നിങ്ങള്‍ക്കായി വീണ്ടും വരും...