2012, ഒക്ടോ 9

ആ തണലിൽ ഇത്തിരി നേരം...


പണ്ട്...  
പണ്ടുപണ്ടൊരിടത്തൊരു
വന്മരമുണ്ടായിരുന്നു...
നല്ല തടി,നല്ല വടിവൊത്ത ദേഹം!
അതിലുണ്ടായിരുന്നസ്സൽ-
ചില്ലകളുമിലകളും...
ഒരു വലിയ കുടപോലെ,യതു നിന്ന നേരം
ഒരുകൂട്ടമാളുകളതിൻ കീഴിൽ തങ്ങി...
മഴയിലും വെയിലിലും രാപ്പകലുകളിലും
കഴിയുവോളം അതൊരുപകാരമായി.
കഴിവൊന്നുകൊണ്ടുചിലർ ചില്ലകളിലേറി
കഴിയാത്തവർ താഴെ വേരിലമർന്നൂ...
ചിലർ മണ്ണിലും ചിലർ മറ്റിടങ്ങളിലും
അല്ലലുകളേശാതെ കാലം കഴിച്ചൂ...
അല്ലലുകളോടെയും കാലം കഴിച്ചൂ...

ഒരുയുഗം മാറി മറ്റൊന്നെത്തിടും നേരം
ചിലരൊക്കെയവിടുന്നു താമസം മാറി...
ഒരുമിച്ചു നിന്നവർ പലവഴിക്കായി-പിന്നെ-
കാണലുകളൊക്കെയും വിധിപോലെയായി.

പുതുയുഗമെത്തുന്ന നേരത്തുതന്നെ 
ചിലരൊക്കെ പുതിയതായവിടെയെത്തി.
അവിടെയുള്ളോരും പുതിയവരുമൊന്നിച്ച്       
പുതുതായ് തുടങ്ങീ ഒരു യുഗം പിന്നെ.

അങ്ങനെയുള്ളോ,രേതോയുഗത്തിൽ 
നീയവിടെ പുതിയതായ് വന്നു ചേർന്നു.
അന്നേരമാ,മരത്തണലത്തു ഞാനും-
കൂടെക്കുറേപ്പേരുമുണ്ടായിരുന്നു...

ഒന്നൊന്നായ് നാളുകൾ മെല്ലെയും പാഞ്ഞും

വന്നൂ ; പിന്നാലെ പോയ്‌ മറഞ്ഞൂ...
എന്നെന്നുമങ്ങിനെ നീങ്ങിയ നാൾകളിൽ
നീങ്ങീ നമ്മളും ഒപ്പത്തിനൊപ്പം...

അന്നൊന്നും നമ്മൾ മിണ്ടിയില്ലാ-തമ്മിൽ-
ഒന്നുപോലും അതിൽ ചിന്തിച്ചുമില്ലാ...
എന്നും വരും;കാണു,മത്രതന്നെ-
യതിലേറെയാ,യൊന്നുമന്നുണ്ടായതില്ലാ...

പിന്നെക്കുറെയുഗജന്മമരണങ്ങൾ-
കണ്ടു നാം;ചില്ലകളിലേറി മുന്നേറി...
'വീഴുമോ വീഴില്ലയോ!'-ചിന്തകളിലും 
ഒരു ചില്ലയിൽത്തന്നെയൊന്നിച്ചുകൂടി...

ആ യുഗത്തിൻ, ഒരു വസന്തത്തിൽ,
ചില്ലകളിലൊക്കെയും പൂക്കൾ നിറഞ്ഞൂ...
ആ മരത്തിൽ, പല വർണപ്പൂക്കൾ 
ചിരിതൂകിയൊട്ടേറെ കളമൊരുക്കീ...

ആ ചാരുപൂക്കാലശോഭയിൽ നമ്മൾ 
ആദ്യമായ് തമ്മിലറിഞ്ഞു മിണ്ടി...
ആചാര്യപാദം പതിഞ്ഞൊരാവേദിയിൽ 
ആദ്യമായ് തമ്മിൽ നാം പുഞ്ചിരിച്ചു.

ആ യുഗം യാത്ര തുടർന്നൂ;നമ്മളോ-
നമ്മുടെ യാത്ര തുടർന്നൂ...
ആദ്യമുണ്ടായപോ,ലന്ത്യമുണ്ടായി;
നമ്മുടെ യാത്രയോ നിന്നൂ-വിധിയാലെ-
നമ്മുടെ യാത്ര നിർത്തേണ്ടി വന്നൂ!

കരയേണ്ടി വന്നൂ പലര്‍ക്കും;കരയാതെ-
കണ്ണീരൊളിപ്പിച്ചു ചിരിച്ചൂ പലരും...
പിരിയേണ്ടി വന്നൂ നമുക്കും;നമ്മളെ -
പ്പോലവിടെയുണ്ടായിരുന്നവര്‍ക്കും.

ഒന്നിച്ചിരുന്നൊരാ ചില്ലയെ വിട്ട്,
ഒന്നിച്ചിരുത്തിയൊരാ മരം വിട്ട്,
ഒരുപാടൊരുപാടു ദൂരേക്കു നമ്മൾ  
ഒരുവേള,യന്നതിൽ പറന്നുപോയി...
_____
_______
_________

അവിടെനിന്നിവിടേക്കു നീണ്ടൊരാ യാത്രയിൽ 
പലതവണ നാം കണ്ടു; കാണാതിരുന്നൂ...
പലതവണ നാം മിണ്ടി; മിണ്ടാതിരുന്നൂ...
ഇവിടെ നിന്നെവിടെക്കോ നീളുന്ന യാത്രയിൽ  
നാം തമ്മിൽ കണ്ടേക്കാം; കാണാതിരുന്നേക്കാം!
പലതും പറഞ്ഞേക്കാം; പറയാതിരുന്നേക്കാം!
എങ്കിലും പറയട്ടെ...
ആ വന്മരം നമുക്കേകിയപോൽ സുഖം
ഇനിയൊരേടത്തും നമുക്കുണ്ടാവുകില്ല.
_____
_______
_________

ഇന്നുമുണ്ടാമരം; അവിടെയുണ്ടാളുകൾ;
നാമറിയുന്നോരുമറിയാത്ത കൂട്ടരും...
ആകുമെങ്കിൽ ഇടയ്ക്കതിനെയോർക്കുക;
ആകുമെങ്കിൽ ഇടയ്ക്കവിടെയെത്തീടുക.
വിധിയതെങ്കിൽ-
   ഒന്നിച്ചിരിക്കാം ആ മരത്തണലിൽ  
   എല്ലാരുമൊന്നിച്ചൊരിത്തിരി നേരം.                 

(എൻറെ ഏറ്റവും അടുത്ത കൂട്ടുകാരിൽ ഒരാളായ രാഖിക്ക് ,വിവാഹസമ്മാനമായി എഴുതിയതാണ് ഈ കവിത. ഇതിൽ പറഞ്ഞിരിക്കുന്ന വന്മരം ഞങ്ങൾ പഠിച്ച, സമൂഹം ഹൈസ്കൂളാണ്; അവിടത്തെ ചില ഓർമ്മകളുമായി ബന്ധപ്പെടുത്തിയാണ് ഞാൻ ഇത് എഴുതിയത്.)  

2012, ജൂലൈ 16

കാത്തിരിക്കുന്നു...

"കാത്തിരിക്കുന്നു മരണമെന്നെ!
കൊണ്ടുപോകാൻ; കൂട്ടുകൂടാൻ;
സ്വന്തമാക്കാൻ...
കാത്തിരിക്കുന്നു മരണമെന്നെ!

ഏതുനേരത്തെന്നെ വന്നുവിളിച്ചാലും  
പോകാതെ വയ്യ,അതിൻറെ കൂടെ...
ആ നേരമാകുന്നതിൻ മുമ്പുതന്നെ
പോകുവാൻ വയ്യ; പോയൊളിക്കുവാനും...
ഏതിരുട്ടിൽ പോയൊളിച്ചുനിന്നാലും
കണ്ടെത്തുമെന്നെയാ മരണസഖി!
ആ നേരമീ ഞാൻ വിടചൊല്ലിടും;
അതുകണ്ടു കരയുമെൻ ആത്മസഖി!

ഏതു നേരത്ത,തുവരും കൊണ്ടുപോകാൻ?
എത്ര നേരം കൊണ്ട് കൊണ്ടുപോകും?
'ഇല്ല ഞാനി,ല്ലെ'ന്നു ചൊല്ലുവാനൊക്കില്ല
കല്ലച്ച ഹൃദയമാണതിനെന്നുമെന്നും...
'വേണ്ട പോകേ,ണ്ടെ'ന്ന ചിന്തക്കു വകയില്ല; മിണ്ടാതെയെത്തി,യതു കൊണ്ടങ്ങുപോകും...

അറിയില്ല; ചെയ്യുവാനുള്ള കാര്യങ്ങൾ-
അതിനുള്ളിൽ ചെയ്യുവാനെനിക്കാകുമോ?
അറിയില്ല;പോകുന്നുവെന്ന കാര്യം-
എല്ലാവരോടും പറയുവാനാകുമോ?

കാത്തിരിക്കുന്നു മരണമെന്നെ!
കൊണ്ടുപോകാൻ; കൂട്ടുകൂടാൻ;
സ്വന്തമാക്കാൻ...
കാത്തിരിക്കുന്നു മരണമെന്നെ!"

 ഇത്രയും ചൊല്ലിയാ കാവിവര്യൻ പോയി, 
 ആരെയോ കാണാൻ, തിടുക്കത്തിൽ...
 ആരെയാകാം...?
 കാത്തിരിക്കുന്നൊരാ മരണസഖിയേയോ
 അതോ
 ഓർത്തിരിക്കുന്നൊരാ ആത്മസഖിയേയോ?

2012, ഫെബ്രു 14

ഒരു ഭ്രാന്തനും അവന്‍റെ സ്വപ്നവും

     കോളേജില്‍ ഒരുമിച്ച് പഠിച്ചിരുന്ന ഒരുവനാണ് ഇതിലെ നായകന്‍.എന്‍റെ സുഹൃത്ത്-തല്‍ക്കാലം പേര് പറയുന്നില്ല-പകരം ഇവിടെ ഞാന്‍ അവനെ വിളിക്കുന്നത് 'ഭ്രാന്തന്‍' എന്നാണ്.അവനെ ഇവിടെ പറയാന്‍ പോകുന്ന സംഭവത്തോട് ബന്ധപ്പെടുത്തി വിളിക്കാന്‍ പറ്റുന്ന ഒരു പേരുതന്നെയാണത് എന്നു തോന്നുന്നു.
സുഹൃത്തേ,ക്ഷമിക്കുക.കഥയിലേക്ക്,കാര്യത്തിലേക്ക് കടക്കാം.

     ഒരു പാരലല്‍ കോളേജിലാണ് ഞങ്ങളുടെ പഠനം.സ്പെഷ്യല്‍ ക്ലാസ്സുണ്ടായിരുന്ന ഒരു ദിവസം ഞാനും അവനും അല്പം നേരത്തെ വരാന്‍ തീരുമാനിച്ചു.അവനു കുറെയേറെ സംശയങ്ങള്‍ ഉണ്ടായിരുന്നു.അതെല്ലാം തീര്‍ക്കാന്‍ അവന്‍ എന്‍റെ  സഹായം തേടി;ഞാന്‍ സമ്മതിച്ചു.അതുകൊണ്ടാണ്,ഞങ്ങള്‍ അന്ന് വളരെ നേരത്തെ ക്ലാസ്സില്‍ കയറിയത്.

     കുറച്ചുനേരം പുസ്തകത്താളുകള്‍ മറിച്ചുനോക്കിയതിനുശേഷം അവന്‍ സംശയങ്ങള്‍ ചോദിച്ചു തുടങ്ങി.അറിയാവുന്നതിന്‍റെയൊക്കെ പ്രശ്നങ്ങള്‍ പരിഹരിച്ചു.മറ്റുള്ളതിന്‍റെ കാര്യത്തിനായി ഞാന്‍ പുസ്തകം നോക്കി.പെട്ടെന്നുകിട്ടിയതൊക്കെ പറഞ്ഞു കൊടുത്തു.എല്ലാം അവന്‍ കേള്‍ക്കുന്നുണ്ടായിരുന്നു;എന്നാല്‍ എന്തെങ്കിലും കാര്യങ്ങള്‍ മനസ്സിലായിട്ടുണ്ടോ എന്ന കാര്യം സംശയമായിരുന്നു.അവന്‍റെ ശ്രദ്ധ,ചിന്ത മറ്റെങ്ങോ  ആയിരുന്നു. ഞാന്‍ കാര്യം ചോദിച്ചു.ആദ്യമൊക്കെ ഒഴിഞ്ഞു മാറിയെങ്കിലും ഒടുവില്‍ അവന്‍ പറഞ്ഞു-ആ സ്വപ്നത്തിനെപ്പറ്റി,അവന്‍റെ മോഹത്തിനെപ്പറ്റി ഞാനറിഞ്ഞു.

     അവന് ഒരു പെണ്‍കുട്ടിയെ ഇഷ്ടമാണ്.അവളെപ്പറ്റിയുള്ള ചിന്തയിലായിരുന്നു അവന്‍.ആളെപ്പറ്റി ഞാന്‍ ചോദിച്ചെങ്കിലും വ്യക്തമായ മറുപടി പറഞ്ഞില്ല.പകരം,ഒരു ക്ലൂ തന്നു.
"ഒരു ടിവി പരിപാടിയുടെ അവതാരകയാണവള്‍."

     ഞാനാലോചിച്ചു.അവനു പ്രേമം തോന്നണമെങ്കില്‍ സാമാന്യം നല്ല ഭംഗി വേണം.അവതാരകയെന്നു പറയുമ്പോള്‍,നല്ല രീതിയിലുള്ള സംസാരമായിരിക്കും,മിക്കവാറും.നന്നായി പുഞ്ചിരിക്കുന്ന മുഖമാകാനാണ് സാധ്യത.അധികം ഫാഷന്‍ നിറഞ്ഞ വസ്ത്രങ്ങളാവാന്‍ വഴിയില്ല.അങ്ങനെ,പൊതുവെ പറഞ്ഞാല്‍,നല്ല നാടന്‍ പെണ്‍കുട്ടി...അങ്ങനെ ഒരാളാകും ആ പെണ്‍കുട്ടി.പക്ഷെ...ആര്???
     പഠിക്കാന്‍ വന്നതല്ലെ!ഞാന്‍ അവനൊരു വര്‍ക്ക് കൊടുത്തിട്ട് അവന്‍റെ കാമുകിയെ കണ്ടെത്താനുള്ള ശ്രമം തുടങ്ങി.എന്നിലെ അന്വേഷകന്‍ ഉണര്‍ന്നു.ജീവിതത്തിന്‍റെ ഒരു ഘട്ടത്തില്‍(ഇപ്പോള്‍,കുറെ കഴിഞ്ഞുവെന്നല്ല)തോന്നിയ മോഹമാണ് ഒരു കുറ്റാന്വേഷകനാവുക എന്നത്.അന്നേരങ്ങളില്‍,സ്കൂളില്‍ പഠിക്കുന്ന കാലത്ത്,ടിവിയില്‍ വരുന്ന കുറ്റാന്വേഷണ പരിപാടികള്‍,ചലച്ചിത്രങ്ങള്‍,അത്തരം പുസ്തകങ്ങള്‍-എല്ലാം എനിക്ക് ഹരമായിരുന്നു(ഇന്നും അങ്ങനെ തന്നെ).വലിയ അന്വേഷണ ബുദ്ധിയൊന്നുമില്ലെങ്കിലും,നിസ്സാരം ചിലത്,ചിന്തിച്ച്,ഊഹിച്ച് കാര്യം കണ്ടെത്താന്‍ എന്നെക്കൊണ്ടാവും എന്ന വിശ്വാസം എനിക്കുണ്ടായിരുന്നു.

     ചിന്തിച്ചു...പല ചാനലുകളിലെക്കും അന്വേഷിച്ചുചെന്നു.ഓരോ പരിപാടിയിലും അന്വേഷിച്ചു.ചിലതില്‍ കൂടുതല്‍ അന്വേഷണം നടത്തി.അങ്ങനെ,ഒടുവില്‍,എന്‍റെ ഉത്തരം തയ്യാറായി....ഞാന്‍ അവനോട് ചോദിച്ചു:
"_______-അവളല്ലേ?_______ചാനലിലെ...?"

അല്പം ചമ്മലോടെ,അവന്‍ എന്നോടു ചോദിച്ചു: 
"നിനക്കെങ്ങനെ മനസ്സിലായി?"

"തോന്നി...പറഞ്ഞു.അത്രമാത്രം."

"എങ്ങനെ?ചേര്‍ച്ചയുണ്ടോ?...എനിക്കത്രക്കിഷ്ടാ അവളെ..."

"ഉം...കൊള്ളാം..."
-പതിയെ, അവനെ പഠിത്തത്തിലേക്ക് കൊണ്ടുവരാന്‍ നോക്കി.പക്ഷെ...

"എടാ...ഞാന്‍ ഇന്നലെ...അല്ല,ഇക്കഴിഞ്ഞ ഞായറാഴ്ച വെളുപ്പാന്‍ കാലത്ത്,ഒരു സ്വപ്നം കണ്ടു."

-രക്ഷയില്ല...എന്നാലും ഞാന്‍ പറഞ്ഞു:
"എന്തു സ്വപ്നം?പറ...കേള്‍ക്കട്ടെ."

-അവനു ഉത്സാഹം കൂടി...അവന്‍ പറയാന്‍ തുടങ്ങി...

"സ്വപ്നത്തിലെ കേന്ദ്രകഥാപാത്രം അവളാണ്...ഒരു ദിവസം,അവളും അമ്മയും അച്ഛനും സഹോദരനും എന്‍റെ വീട്ടിലെത്തി.അവളുടെ അച്ഛനും എന്‍റെ അച്ഛനും ഒന്നിച്ച് ജോലി ചെയ്തിരുന്നുവത്രെ... എനിക്ക് അവളെ നേരില്‍ കണ്ടതിന്‍റെ സന്തോഷമായിരുന്നു.ഒന്നും വിശ്വസിക്കാന്‍ പറ്റുന്നില്ല...!വലിയവര്‍ തമ്മിലുള്ള സംസാരം മുറുകിയപ്പോള്‍ ഞാനും അവളും അവിടെനിന്നും മാറിനിന്നു സംസാരിച്ചു...ഇടയ്ക്ക് സഹോദരന്‍ വന്നു.ഞങ്ങളുടെ ശ്രദ്ധ ഞങ്ങളില്‍ത്തന്നെ ആയിരുന്നു,കൂടുതലും...ഞങ്ങളുടെ വര്‍ത്തമാനത്തിന് ശല്യമാകുന്നില്ല എന്നും പറഞ്ഞ് പുള്ളി തിരിച്ചുപോയി.കുറെയേറെ സംസാരിച്ചു;ഇത്തിരിനേരംകൊണ്ട് ഞങ്ങള്‍ നല്ല കൂട്ടായി...എനിക്ക് അവളെ ഇഷ്ടമാണെന്ന കാര്യം പറയാന്‍ തുടങ്ങീതാണ്...പക്ഷെ...!"

"പക്ഷെ...!എന്തേ നിര്‍ത്തീത്‌?"

"കഴിഞ്ഞു.അത്രയായപ്പോഴെക്ക് ഞാനെഴുന്നേറ്റു.സമയം നോക്കി.നാലുമണി കഴിഞ്ഞതേയുള്ളൂ.സ്വപ്നത്തിന്‍റെ ബാക്കി കാണാന്‍പറ്റും എന്നോര്‍ത്ത് വീണ്ടും കിടന്നു...കണ്ടില്ല."

"വെളുപ്പാന്‍ കാലത്തല്ലേ....ചിലപ്പൊ നടക്കും."
-ഞാന്‍,വെറുതെ,തമാശ മട്ടില്‍ പറഞ്ഞു.

"എടാ...അതുമാത്രമല്ല.ഞാന്‍ സ്വപ്നം കണ്ട ആ ഞായറാഴ്ച, അന്നത്തെ പത്രത്തില്‍ അവളുടെ പടം കണ്ടു.അവള്‍ ആദ്യമായി അഭിനയിക്കുന്ന ഒരു ചിത്രത്തിന്‍റെ വാര്‍ത്തയായിരുന്നു അത്.പടം റിലീസാവാറായെന്നോ മറ്റോ...എന്തോ,ഒരു ചേര്‍ച്ച തോന്നി എനിക്ക്...എല്ലാം ഒത്തുവരുമെന്നൊരു തോന്നല്‍...അവളെ എനിക്ക് കിട്ടുമെന്നുതന്നെ തോന്നുന്നു...."

"ഉം...എല്ലാം ശരിയാകട്ടെ..."

-ഇനിയും ഈ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ കൊടുത്താല്‍ പ്ലാന്‍ ചെയ്തതു മൊത്തം പൊളിയും.അവന്‍ ആദ്യം പറഞ്ഞ ചില സംശയങ്ങള്‍ കൂടി തീര്‍ക്കാന്‍ ശ്രമിച്ചു.പക്ഷെ വീണ്ടും....

"എടാ...എനിക്കെന്തോ...!മോഹം പോലെ,സ്വപ്നം പോലെ നടന്നാല്‍..."

-കൂടുതല്‍ പറയാന്‍ ഇടകൊടുക്കാതെ ഞാന്‍ ഇടയ്ക്ക് കയറി:
"ഒന്നു നിര്‍ത്തടാ...ഭ്രാന്ത്!എവിടെയെങ്ങാണ്ട് കഴിയണ ഒരുത്തി,നിന്നെ പ്രേമിക്കാന്‍....!കല്യാണം കഴിക്കാന്‍...!ദേ,വേറാരും കേള്‍ക്കണ്ട;വെറുതെ അവരെക്കൊണ്ട് ഓരോന്ന് വിളിപ്പിക്കണ്ട..."

     അവന്‍ ഒന്നും മിണ്ടിയില്ല...പുസ്തകത്തില്‍ത്തന്നെ നോക്കിയിരുന്നു...വല്ലതും മനസ്സിലാക്കുന്നുണ്ടോ എന്നറിയില്ല.
കുറച്ചുകഴിഞ്ഞ് മറ്റു കുട്ടികള്‍ എത്തിത്തുടങ്ങി...അധ്യാപകനും വന്നു.'ആരോടും പറയരുതേ...' എന്നാ അര്‍ത്ഥത്തില്‍ അവന്‍ ആംഗ്യം കാട്ടി.ഞാന്‍ ചിരിച്ചുകൊണ്ട് തലയാട്ടി,സമ്മതഭാവത്തില്‍.

     ക്ലാസ് കഴിഞ്ഞ് ഞാന്‍ വീട്ടിലെത്തി.ടിവി വച്ചപ്പോള്‍ എന്‍റെ ഭ്രാന്തന്‍ സുഹൃത്തിന്‍റെ സ്വപ്നകാമുകിയെ കണ്ടു.
'അവന്‍റെ സ്വപ്നം സഫലമായിക്കൂടാ എന്നുണ്ടോ?!'
-എനിക്ക് തോന്നി.

     എല്ലാത്തിലും ഒരു ചേര്‍ച്ച കാണുന്നുണ്ട്-അവന്‍റെ ചിന്തകളില്‍,സ്വപ്നത്തില്‍,അതുമായി ബന്ധപ്പെട്ടു കിടക്കുന്ന കാര്യങ്ങളില്‍-എല്ലാത്തിലും ഒരു ചേര്‍ച്ച കാണുന്നുണ്ട്. ഒരുപക്ഷെ,എല്ലാം നേരെയായാല്‍!സ്വപ്നം കണ്ടത് വെളുപ്പാന്‍ കാലത്ത്...വെളുപ്പാന്‍കാലത്തു കാണുന്ന സ്വപ്നം ഫലിക്കുമെന്ന് എല്ലായിടത്തും പറഞ്ഞുകേട്ടിട്ടുണ്ട്...അന്നേദിവസം തന്നെ പത്രത്തില്‍ അവളുടെ പടം...എന്തോ!എല്ലാം ഒത്തുവരും എന്നൊരു തോന്നല്‍...നടക്കട്ടെ...പ്രാര്‍ത്ഥിക്കാം.

ഞാന്‍ മനസ്സാല്‍ പശ്ചാത്തപിക്കുന്നു.അവന്‍റെ ചിന്തയെ 'ഭ്രാന്ത്'എന്നു വിളിച്ചതിന്...അവനെ 'ഭ്രാന്തന്‍' എന്ന്,മനസ്സുകൊണ്ടാണെങ്കിലും   വിളിച്ചതിന്;വിചാരിച്ചതിന്...
എങ്കിലും അവന്‍റെ സ്വപ്നത്തെയും അവനെയും ചേര്‍ത്ത്,  എഴുതുമ്പോള്‍,ഞാന്‍ പേരിടുന്നത് ഇങ്ങനെയാണ്...
'ഒരു ഭ്രാന്തനും അവന്‍റെ സ്വപ്നവും.'         

(ഇത് സത്യത്തില്‍ ഒരു ഭാവനാ സൃഷ്ടി മാത്രമല്ല.ഏതാണ്ടെല്ലാ കാര്യങ്ങളും നടന്നത് തന്നെയാണ്.ആ സ്വപ്നവും പത്രത്തിലെ കാര്യവും സ്പെഷ്യല്‍ ക്ലാസ്സും എല്ലാം ശരിയായ കാര്യങ്ങള്‍ ആണ്...  ഇത് ഞാന്‍ എഴുതുന്നത് ഞാന്‍ ബി.കോം പഠിക്കുമ്പോള്‍ ആണ്.)