2009, ഓഗ 16

ഒരു വ്യത്യാസം
ഒരു കാമുകന്‍ എന്ന നിലയ്ക്ക്
ഉണര്‍ന്നിരിക്കുന്നതിനേക്കാള്‍
ഞാന്‍ ഉറക്കത്തിനെ സ്നേഹിക്കുന്നു.
കാരണം;
അപ്പോള്‍ മാത്രമേ എനിക്ക്,
സുഖമായി സ്വപ്നം കാണാനാകൂ...
അങ്ങിനെയെങ്കിലും
അവളെയൊന്നു കാണുവാനാകൂ...
എന്തുതന്നെ ചുറ്റിലുണ്ടായാലും
ഒന്നുംതന്നെ ശല്യമാകുന്നില്ല.

ഉണര്‍ന്നിരിക്കുമ്പോഴും
സ്വപ്നങ്ങള്‍ക്ക് കുറവില്ല...
പക്ഷെ!
അതിലൊക്കെ
അവളുടെ വരവും പോക്കും
തിടുക്കത്തിലായിരുന്നു.
ചുറ്റിലുമുള്ള കോലാഹലങ്ങള്‍
ആ സ്വപ്നങ്ങളെ തടയുന്നു.
അതുകൊണ്ട് തന്നെയാണ്
ഒരു കാമുകന്‍ എന്ന നിലയില്‍
ഉണര്‍ന്നിരിക്കുന്നതിനേക്കാള്‍
ഉറക്കത്തിനോട് സ്നേഹം.

ഒരു മനുഷ്യന്‍ എന്ന നിലയ്ക്ക്
ഉറങ്ങുന്നതിനേക്കാള്‍
ഉണര്‍ന്നിരിക്കാന്‍
ഞാന്‍ താല്‍പ്പര്യപ്പെടുന്നു.
കാരണം;
അപ്പോഴാണ്‌ എനിക്ക്
ചുറ്റിലുമുള്ള കാര്യങ്ങള്‍
നേരിട്ടു,മല്ലാതെയും
മനസ്സിലാക്കാനാകൂ...
മനസ്സിലാക്കിയാല്‍ മാത്രമേ
വേണ്ടപോലെ ചെയ്യുവാനാകൂ.

ഉറക്കത്തിലായിരിക്കുമ്പോള്‍
ചുറ്റിലെന്തു നടന്നാലും
പെട്ടെന്ന് മനസ്സിലാക്കാന്‍ എനിക്ക് കഴിയുകയില്ല...
മനസ്സിലാക്കിവരുമ്പോഴേയ്ക്ക്
കാര്യങ്ങളൊക്കെ കഴിയാറാകും.
അതുകൊണ്ടുതന്നെയാണ്,
ഒരു മനുഷ്യന്‍ എന്ന നിലയ്ക്ക്
ഉറങ്ങുന്നതിനേക്കാള്‍
ഉണര്‍ന്നിരിക്കാന്‍
ഞാന്‍ ഇഷ്ടപ്പെടുന്നത്.

2009, ഓഗ 4ആഴം
കടലിന്‍റെ ആഴം കരയ്ക്കറിയില്ല
കാറ്റിനറിയില്ല...കടലിനുമറിയില്ല
കടലിനെ കടലാക്കും പുഴയ്ക്കുമറിയില്ല
കായലിനുമറിയില്ല കടലിന്‍റെ ആഴം.
കടലിനകത്തു കഴിയും ജീവികള്‍ക്കും
കരയില്‍ മാത്രമായ്‌ കഴിയുന്നവയ്ക്കും
കഴിയുമോ എന്നറിയുകയില്ലിനി
കടലിന്‍റെ ആഴം എത്രയെന്നറിയാന്‍.

ഒരു പുഴയ്ക്കുണ്ടേറെ ആഴം;അറിയാം
അത് ചേരും കായലിനുമുണ്ടേറെ ആഴം.
അങ്ങിനെയെത്രയോ പുഴകള്‍ ചേരുന്നു;
ഒക്കെയൂഹങ്ങള്‍ക്കുമപ്പുറം ആഴം.
കരയില്‍ നിന്നകലുമ്പൊലെപ്പോഴും
കടലിന്‍റെ ആഴത്തിലുണ്ടാകും മാറ്റം.
ചേര്‍ന്നിരിക്കുമ്പോള്‍ ഇത്തിരിയാമാഴം
അകലുമ്പൊളെത്രയോ അധികമാകുന്നൂ.

ആര്‍ക്കുമറിയില്ല സ്വന്തം മനസ്സിനെ
മനസ്സിന്‍റെ ആന്തരികമായ ആഴത്തെ.
ഒന്നും തിരിച്ചറിയാന്‍ നോക്കുന്നതില്ല,
ആരുമറിയുന്നതില്ല സ്വന്തം പ്രഭാവം.
ഇത്തിരിയൊന്നറിഞ്ഞു കഴിഞ്ഞെന്നാല്‍
ഉണ്ടാകുമേറെയായ് അഹംഭാവഭാവം;
തലയുയര്‍ത്തിക്കൊണ്ട് പാഞ്ഞെത്തിടും;
നഷ്ടങ്ങളപ്പൊള്‍മുതലായ് തുടങ്ങിടും.
ഇത്തിരിയൊത്തിരി ഉയരുമാദ്യം
പിന്നെയോര്‍ക്കാതെ വീഴുമാഴത്തില്‍.

അറിയേണ്ടതുണ്ടു നാം നമ്മുടെ ശക്തി;
അതുപോലെ മറ്റുള്ളവരുടേയും.
ചെയ്യേണമെന്നിട്ട് കാര്യങ്ങളൊക്കെയും
ചെയ്യുവാനാകുന്ന കാര്യങ്ങള്‍ മാത്രം.
ഇല്ലാത്ത കഴിവുകലുണ്ടെന്നു വരുത്തി
സകലതും നേടുവാന്‍ ശ്രമങ്ങള്‍ ചെയ്‌താല്‍
കഴിയില്ല!സത്യം! ഒന്നുമേ നേടാന്‍,അപ്പോള്‍-
അറിയാതെ കഴിയും അഭിമാനമെല്ലാം.
കഴിവിന്‍റെ ആഴമറിഞ്ഞു ചെയ്തീടുക...
അല്ലാത്തതൊക്കെയും മറന്നേക്കുക.
കടലിന്‍റെ ആഴമറിഞ്ഞു ചാടുക,
നീന്തലറിഞ്ഞാലുമില്ലെങ്കിലും.

2009, ഓഗ 3


ഒരു പുസ്തകം
എനിക്ക് ഒരു പുസ്തകം കിട്ടി.

പുസ്തകത്തിന്‍റെ ആദ്യപാഠം
നമ്മള്‍ കണ്ടുമുട്ടുന്നതിനു
മുന്‍പുള്ളതായിരുന്നു.

രണ്ടാമത്തേതില്‍
നമ്മള്‍ കണ്ടുമുട്ടിയതും
സൗഹൃദം പങ്കുവച്ചതും
എല്ലാം വായിച്ചു.

മൂന്നാം അധ്യായത്തിലായിരുന്നു
നമ്മുടെ പ്രണയം പറഞ്ഞിരുന്നത് .
അതു വായിച്ചുവന്നപ്പോള്‍
ദുഃഖങ്ങള്‍ മറക്കാന്‍ പറ്റി.

നാലാം അധ്യായത്തില്‍
നമ്മുടെ വിവാഹം നടന്നതും
കുട്ടികളുണ്ടായതും
അവരെ വളര്‍ത്തിയതും
എല്ലാം പറഞ്ഞിരുന്നു.

അന്‍ജാമത്തെ അധ്യായം
ഏറ്റവും മോശപ്പെട്ടത്!
അതില്‍ നിന്നെക്കൊന്നു...
നമ്മുടെ മക്കളെ കൊന്നു...
എന്നിട്ടും എന്നെ ഒന്നും ചെയ്തില്ല ...

അത്രനേരം വരെയും
സന്തോഷിച്ചിരുന്ന ഞാന്‍
അതോടുകൂടി തളര്‍ന്നു.
ഒന്നിനും വയ്യാതായി...
വായന നിര്‍ത്തി...
എനിക്കു മടുത്തു.

പിന്നെ...
മറ്റൊന്നും തോന്നിയില്ല;
ആ പുസ്തകം
ഞാന്‍ കത്തിച്ചു കളഞ്ഞു.