2009, നവം 27

സഖിയോട്‌കരയുന്നൂ ഞാന്‍;ഇന്നെന്‍-

കാമുകഹൃദയവും......
നിത്യവും നിശബ്ദമായ്
ഓരോന്നോരോന്നു പറയാനായ്
അരികിലില്ലെങ്കിലും-
അരികിലെന്നപോല്‍,
അവളിരുന്നിട്ടും...
എന്‍റെ-
മനസ്സിലുണ്ടായൊരാ
പ്രണയ വിചാരത്തെ
പറയാന്‍ കഴിയാതെ
ഞാന്‍ കരയുന്നൂ....

ആദ്യം പിണങ്ങിയും
പിന്നീടിണങ്ങിയുമങ്ങനെ-
യിണങ്ങിപ്പിണങ്ങിയൊരു
കാലമന്നുണ്ടായിരുന്നൂ...
അന്നത്തെ ആ കാലം-
അത്,
സൌഹൃദത്തിന്‍റെ സൌന്ദര്യം
എന്തെന്നറിഞ്ഞ കാലം.
അന്നെന്‍റെയുറ്റ ചങ്ങാതിയായ്
എന്നോടൊത്തിരുന്നതാമവളോട്
അതിലേറെയിഷ്ടം തോന്നിയതെന്തോ-
പറയാന്‍ കഴിഞ്ഞില്ലയന്ന്;
ഇതുവരെ
പറയാന്‍ കഴിഞ്ഞില്ലയൊന്നും!

അറിഞ്ഞാലൊരു പക്ഷെ
സൌഹൃദത്തിന്മേല്‍
കരിനിഴല്‍ വീഴുമെന്നോര്‍ത്ത്
പറയാതിരിക്കുന്നൂ ഞാന്‍...
ഇന്ന്-
എന്തെന്തു ചെയ്യേണമെന്നറിയാതെ
കരയുന്നൂ ഞാന്‍;
എന്‍റെ കാമുകഹൃദയവും...

"ക്ഷമിക്കുക നീ സഖീ...
നിനക്കിഷ്ടമായില്ലെന്നാലും,
പരിഭവമില്ലാതെ തുടരുക;
തമ്മില്‍ തുടരുക...സൗഹൃദം...
ഇതുവരെയുണ്ടായതുപോലെ
തുടരുക നീ നിന്‍റെ സൗഹൃദം ....
അല്ലെങ്കില്‍,
നിനക്കിഷ്ട്ടമെങ്കില്‍...
പറയുക നീ നിന്‍റെയിഷ്ടം,
എന്നോട് പറയുക നീ-
നിന്നുള്ളിലെയിഷ്ടം."2009, നവം 24

ദിവസങ്ങളേറെയായ്...


ദിവസങ്ങളേറെയായ്
കാണുന്നതുണ്ടു ഞാന്‍
ഒരു പനിനീര്‍പുഷ്പമാ
തണ്ടിന്‍റെ തുമ്പില്‍.

ദിവസങ്ങളേറെയായ്;
ജനാലകള്‍ തുറക്കവേ,
സുപ്രഭാതം നേര്‍ന്നെന്നെ
പതിവായുണര്‍ത്തുന്നു...

ദിവസങ്ങളേറെയായ്;
ജനാലകളടയ്ക്കവേ,
ശുഭരാത്രി നേര്‍ന്നെന്നെ
ഉറങ്ങാനയക്കുന്നു...

ദിവസങ്ങളേറെയായ്;
അതിനിടയിലെപ്പൊഴും
പ്രണയസ്മരണ തന്‍
ഗന്ധം പരത്തുന്നു...

ദിവസങ്ങളേറെയായ്;
പ്രണയം പറയുവാ-
നൊരു നിമിഷത്തിനായ്
കാത്തു നില്‍ക്കുന്നു ഞാന്‍.

ദിവസങ്ങളേറെയായ്;
'പ്രണയോപഹാരമായ്‌
ആ പൂ കൊടുക്കണോ?'
ചിന്തിച്ചു നിന്നു ഞാന്‍.

ദിവസങ്ങളേറെയായ്;
'ജീവന്‍ തുടിക്കുമാ
പൂ പറിക്കേണമോ?'
ചിന്ത തുടര്‍ന്നു ഞാന്‍...

ദിവസങ്ങളേറെയായ്
അവിടെ നിന്നാപ്പൂവ്
എന്നോട് പലതും
പറയുന്നപോലെ!

ദിവസങ്ങളേറെയായ്
ആ പൂ കൊതിച്ചതൊരു
പ്രണയോപഹാരമായ്‌
മാറുവാനാകുമോ?

ദിവസങ്ങളേറെയായ്
ആ പൂ പറഞ്ഞത്
ഇറുത്തെടുക്കാനും
കൊടുക്കാനുമാകുമോ?

ദിവസങ്ങളേറെയായ്!
ചിന്തിച്ചു നില്‍ക്കാതെ
ഉടനുടന്‍ കാര്യങ്ങള്‍
ചെയ്യാന്‍ കുതിച്ചു ഞാന്‍.

ദിവസങ്ങളേറെയായ്
പറയുവാന്‍ മോഹിച്ച
പ്രണയം പറയുവാന്‍
തീര്‍ച്ചപ്പെടുത്തി ഞാന്‍.

ദിവസങ്ങളേറെയായ്-
വിടര്‍ന്നൊരാ പൂവിനെ
ജനലരികില്‍ നിന്നുഞാന്‍
ഒരു നോക്കു കണ്ടു.

ദിവസങ്ങളേറെയായ്,
ചെറിയോരു തണ്ടിന്മേല്‍
എന്നെയും നോക്കിയാവാം;
ആ പൂവു നിന്നത്!

ദിവസങ്ങളേറെയായ്
കാത്തു നിന്നൊരാ പൂവിനെ
ഇറുത്തെടുക്കാനുടന്‍
തൊടിയിലേക്കോടി ഞാന്‍...

ഹാ കഷ്ടം!...
കണ്ടു ഞാനാ കാഴ്ച:
ദിവസങ്ങളേറെയായ്
ജീവന്‍ തുടിച്ചൊരാ
പൂവതാ കിടക്കുന്നു,
ഇതളുകളടര്‍ന്ന്.....

ഇനിയെന്തു ചെയ്യും?
അവള്‍ക്കെന്തു നല്‍കും?
ദിവസങ്ങളോളമിനിയും
തുടരണോ കാത്തിരിപ്പ്‌?
അതോ അറിയിക്കണോ-
എന്‍റെ പ്രണയമിന്നവളെ?

2009, നവം 5

അവന്‍റെ കാട്


അന്നവന്‍ കുട്ടിയായിരുന്നു
അപ്പോള്‍ അവന്‌
കാട്ടില്‍ പോകാന്‍ പേടിയായിരുന്നു.
പടങ്ങളിലൂടെ കണ്ട കാടിനെ
അവന്‍ ഇഷ്ട്ടപ്പെട്ടിരുന്നു.
എങ്കിലും
നേരിലുള്ളതിനെ ഭയപ്പെട്ടു.

പിന്നെയവന്‍ വളര്‍ന്നു.
അപ്പോള്‍ അവന്‌
കാട്ടില്‍ പോകാന്‍ പേടി മാറി.
മാത്രമല്ല ഇഷ്ടവും കൂടി!
പതിയെ പതിയെ
അവന്‍ ആ കാടിനെ
പ്രണയിച്ചു തുടങ്ങി.

അവന്‍ പിന്നെയും വളര്‍ന്നു.
അപ്പോള്‍ അവന്‌
ആ കാടിനെ മാറ്റുവാന്‍ തോന്നി.
കാട് വെട്ടിത്തെളിക്കപ്പെട്ടു!
മുടി പോയ തല പോലെ
ആ കാട് മാറിപ്പോയി.
മരങ്ങള്‍ ആവശ്യക്കാരെടുത്തു.

അവന്‍ പിന്നെയും വളര്‍ന്നു.
വൃദ്ധനായി;ഒടുവില്‍ മരിച്ചു.
അന്ന് അയാളെ ദഹിപ്പിക്കാന്‍ മാത്രമായി,
അയാളുടെ സ്വന്തമായ
ചന്ദനക്കാട്ടിലെ
ഒന്നു രണ്ടെണ്ണം
മുറിച്ചെടുക്കപ്പെട്ടു.

2009, നവം 3

അതൊഴിച്ച് എന്തും...
അതൊഴിച്ച് എന്തും...
നിനക്കാവശ്യപ്പെടാം
എന്തു തരാനും ഞാനൊരുക്കമാണ് .
ഞാന്‍ താമസിക്കുന്ന വീടോ...
എന്‍റെ സ്വത്തുവകകളോ ...
എന്തും...
അതൊഴിച്ച് എന്തും
നിനക്കായി ഞാനൊഴിയാം.
എന്‍റെ മാതാപിതാക്കളെ...
ബന്ധുമിത്രാദികളെ ...
ഉയര്‍ന്ന വരുമാനം തരുന്ന-
എന്‍റെ ജോലിയെ ...
എന്തും
നിനക്കായി ഞാന്‍ ഉപേക്ഷിക്കാം .

അതൊഴിച്ച് എന്തും
നിനക്കാവശ്യപ്പെടാം .
എന്‍റെ യാത്രകള്‍
നിനക്കായി മാറ്റി വയ്ക്കാം...
കഴിയുന്നത്രനേരം
നിന്നോട് പങ്കിടാം...
നിനക്കുവേണ്ടി
ഭക്ഷണമുണ്ടാക്കിത്തരാം...
നിന്‍റെയെല്ലാ ചിലവുകളും വഹിക്കാം...
എന്തും ഞാന്‍ സഹിക്കാം...
അതൊഴിച്ച് എന്തും...
ഞാന്‍ നിനക്കായി ചെയ്യാം.

'എന്‍റെ ജീവന്‍ നിനക്കായുപേക്ഷിക്കാം'
എന്നു പറയുന്നതിലര്‍ത്ഥമില്ലല്ലോ!
ജീവനില്ലാത്തയെനിക്ക് നിന്നെ കിട്ടിയിട്ടും...
ജീവനില്ലാത്തയെന്നെ നിനക്കു കിട്ടിയിട്ടും...
യാതൊരു കാര്യവുമില്ലല്ലോ!

നിന്നെ വിവാഹം ചെയ്യാന്‍,
എന്നുമൊന്നിച്ചു കഴിയാന്‍,
നമ്മുടെ പ്രണയത്തിനു-
അര്‍ത്ഥമുണ്ടാവാന്‍,
നമ്മെ ചേര്‍ത്തുള്ളതായ -
എന്തിനു വേണ്ടിയും,
അതൊഴിച്ച് എന്തും,
നിനക്കെന്നോടാവശ്യപ്പെടാം.

പ്രിയമുള്ളവളെ...
ഇതൊരു കാമുകന്‍റെ-
രോദനമല്ല...
മറിച്ച്,
ഒരു കവിയുടെയപേക്ഷയാണ്;
കവിതയുപേക്ഷിക്കുന്നതൊഴിച്ചു
മറ്റെന്തും ഞാന്‍ നിനക്കായിചെയ്യാം ...