2010, മേയ് 31

മതിലുകള്‍




ഒറ്റയ്ക്കുനാലെണ്ണ,മീരണ്ടുചേര്‍ന്നാലുമതുപോലെ-
യെന്നാകി,ലാകെയായ് ചൊല്ലുമ്പൊളെട്ടെണ്ണം...
ദിക്കുകളെട്ടെണ്ണമവയിലും തീര്‍ത്തെനിക്കുചുറ്റുമാ-
യൊട്ടുമേ നീങ്ങുവാനാകാത്തവണ്ണം മതിലുകള്‍....

ഇന്നപോ,ലെന്നി,ല്ലതിന്‍റെ രൂപത്തിനിടയ്ക്കിട-
യ്ക്കുണ്ടാകും വ്യതിയാനങ്ങള്‍ തീര്‍ച്ചയായ്...
കൂടിയും പിന്നെക്കുറഞ്ഞും തിരിഞ്ഞുംമറിഞ്ഞു-
മവയൊന്നാകെയെന്നെ മാറ്റുമൊരു ഭ്രാന്തനായ്...

ഇല്ലില്ല വാതിലുകള്‍ ജാലകങ്ങള്‍ വായുവെട്ട-
ത്തിനായ് പോലുമില്ലിവിടെ ചെറുവഴികള്‍...
എന്നിട്ടുപോലുമിത്രനാള്‍ ജീവിച്ചോരെനി-
ക്കിനിയുമാകില്ലിങ്ങനെ തുടരുവാന്‍...

ഒന്നുകില്‍ തകരണ,മാമതില്‍ക്കെട്ടുക-
ളല്ലെങ്കില്‍ത്തീരണമെന്നിലെ ജീവന്‍...
ചേര്‍ന്നുപോകില്ലൊട്ടുമിനിയുമേറെക്കാല-
മതിന്നുമുന്‍പിതിലൊന്നു നിശ്ചയം തന്നെ!

എന്റെവഴിയേതെന്നു നിശ്ചയിച്ചീടുവാനെന്നെ-
തടഞ്ഞുകൊണ്ടിവിടെയീ ചിന്തതന്‍മതിലുകള്‍-
ചേര്‍ന്നങ്ങുയര്‍ത്തിയൊരുക്കിയോരീ കോട്ട-
പൊട്ടിച്ചെറിയേണ്ടതെന്‍റെയാണാവശ്യം.

പക്ഷെ,യതിന്നുള്ള ശക്തിയെനിക്കില്ല സത്യത്തി-
ലാവശ്യമൊക്കെയും എന്‍റെയാണെങ്കിലു-
മൊരുകുഞ്ഞുമതിലുപോലും കടക്കുവാനിന്നെനി-
ക്കില്ല ശക്തി;അത്രമേല്‍ ദുര്‍ബലന്‍ ഞാന്‍!

കഴിയില്ല!അറിയാ,മിതിങ്ങനെതുടര്‍ന്നാല്‍
എന്‍റെ ഭാവിക്കൊട്ടും തീര്‍ച്ച നല്കീടുവാന്‍...
അറിയി,ല്ലതിന്നു ഞാനെന്തുചെയ്യേണ,മി-
ന്നെങ്ങിനെ മുന്നിലെ മതിലുകള്‍ തകര്‍ക്കും?

വെറുതെയിരിക്കുമ്പോള്‍ സമയങ്ങള്‍ നഷ്ടമായ്-
പ്പോകുന്നുവെന്നതല്ലാ,തെന്തു നേട്ട,മെന്നോര്‍ക്കിലു-
മെനിക്കൊന്നുപോലും തീരുമാനിക്കുവാന്‍
ബുദ്ധിശക്തിയില്ലെന്നതേ സത്യമിന്ന്...!

തകരേണ്ടതാവശ്യമാണാമതിലുക,ളെന്‍റെ-
ഭാവിയതു തകരാതിരിക്കുവാന്‍...
തര്‍ക്കുവാന്‍നോക്കേണ്ട,തെന്‍റെകര്‍ത്തവ്യ-
മതുചെയ്യുവാനാകുമിനിയുള്ള ശ്രദ്ധ.

വെറുതെയങ്ങെരിയിച്ചു തീര്‍ക്കുവാന്‍ വയ്യെനി-
ക്കെന്‍റെ ജീവ,നെന്‍റെ വിലപ്പെട്ട സ്വത്ത്...
ചെയ്യുവാനുണ്ടേറെ കാര്യങ്ങളിവിടെ,യതു
ചെയ്തുതീര്‍ത്തീടുമാ മതിലുകള്‍ തകര്‍ത്തും.

തകരട്ടെ മതിലുകള്‍;പ്രതിബന്ധങ്ങളെല്ലാം
തകര്‍ന്നങ്ങുതീരട്ടെ മനേച്ഛയ്ക്കുമുന്നില്‍...
എട്ടല്ലെണ്ണായിരമാകട്ടെ മതിലുക,ളൊക്കെയും
തകര്‍ന്നങ്ങടിയട്ടെ മണ്ണിന്‍റെ മാറിതില്‍....