2011, ഓഗ 6

നോക്കുകുത്തി

കണ്ണുകളുണ്ട്...കാണുവാനാകില്ല...
കാതുകളുണ്ട്...കേള്‍ക്കുവാനാകില്ല...
മൂക്കുണ്ട്...ശ്വാസനിശ്വാസങ്ങളില്ല...
വായുണ്ട്...ഊണി,ല്ലുരിയാടലില്ല...
കയ്യുണ്ട്,കാലുണ്ട്,ദേഹമുണ്ടസ്സലായ്
പക്ഷെ...!
തടയില്ല,നടയില്ല,കാര്യമില്ലൊട്ടുമേ...

തലയുണ്ടുരുണ്ട തല,അതിലൊന്നുമില്ല...
അതു വെറും കളിമണ്‍കുടമൊന്നുമാത്രം!
വയറുണ്ടു,രുണ്ട വയര്‍,അതിലുമില്ലൊന്നും;
ചകിരിതന്‍ചോറി,ന്നുരുളതന്‍ നിറവയര്‍!
കഴിക്കാനറിയില്ല...കളയാനറിയില്ല...

മനസ്സറി,ഞ്ഞൊന്നും ചെയ്യുവാനറിയില്ല...

പ്രകൃതിയാം മാതാവ് കനിഞ്ഞു നീര്‍-
വീഴ്ത്തിയാ,ലപ്പൊളറിയാതൊരു കുളിയുണ്ട്...
കുളിയൊന്നു തീര്‍ന്നാലോ തോര്‍ത്താതെ-
നനകൊണ്ടനില്പി,ലൊരൊറ്റനില്‍പ്പ്!
തനിയെ തോര്‍ത്തീടുവാനറിയാത്ത കക്ഷിയെ
തോര്‍ത്തിക്കൊടുക്കാന്‍ അവിടാരുമില്ല...
ഉടുതുണിക്കില്ലൊരു മറുതുണി,യവ,നതുകൊ-
ണ്ടീറനുടുത്തുകൊണ്ടാണൊരൊറ്റ നില്‍പ്പ്...
പ്രകൃതിയാം മാതാവ് വെയിലായ്,കാറ്റായ് 
തഴുകി,തലോടിയുണക്കുംവരെ,യവിടെ നില്‍പ്പ്! 
പിന്നെയും മാറില്ല,പുതുവസ്ത്രമണിയില്ല
എന്തി,നൊന്നുപോലും നീങ്ങി നില്‍ക്കയുമില്ല.

ആദ്യം നിര്‍ത്തിയോരിടത്തുതന്നെ
നിത്യവും നില്‍ക്കുവാനാര്‍ക്കാവുമിവിടെ...!
ഇത്തിരിയെങ്കിലും ബോധമുണ്ടെങ്കില്‍
ആരും അനങ്ങാതിരിക്കയില്ലിവിടെ...!

എത്രനേരം നില്‍ക്കുമാ ഒറ്റനില്‍പ്പ്...?
'ആവശ്യം കഴിയുവോള',മെന്നതിന്‍ ഉത്തരം.
അതെ...!
ആ പുതിയ വീടിന്‍റെ പണികള്‍ തീരും വരെ
അങ്ങനെ നില്‍ക്കാനാണതിന്നു യോഗം...
പിന്നെയോ?
അറിയില്ല...


കൌതുകം തന്നെ;ജീവനില്ലെങ്കിലും;
പറയാതെ വയ്യ നിന്‍ സഹനശക്തി...
അറിയുവാനുള്ളോരാകാംക്ഷ മാത്രം-
പറയൂ...
പേരെന്തു നിന്‍, ഹേ സഹനശീലാ?

ഉത്തരം കിട്ടി!
അതിന്‍ പേരത്രേ-
"നോക്കുകുത്തി"