2009, മേയ് 26

നഷ്ട സ്വപ്നങ്ങൾ


നഷ്ട സ്വപ്നങ്ങള്‍
സ്വപ്നങ്ങള്‍,സ്വപ്നങ്ങളേറെയുണ്ടായിരു-
ന്നൊക്കെയും നഷ്ടസമ്മാനങ്ങള്‍ തന്നു.
സ്വന്ത,മെന്‍ സ്വന്തമെന്നോര്‍ത്തിരുന്നതൊ-
ന്നൊന്നായ് മറ്റുള്ളവര്‍ കൊണ്ടുപോയി.
പറയുവാനാകുമോ ഒക്കെയുമെന്നൊന്നു-
മറിയില്ല,യെങ്കിലും പറയാന്‍ ശ്രമിക്കുന്നു.
പറയുന്ന കാര്യത്തില്‍ കാണുന്ന തെറ്റുകള്‍
മനസ്സാല്‍ മറക്കുക;അറിയാതെയല്ലോ!

അമ്മതന്ന,മ്മിഞ്ഞപ്പാല്‍ കുടിച്ചീടുവാന്‍
അന്നൊക്കെയെപ്പോഴും ഞാന്‍ കൊതിച്ചു.
ഇല്ലില്ല,കിട്ടില്ലയെന്നെന്നുമങ്ങിനെ,യൊ-
രിന്നലെയിലുള്ളപോലിനിയുള്ള നാളെയില്‍.
ഉയരുവാന്‍ മാത്രമായ്‌ കൊതിച്ചു ഞാനെപ്പോഴും
ഉന്നതികള്‍ മാത്രം ലകഷ്യത്തില്‍ കണ്ടു.
ഒരു നാളി,ലറിയാതെ വീഴും നിലത്തെന്ന്
ഒരിക്കലുമോര്‍ത്തില്ല;പക്ഷെ ഞാന്‍ വീണു.

എരിയുന്ന വേനലിലെന്നും കൊതിച്ചു ഞാന്‍
എത്രയും കുളിരുള്ള മഴയൊന്നു വീഴാന്‍.
അതിനെവിടെ കുളി,രൊക്കെയുരുകുന്ന നേരം;
അതിലുരുകി ഞാനു,മെന്‍ ഹൃദയവും അന്ന്.
ഇരുള്‍വീണനാള്‍കളില്‍ ദീപ്തിയെക്കാണാന്‍
ഇടവേളയില്ലാതെ കൊതിച്ചെന്‍റെ മാനസം.
ഉണ്ടായതില്ലൊ,രുവേളപോലുമെന്നുള്ളിന്‍റെ-
ഉള്ളില്‍ ഞാന്‍ മോഹിച്ച വരവുകള്‍.

ഒടുവിലിന്നേറെനാ,ളേറെ കഴിഞ്ഞു;
ഒന്നുമായില്ല ഞാ,നെന്നുമറിഞ്ഞു.
എന്‍റെ മോഹങ്ങളാണെന്‍റെ സ്വപ്നങ്ങളായ്
എന്നെ കൊതിപ്പിച്ചതെന്നുമറിഞ്ഞു.
കരയുവാന്‍ തോന്നി;കരഞ്ഞില്ല പക്ഷെ;
കരഞ്ഞിട്ടു കാര്യമിനിയെന്തുണ്ടു നേരില്‍.
ചലിക്കുന്ന ഭൂമിയും സമയവു,മൊക്കെയും
ചലിക്കാതിരിക്കുമോ പറയുന്നപോലെ.

തലയൊന്നു നേരെ പിടിച്ചു ചിന്തിക്ക;
തടസങ്ങള്‍ മാറ്റുവാനുള്ളതാം വഴികള്‍.
പറയുന്ന പോലത്രയെളുപ്പമല്ലൊട്ടുമേ
പഥികന്നുപാതയില്‍ സുഖമായ്‌ ചലിക്കാന്‍.
സ്വപ്നങ്ങള്‍ കാണാം;തടസ്സമില്ല...
പക്ഷെ,നേടുന്നതൊന്നേ കൊതിച്ചിടാവൂ.
സ്വയ,മെന്നുമീ ഞാനനുഭവിച്ചിട്ടു-
പറയുന്നതാണ,'രുതേറെകൊതിക്കല്‍'.

2009, മേയ് 21


സ്നേഹപൂര്‍വ്വം രൂപച്ചേച്ചിക്ക്...
ആ നിമിഷത്തിന്‍റെ ധന്യതയില്‍
ആരംഭമിട്ടതാണാലാപനം.
യമുനയും ഗംഗയുമൊഴുകുന്നപോല്‍
നീയൊഴുകീ ഗാനതരംഗിണിയായ്.
മായതന്‍ ലോകം മന്ചലൊരുക്കി
കിടന്നുറങ്ങാന്‍ നിന്നെ വിളിച്ചെന്നിരിക്കും;
പ്രായമേതായാലും പരവശമെന്നാലും
പാടിയിട്ടല്ലാതുറങ്ങരുതൊരിക്കലും.
ശാരികപ്പൈതല്‍ ജപംചെയ്യുന്നപോലെ
ഈശ്വരചിന്തയെന്നുമുള്ളിലുണ്ടാകണം.
താനേ തിരിയുന്ന ഭൂവിലെ കേവലം-
മാറുന്ന നിമിഷങ്ങള്‍ കളയാതെ നോക്കണം.
രാവിലും പകലിലും നിമിഷങ്ങള്‍കളയാതെ
രാഗവീണമീട്ടി നീ ഗാനങ്ങള്‍ പാടണം.
സുന്ദരരാവുക,ളുതിരുംപോല്‍ സ്നേഹ -
ക്കുളിരു നല്‍കേണം നീയര്‍ഹര്‍ക്കെന്നും.
കൈകാല്‍ ദേഹങ്ങള്‍ തളര്‍ന്നിരിക്കുന്നോര്‍ക്ക്
താങ്ങായി,ജീവിതം മുന്നോട്ടു നീക്കണം.
വാസന്തശിശിരഹേമന്തനാള്‍കളില്‍
വാടാതെ നില്‍ക്കണം,പുണ്യം പുലര്‍ത്തണം.
താമരപ്പൂവുപോല്‍ വിരിഞ്ഞുനില്‍ക്കേണം
പുതുവിഭാതതരംഗരശ്മിയേല്‍ക്കുമ്പോള്‍;
കാണാതംബുരുമീട്ടി സ്വരങ്ങള്‍പാടിയാലോക -
പ്രകൃതി,നവകാലത്തെ വരവേല്‍ക്കുമ്പോള്‍.
കുഞ്ഞിനെമാറോടണയ്ക്കുന്നൊരമ്മ പോല്‍,
സംഗീതമാകുന്ന പൈതൃകശിശുവിനെ
മാറോടു,മനസ്സോടു ചേര്‍ക്കേണം എന്നാളും;
ഇടറിവീഴാതെ പുതു വഴിയെ ചലിക്കണം .
മൌനമായെന്നാലും ,മൂളിയാണെങ്കിലും
നിന്‍റെ ഗാനങ്ങളീ ഗാനപ്രപന്ചത്തില്‍
എന്നുമെന്നും കേള്‍ക്കുവാനായിടേണം.

ഞാന്‍ മരിച്ചുകഴിഞ്ഞു...
ഞാന്‍ മരിച്ചു കഴിഞ്ഞു-
വെങ്കിലും വേണം കിടക്കാന്‍
ആറടിയോളം മണ്ണ്...
ഞാന്‍ മരിച്ചു കഴിഞ്ഞു-
വെങ്കിലും വേണം കിടക്കാന്‍
വിറകു കെട്ടിയൊരുക്കിയ കട്ടില്‍...

ഞാന്‍ മരിച്ചു കഴിഞ്ഞു-
വെങ്കിലും വേണം പുതയ്ക്കാന്‍
കോടിപ്പുതപ്പൊന്നു വേഗം...

ഞാന്‍ മരിച്ചു കഴിഞ്ഞു-
വെങ്കിലും വേണം ചൂടൊന്നു
കിട്ടുവാന്‍,ചുറ്റിലും തീ കൊടുക്കൂ ...

ഞാന്‍ മരിച്ചു കഴിഞ്ഞു-
വെങ്കിലും വേണം ഉറങ്ങാന്‍
കോലാഹലങ്ങളൊഴിഞ്ഞ നേരം...

ഞാന്‍ മരിച്ചു കഴിഞ്ഞു-
വെങ്കിലും വേണം ഉറങ്ങാന്‍
മനസ്സിന്നു സ്വസ്ഥതയെന്ന കാര്യം...

അതുകൊണ്ട് നിര്‍ത്തുക കരച്ചിലുകള്‍...
നിര്‍ത്തുക മൊത്തമായേങ്ങലടികള്‍...
ഞാന്‍ മരിച്ചു കഴിഞ്ഞതല്ലേ...?
ഞാന്‍ മരിച്ചു കിടക്കുകയല്ലേ...?
ഇനിയുമെന്തിനു വെറുതെയെന്‍-
പേരില്‍ പുതുതായേറെ പുലമ്പലുകള്‍.
മരിച്ചോ,രെനിക്കെങ്കിലു-
മല്‍പം തരൂ സ്വസ്ഥത.

2009, മേയ് 20

നാളേയ്ക്കായ്‌...

നാളേയ്ക്കായ്‌...
കാണുവാന്‍ കൊതിച്ച,കണ്ട കാഴ്ചകള്‍ക്കുമപ്പുറം...
കേള്‍ക്കുവാന്‍ കൊതിച്ച, കേട്ട ആരവങ്ങള്‍ക്കപ്പുറം...
ഏറെയുണ്ടിവിടെ നാം കാണാത്ത കാഴ്ചകള്‍
ഇതുവരെയുമൊട്ടും കേള്‍ക്കാത്ത രോദനങ്ങള്‍.
വിജനമാം വീഥിയെന്നോര്‍ത്ത് നാം നീങ്ങവേ
വഴിയരികില്‍ നിന്നും ഉയര്‍ന്നിടും വിളികള്‍
കൊടിയ ദുരിതങ്ങള്‍,വിധിയെന്ന പേരില്‍ -
കൊടുക്കുമ്പോള്‍ കേള്‍ക്കുന്ന നിലവിളികള്‍

വിജയങ്ങള്‍ നേടുവാന്‍ മാത്രമായ്‌ നീങ്ങവേ
വിളിയൊന്നു കേള്‍ക്കണം അടുത്ത് ചെല്ലേണം
'കരയണ്ട,കൂട്ടുണ്ട് ഞാന്‍'എന്ന് ചൊല്ലേണം
കണ്ണുനീര്‍ തുള്ളികളുടയ്ക്കണം നേരില്‍...

ഇന്നലെകളില്‍ കണ്ട കാഴ്ച്ചകള്‍ക്കപ്പുരം
ഇനിവരും നാളെയില്‍ കാണുവാനാകട്ടെ
ഇതുവരെക്കേട്ടതാം കാര്യങ്ങള്‍ക്കപ്പുറം
ഇനിയുള്ള നാള്‍കളില്‍ കേള്‍ക്കുവാനാകട്ടെ

ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യേണ്ട നേരത്ത്
കൃത്യമായ്‌ ചെയ്യുവാന്‍ കഴിഞ്ഞിടട്ടെ!
പലതവണയൊന്നാമതെത്തിയെന്നാലും
തൊട്ടുതീണ്ടാതിരിക്കട്ടെയഹങ്കാരമൊട്ടും...

തെളിയട്ടെ,തെളിയട്ടെയിനിയുമിനിയും
സ്നേഹകാരുണ്യജ്വാലകള്‍ശക്തിയോടെ ...
നൊമ്പരപ്പാട്ടിന്‍റെ അന്ത്യത്തിനായ്ക്കൊണ്ട്
ഉണരട്ടെ,യുയരട്ടെ മധുര സംഗീതങ്ങള്‍...

നിറയട്ടെ നിറയട്ടെ സകലിടവുമൊരുപോലെ
ഒരുമകുസുമത്തിന്‍റെയുല്‍കൃ‌ഷ്ടപരിമളം
മായട്ടെ മറയട്ടെ ദുരന്തദുരിതങ്ങള്‍...
പുലരട്ടെ സന്തോഷസുദിനങ്ങളെന്നും...

പടനായകന്‍ഞാന്‍ പടനായകന്‍.
ഒരുപാട്‌ പേരുണ്ട് യുദ്ധങ്ങള്‍ ചെയ്യുവാന്‍
മുന്നോട്ടു നീങ്ങുവാന്‍ എന്‍റെകൂടെ.
കണ്ണാണ്...കാതാണ്...
കയ്യാണ്...കാലാണ്
മൂക്കാണ്...വായാണ്...
പലതുമാണവരെന്‍റെ...
അവരുണ്ട് യുദ്ധങ്ങള്‍ ചെയ്യുവാന്‍
വിജയങ്ങള്‍ നേടുവാന്‍...
മുന്നോട്ടു നീങ്ങുവാന്‍ എന്‍റെകൂടെ.
-ഇത് പഴയ കാര്യം.

ആയിരുന്നു ഞാന്‍;
പടനായകന്‍.
ഉണ്ടായിരുന്നു ഒരുപാടുപേര്‍
യുദ്ധങ്ങള്‍ ചെയ്യുവാന്‍...
മുന്നോട്ടു നീങ്ങുവാന്‍ എന്‍റെകൂടെ .

ഓരോ നിമിഷവും യുദ്ധങ്ങള്‍...
കാലം തിമിര്‍ക്കുന്ന യുദ്ധങ്ങള്‍...
ആ യുദ്ധങ്ങളില്‍പ്പെട്ട്
ചലനമറ്റൂ എന്‍റെ കൂടെ ഉള്ളോര്‍.
ഇപ്പോഴുമവരെന്‍റെ കൂടെയുണ്ടെങ്കിലും
കാര്യമില്ല,വരൊക്കെ ജീവന്‍ വെടിഞ്ഞു.
ഇന്നു ഞാന്‍ കാത്തു കഴിയുന്നു;
ഉള്ളിലെ പ്രാണന്‍ കൊതിക്കുന്നു മൃത്യു .
എന്നെവിട്ടകലേയ്ക്കു പോകുവാന്‍
എന്‍റെ പ്രാണന്‍ കുതികൊള്ളുന്നു ഇന്ന്.
-ഇത് പുതിയ കാര്യം.

മരണമെന്നെ മണ്ണിലേയ്ക്കിറക്കിയാലും
സ്ഥാനമെന്നില്‍നിന്നുമകലുകില്ല...
ഞാന്‍ എന്നും പടനായകന്‍.
എനിക്കെന്നുമുന്‍ടേറെ കൂട്ടാളികള്‍.
കുഴിവെട്ടിയതിലിട്ടു മൂടിയാലും...
കൊള്ളിമേല്‍വച്ചിട്ടു ദഹിപ്പിച്ചാലും...
ഞാനു,മെന്‍ കൂടെ പടവെട്ടിയോരും
ഒന്നിച്ചു മാത്രമേ യാത്രയാകൂ.
വെവ്വേറെ കൂട്ടരാണെന്‍കിലുമൊന്നാ -
ണെന്നിലുമവരിലുമൊഴുകുന്ന ചോര-
യെന്നതിനാലെഞങ്ങളെ മാറ്റിയിട്ടാലും
കൂടിച്ചേര്‍ന്നിടുമന്ത്യനിമിഷത്തിലെങ്കിലും.
-ഇത് ഭാവി കാര്യം.

പിന്നെ പുകയോ വളമോ...
ആകും ഞങ്ങള്‍.
മാനമോ പാതാളമോ...
ആകും പടനിലം.
അപ്പോള്‍ സ്ഥാനങ്ങള്‍ മാറുമോ...?
അപ്പോഴുമൊന്നിച്ചുതന്നെയാവുമോ...?
അറിയില്ല...
-സത്യത്തിലക്കാര്യമജ്ഞാതം...

2009, മേയ് 19

ഉരുകുന്ന മാതൃഹൃദയം
ഞാനെന്‍റെ ജോലിയോടനുബന്ധമായ്‌
നാട്ടിന്‍പുറത്തിന്‍റെ മടിയില്‍ഉറങ്ങവേ,
'മകനേ നീയെന്തിത്ര വൈകി'യെന്നോതി
പാവമൊരു മാതാവെന്‍ അരികില്‍ വന്നു.
ജോലിസംബന്ധമായ്‌ പണ്ടോരുനാളില്‍
ദൂരെയെവിടെയ്ക്കോ പോയതാണാ മകന്‍.
പിന്നീടൊരിക്കലും തിരികെ വന്നില്ലവന്‍
അറിഞ്ഞോ,അറിയാതെയോ? അറിയില്ല.

ജീവിച്ചിരിക്കുന്നുണ്ടാവുമോ ആ മകന്‍!
ഉരുകുന്ന മാതൃഹൃദയത്തിന്‍റെ ഏകമകന്‍!
ഉണ്ടായിരുന്നെങ്കിലെന്തിരുന്നാലും വന്നേനെ
ആ സ്നേഹനിധിയാം അമ്മയെക്കാണാന്‍.
ഇല്ലെന്നുതന്നെ ഞാന്‍ കരുതിടുന്നു
ആ മകന്‍ ലോകത്തിലൊരു കോണിലും.
അവനെക്കുറിച്ചൊന്നുമറിയാതെയിന്നും
വരുമെന്ന് കരുതി കാത്തിരിക്കുന്നു അമ്മ.

അവനിഷ്ടമുള്ളതാം ആ പയ്യിന്‍പാല്
അവനെന്നുകരുതീയെനിക്കു നല്‍കി;
ഇഷ്ടമല്ലെങ്കിലും വാങ്ങിക്കുടിച്ചു ഞാനാ-
മാതൃഹൃദയത്തിന്‍ സ്നേഹം ഒന്നോര്‍ത്ത്.
അവിടെയെന്‍ ജോലിയത് തീര്‍ത്തു മടങ്ങവേ
പരതി ഞാനവിടെയെല്ലാമാ സ്നേഹനിധിയെ.
കാണുവാനായില്ല;വന്നു കാണില്ല!
കാത്തുനില്‍ക്കാതെ ഞാന്‍ യാത്രയായി.

മകനെയും കാത്തിരിക്കുന്നൊരാ അമ്മയെ
ഓര്‍ത്തുകൊണ്ട്;പ്രാര്‍ത്ഥിച്ചു ഞാനവര്‍ക്കായ്‌
എത്രയും വേഗം മകന്‍ തിരികെയെത്താന്‍
ഉരുകുന്ന ഹൃദയത്തില്‍ കുളിരു നിറയാന്‍.

പരിഭവത്തോടെ ,വാത്സല്യത്തോടെയാ അമ്മ
അന്നത്തെ രാത്രിയില്‍,എന്റെ സ്വപ്നത്തില്‍ ,
'പറയാതെ പോയതെന്തേ മകനേ?'
'ഇനിയെന്നു നീ വരുമെന്‍ മകനേ?',
എന്നുള്ള ചോദ്യങ്ങളോടെയെന്നരികില്‍ വന്നു;
ഒരു താരാട്ട് പോലെയെന്‍ ചെവിയില്‍ മൂളി.
ആ രാത്രി നീങ്ങി,പകലൊന്നു വന്നപ്പോള്‍
ആ സ്വപ്നവും,അമ്മതന്‍ ചോദ്യങ്ങളും
മനസ്സില്‍ മായാതെ നിലനിന്നിരുന്നു...
മറഞ്ഞു നിന്ന ചിന്തയുമൊപ്പമുണര്‍ന്നു.
ഏറെനാളായി അകലെയായ്‌ കഴിയുന്ന
എന്നെയുമോര്‍ത്തോരമ്മയുമച്ഛനും
മറ്റൊരു നാട്ടിന്‍പുറത്തിന്‍റെ തണലില്‍
മകനെയൊന്നു കാണാന്‍ കാത്തിരിക്കയാവും!

അവിടെ മകനെയുമോര്‍ത്തിരിക്കുന്നൊരാ-
മാതൃഹൃദയം പോലെ,നന്നായുരുകുകയാവും
എന്‍റെ നാട്ടിലെന്‍ അമ്മയുമച്ഛനും
പ്രിയമകന്‍റെയാ വരവും കാത്തിരിക്കയാവും!
സ്വയമോര്‍ക്കേണ്ടതെങ്കിലും ഓര്‍ക്കാതെ
അറിയാതെ മറന്നു വച്ച പുത്രകര്‍ത്തവ്യം
ഓര്‍മിക്കുവാനെന്നെ ഏറെ സഹായിച്ച
ഉരുകുന്ന മാതൃഹൃദയമേ നന്ദി!

കാലമൊരുക്കുന്നതാം തിരക്കുകള്‍ മറന്ന്
മാതാപിതാക്കളെയറിയാന്‍,മകനാകാന്‍
അറിയാതെയെങ്കിലും എന്നെ സഹായിച്ച
ഉരുകുന്ന മാതൃഹൃദയമേ നന്ദി!


(ശ്രീ മമ്മൂട്ടിയുടെ ഏതാനും അനുഭവങ്ങളുടെയും ചിന്തകളുടെയും ലഘുസമാഹാരം - കാഴ്ചപ്പാട്. അതിലെ പത്താമത്തെ ലേഖനം-മക്കള്‍ക്കായ്‌ ഉരുകിത്തീര്‍ന്ന മാതൃഹൃദയം-തന്നെയാണ് ഇത്.)

2009, മേയ് 18

കളിപ്പാട്ടം

 പ്രായം എതാണ്ട് അഞ്ചോ ആറോ കാണും. വളരെയേറെ അവശനാണ്. അവന്‌ അച്ഛനാരെന്നറിയില്ല; അമ്മയാരെന്നറിയില്ല ; കൂടപ്പിറപ്പുകളോ മറ്റ് സ്വന്തക്കാരോ ആയിട്ട് ആരെങ്കിലുമുണ്ടോ എന്നും അറിയില്ല. അവന്‍റെ അച്ഛനും അമ്മയും എല്ലാം തെരുവായിരുന്നു.

അതെ!
അവരിലൊരാള്‍.
ആരില്‍?
തെരുവിന്‍റെ സന്തതികളില്‍ ഒരാള്‍.

അവന്‍റെ പെരെന്തെന്നറിയില്ല എനിക്ക്. അതുകൊണ്ടിവിടെ അവനെ 'തെരുവിന്‍റെ സന്തതി' എന്ന് സൂചിപ്പിക്കുന്നു.

അമ്മയുടെ നെഞ്ചിന്‍റെ ചൂടവന്‍ അറിഞ്ഞിരിക്കുമോ? മുലപ്പാലിന്‍റെ രുചി നുകര്‍ന്നിട്ടുണ്ടാവുമോ അവന്‍? എന്നെങ്കിലും അവര്‍ പാടിയ താരാട്ട് കേട്ട് അവന്‍ ഉറങ്ങിയിരിക്കുമോ? അച്ഛന്‍റെ സ്നേഹവാത്സല്യങ്ങള്‍ അറിഞ്ഞിട്ടുണ്ടോ അവന്‍? ഉണ്ടാവില്ല. കാരണം അവനെ ആരോ ജനിപ്പിച്ച്, അവരാല്‍തന്നെയാകാം, ഉപേക്ഷിച്ചതാണ്. പിന്നെങ്ങിനെ ഈ അഞ്ചാറു വയസ്സ് വരെ...! മറ്റാരെങ്കിലും അവനെ രക്ഷിച്ചോ?
അതെ. അതുതന്നെ കാര്യം.

തെരുവിന്‍റെ ആ കൊച്ചനാഥബാലനെ, തെരുവിന്‍റെ തല മുതിര്‍ന്ന സന്തതികള്‍ രക്ഷിച്ചു. അവനോടുള്ള ഇഷ്ടം കൊണ്ടോ? ഇഷ്ടമുണ്ടാകാം! പക്ഷെ പ്രധാനമായും അതല്ല.
തെരുവിന്‍റെ തല മുതിര്‍ന്ന സന്തതികള്‍ക്ക്‌, 'അവനെ ആവശ്യം വരും' എന്നറിയാമായിരുന്നു. കാരണം അവന്‍റെ പ്രായത്തിലുള്ള മറ്റു കുട്ടികള്‍ ദിവസേന സമ്പാദിക്കുന്നത് അല്ലറ-ചില്ലറ പണമൊന്നുമല്ലായിരുന്നു എന്നതുതന്നെ.

അങ്ങനെ അവന്‍ അഞ്ചാം വയസ്സില്‍ ഭിക്ഷാടനം തുടങ്ങി. പലപലവീടുകള്‍ കയറിയിറങ്ങി. പലരുടെ, വീട്ടിലും പുറത്തും മുന്നിലും കൈനീട്ടി. ചിലര്‍ പണം നല്‍കി, ചിലര്‍ ഭക്ഷണം നല്‍കി. ചിലരോ പരിഹാസം നിറഞ്ഞ ചിരി മാത്രം നല്‍കി. ചിലരോ ആട്ടിപ്പായിച്ചു.

സ്നേഹമുള്ളവര്‍ സഹായം നല്‍കുന്നു.
സ്നേഹമില്ലാത്തവര്‍ അകറ്റിനിര്‍ത്തുന്നു.

എത്ര അവശനായാലും അവനൊരിക്കലും ജോലിയില്‍ മുടക്കം വരുത്താന്‍ തോന്നിയിട്ടില്ല. കാരണം, ഒരു നിശ്ചിതതുക നേടാതെ ചെന്നാല്‍ അനുഭവം കഠിനമാകും.ഭക്ഷണം കുറവാകും. അത് മിക്കവാറും പതിവാണ്. ചെറിയ കുട്ടികളെ തല മുതിര്‍ന്ന മക്കള്‍ നന്നായി മുതലാക്കും. അവര്‍ക്ക് കൃത്യമായി എണ്ണാന്‍ അറിയില്ലല്ലോ! അവനും അങ്ങിനെ തന്നെ. എല്ലാം സഹിച്ചുകഴിയുന്നു തെരുവിന്‍റെ സന്തതിയും അവനെപ്പോലുള്ള മറ്റു ചിലരും. അല്ലാതെന്തു ചെയ്യാന്‍?

ന്‍റെ തൊഴിലിനിടയില്‍ ഒരു ദിവസം അവന്‍ കയറിച്ചെന്നത്‌ സ്ഥലത്തെ ഒരു പ്രധാനിയുടെ വീട്ടില്‍. ഗേറ്റ് കടന്നുചെന്ന അവനെ വരവേറ്റത് അത്ഭുതപ്പെടുത്തുന്ന ചില കാഴ്ചകളാണ്. എന്തിനോ വേണ്ടി അവന്‍ കൊതിച്ചു. സ്വയമറിയാതെ അവന്‍ വീടിനെ ലക്ഷ്യമാക്കി നടന്നു.

അവന്‍റെ മുഖത്ത് അത്രയേറെ അമ്പരപ്പുണ്ടാവാന്‍ കാരണം ചില കളിപ്പാട്ടങ്ങളാണ്. ആ വലിയ വീടിന്‍റെ വരാന്തയില്‍ ഒരു കുട്ടിയിരുന്നു കളിക്കുന്നു. പ്രായം തെരുവിന്‍റെ സന്തതിയേക്കാള്‍ കുറവാകും എന്ന് തോന്നുന്നു. പണത്തിന്‍റെ സന്തതിയുടെ കയ്യിലും ചുറ്റുമായി വച്ചിരിക്കുന്ന കളിപ്പാട്ടങ്ങള്‍ തെരുവിന്‍റെ സന്തതിയെ സംബന്ധിച്ചിടത്തോളം പുതുമയുള്ളതായിരുന്നു. കീ കൊടുത്താല്‍ തിരിയുന്ന പാവ, പാട്ട് പാടുന്ന പാവ, ചെണ്ട കൊട്ടുന്ന പാവ, നൃത്തം ചവിട്ടുന്ന പാവ, വലിച്ചുവിട്ടാല്‍ കുറെ ദൂരം പായുന്ന വാഹനങ്ങള്‍, തലകുത്തിമറിയുന്ന വാഹനങ്ങള്‍.... അങ്ങിനെയങ്ങിനെ പലതരം കളിപ്പാട്ടങ്ങള്‍.

തെരുവിന്‍റെ സന്തതിയുടെ മനസ്സ് അവയിലൊന്നിനായി, എല്ലാത്തിനുമായി കൊതിച്ചു. മനസ്സിനേക്കാള്‍ പതുക്കെയെങ്കിലും അവന്‍റെ പാദങ്ങള്‍ വരാന്തയിലേക്കു കയറി, മറ്റേ കുട്ടിയുടെ സമീപത്തുചെന്നുനിന്നു. അവന്‍റെ കുഞ്ഞുകരങ്ങള്‍ കളിപ്പാട്ടങ്ങളില്‍ ഒന്നിനെയെടുത്തു - ചെണ്ട കൊട്ടുന്ന പാവ. കീ കൊടുക്കാന്‍ അവനറിയില്ല. അവന്‍ പാവയുടെ കൈകള്‍ പൊക്കിയും താഴ്ത്തിയും ചെണ്ടകൊട്ട് തുടങ്ങി. അതിനുമുന്‍പുതന്നെ പണത്തിന്‍റെ സന്തതി തന്‍റെ പാട്ടുകച്ചേരി തുടങ്ങിയിരുന്നു. അതിന്‍റെ കരച്ചിലൊന്നും, തെരുവിന്‍റെ സന്തതിയെ ബാധിച്ചില്ല. അവന്‍ ഓരോന്നോരോന്നായി മാറിമാറിയെടുത്ത്‌ കളിച്ചുകൊണ്ടിരുന്നു.

മകന്‍റെ കരച്ചിലുകേട്ട് അങ്ങോട്ടോടിവന്ന പണക്കാരനും ഭാര്യക്കും ആ കാഴ്ച കണ്ടു ദേഷ്യം വന്നു. പ്രായത്തിന്‍റെ യാതൊരുവിധ പരിഗണനയും കിട്ടിയില്ല. പണക്കാരന്‍റെ അടിയേറ്റ് പാവത്താന്‍ മുറ്റത്തെത്തി. മറ്റയാളെ ആ സമയത്തിനകം അമ്മ നെഞ്ചോടുചേര്‍ത്ത് ആശ്വാസമേകി. മുറ്റത്തേക്ക്‌ തെറിച്ചുവീണിട്ടും കയ്യിലുണ്ടായിരുന്ന കളിപ്പാട്ടം അവന്‍ വിട്ടില്ല. പണക്കാരന്‍ അത് ബലമായി പിടിച്ചുവാങ്ങി. എന്നിട്ട് അവനെ തൂക്കിയെടുത്തുകൊണ്ടു ഗേറ്റിനു വെളിയില്‍ കൊണ്ടിട്ടു. ഗേറ്റ് അടച്ചു.

അവന്‍ ഗേറ്റിനടുത്തുനിന്ന് കുറച്ചുനേരം കരഞ്ഞു. ആരുകേള്‍ക്കാന്‍ അവനെപ്പോലുള്ളവരുടെ രോദനങ്ങള്‍? കേട്ടിട്ട് എന്ത് ചെയ്യാന്‍? പതിയെ ദുഃഖമൊതുക്കി അവിടെനിന്നും നടന്ന് അവൻ വീണ്ടും തന്‍റെ തൊഴിലിലേക്ക് കടന്നു. ആ ഭാഗത്ത് മറ്റൊരു വീട്ടിലും അവന്‍ കയറിയില്ല. നടത്തം മാത്രം. അതിനിടയില്‍ കിട്ടുന്നതുകൊണ്ട് അവന്‍ തൃപ്തിപ്പെട്ടു.

നടത്തത്തിനിടയില്‍ അവന്‍ മറ്റൊരു കാഴ്ച, വേറൊരു വീട്ടില്‍ കണ്ടു. ഒരു ചെറിയ കൊച്ചിനെ അമ്മ താരാട്ട് പാടി ഉറക്കാന്‍ ശ്രമിക്കുന്നു. ഉറങ്ങാന്‍ മടികാട്ടുകയും,കരയുകയും ചെയ്യുന്ന ആ കുഞ്ഞിനെ, കിലുങ്ങുന്ന ഒരുതരം കളിപ്പാട്ടം കാട്ടി അമ്മ ചിരിപ്പിക്കാന്‍ ശ്രമിക്കുന്നു. ഗേറ്റിനു വെളിയില്‍നിന്ന് ഈ കാഴ്ച കണ്ടപ്പോള്‍ അവനും കൊതി തോന്നി. താരാട്ട് കേള്‍ക്കാനല്ല; പാട്ടുകേട്ട് ഉറങ്ങാനല്ല; സ്വന്തമായൊരു കളിപ്പാട്ടത്തിന്!

തെരുവിന്‍റെ സന്തതിക്ക് മോഹിക്കാം എന്നല്ലാതെ, മോഹിക്കുന്നതെല്ലാം നേടാന്‍ സാധിക്കുമോ? നേടാന്‍ പറ്റാത്തത് മോഹിക്കാനുള്ള അര്‍ഹതയുണ്ടോ തെരുവിന്‍റെ സന്തതിക്ക്?

ഒരു വീട്ടിലും അവന്‍ പിന്നെ കയറിയില്ല. ലക്‌ഷ്യം - അവിടേക്ക് ഇനിയും ദൂരം. അവന്‍ നടത്തം തുടര്‍ന്നു. ആ ദിവസത്തെ അനുഭവം ഊഹിക്കാവുന്നതേയുള്ളൂ. പക്ഷെ, അതൊന്നുമായിരുന്നില്ല അവന്‍റെ മനസ്സില്‍. സ്വന്തമായൊരു കളിപ്പാട്ടം നേടുന്നതെങ്ങിനെ എന്നുള്ള ചിന്തയായിരുന്നു അവന്‍റെയുള്ളില്‍ നിറയെ.

നേരം സന്ധ്യയാകാറായി. അത്രയും നേരത്തിനിടക്ക് കാര്യമായിട്ടെന്തെങ്കിലും അവന്‍ കഴിച്ചിട്ടുണ്ടെന്നു എനിക്ക് തോന്നുന്നില്ല. നടത്തത്തിനിടയില്‍ അവന്‍ പെട്ടെന്നുനിന്നു, ഒരു ചവറുകൂനയ്ക്കരികെ. അവിടെയെന്തോ കണ്ടു അവന്‍.
എന്താകും?

അവിടെയതാ, ആ ചവറിനിടയില്‍, ഒരു കളിപ്പാട്ടക്കഷ്ണം - പായുന്ന കളിപ്പാട്ടക്കാറിന്‍റെ രണ്ടു ചക്രങ്ങളും കമ്പിയും. അവന്‍ ഉത്സാഹപൂര്‍വം അതെടുത്തു. നിലത്ത്‌ ഉരുട്ടിക്കളിച്ചു. കയ്യിലെടുത്ത്‌ ഓടിച്ചുനോക്കി. പെട്ടെന്ന് അവന്‍ എന്തോ ഓര്‍ത്തിട്ടെന്നവണ്ണം കളിനിര്‍ത്തി. ആ കളിപ്പാട്ടക്കഷ്ണം പലരീതിയില്‍, പലവട്ടം നോക്കി. എന്നിട്ട് ദുഃഖം നിറഞ്ഞ ചിരിയോടെ ആ കളിപ്പാട്ടക്കഷ്ണം കൂനയിലേക്കുതന്നെ തിരിച്ചെറിഞ്ഞു. അവന്‍ നടന്നു. അവന്‍റെ കൊച്ചുമിഴികള്‍ നിറഞ്ഞിരുന്നു. ആ മനസ്സ് കരയുകയായിരുന്നു.

എന്തിനാണ് അവന്‍ ആ കളിപ്പാട്ടക്കഷ്ണം ചവറുകൂനയിലേക്കു തന്നെ തിരിച്ചെറിഞ്ഞത്?
കൃത്യമായി പറയാന്‍ എനിക്കറിയില്ല. ഒരുപക്ഷെ, അത് കൂനക്ക് തന്നെ അര്‍ഹതപ്പെട്ടതാകാം എന്നവന് തോന്നിയിരിക്കാം. അല്ലെങ്കില്‍ അവനത്‌ ഒട്ടും അര്‍ഹതപ്പെട്ടതല്ലായെന്ന് തോന്നിയിരിക്കാം.

മോഹവും ദുഖവും ഉള്ളിലൊതുക്കി തെരുവിന്‍റെ സന്തതി തന്‍റെ ലക്ഷ്യസ്ഥാനത്തേയ്ക്ക്, തെരുവിന്‍റെ തലമുതിര്‍ന്ന മക്കള്‍ കഴിയുന്നിടത്തേക്ക്, നടന്നു നീങ്ങി.