ഒക്കെയോര്‍ത്തിട്ടുപേടിയാകുന്നു
ഇന്നല്ലെങ്കില്‍ നാളെ...
അതല്ലെങ്കില്‍ മറ്റന്നാള്‍...
ഞാനും പ്രതിക്കൂട്ടില്‍ നില്‍ക്കും.
ഭയമാണെന്നാകിലും
നില്‍ക്കാതെ വയ്യല്ലോ...
ഞാന്‍ മനുഷ്യനായ്‌പ്പോയില്ലേ!
കൂട്ടില്‍ ഞാന്‍ കേറുമ്പോള്‍ കാണികള്‍ പറയും...
-അവര്‍ പറയുന്നതെന്താ-
കുമെന്നെനിക്കറിയാം-
'ഇദ്ദേഹമെന്തിനീ കൂട്ടില്‍ കയറണം,
ചോദ്യസംവാദങ്ങളെന്തിനു വെറുതെ?
ഇത്രയ്ക്കു മാന്യമഹാന്‍ വേറെയുണ്ടോ
ഈശ്വരനെന്നപോല്‍ സദ്‌ഗുണവാന്‍.'
-പിന്നെയുംപറയും അവര്‍ നല്ലവാക്കുകള്‍...
എന്‍റെ പേരിനോ,ടൊത്തവര്‍ ജയ് വിളിക്കും...
ഒക്കെയോര്‍ത്തിട്ടു പേടിയാകുന്നു
കൂക്കി വിളിക്കയില്ലേയവരൊക്കെയന്ന്...
അവര്‍ക്കറിയാമെന്നെ...
ഞാന്‍ -
' നുണ പറയാത്തവന്‍,ഹിംസിക്കാത്തവന്‍
പരോപകാരി,പരമപുണ്യവാന്‍
മദ്യം കഴിക്കാത്തവന്‍,പുകവലിക്കാത്തവന്‍
വ്യഭിചരിക്കാത്തവന്‍,ധര്‍മ്മനിഷ്ഠന്‍
ദൈവവിശ്വാസി,നിഷ്കളങ്കന്‍...
അങ്ങനെയങ്ങനെ,യൊറ്റ-
വാക്കില്‍പറഞ്ഞാല്‍ ഞാന്‍ നല്ലവന്‍.'
ഒക്കെയോര്‍ത്തിട്ടു പേടിയാകുന്നു
വിശ്വാസമെല്ലാം തകരുകില്ലേയന്ന്?
പുറംലോകമറിയുന്ന-
ഞാന്‍,വിശുദ്ധന്‍.
അവരറിയാത്തോരെന്നിലെ-
ഞാന്‍,മഹാപാപി.
പേടിയാകുന്നു ഒക്കെയോര്‍ത്തിട്ട്
എന്താകുമെന്‍റെയവസ്ഥയന്നവിടെ !
എന്നെയറിയുന്നവര്‍ക്കറി -
യാത്തോരെന്നിലെയെന്നെ-
യറിയുമ്പോളവരെന്തുകാട്ടു-
മെന്നോര്‍ത്തിട്ട്...പേടിയാകുന്നു. ആ ദിനം,ഞാന്‍ പ്രതിക്കൂട്ടില്‍-
നില്‍ക്കേണ്ടുന്നൊരാ ദിനം,
ഓര്‍ത്തിട്ട് പേടിയാകുന്നു.
ന്യായാധിപന്‍റെയോരോ ചോദ്യവും
സത്യത്തിലൂടെയുത്തരംചെയ്യുവാന്‍...
സത്യത്തിലീഞാനെന്തെന്നുതന്നെ -
ലോകര്‍ക്കുമുന്നില്‍ തുറന്നു പറയാന്‍...
പേടിയാകുന്നു...
കാര്യമില്ലെങ്കിലും!