"ദിവ്യാസ്ത്രങ്ങളേക്കാള്‍ സ്വന്തം ശക്തിയില്‍ വിശ്വസിക്കുന്നതാണ് നല്ലത്... ലക്ഷ്യം കണ്ണിലല്ല കാണേണ്ടത് , മനസ്സിലാണ്..."
എം ടി വാസുദേവന്‍ നായര്‍ (രണ്ടാമൂഴം)
എന്‍റെ ജീവിതത്തിലെ ഒരു കാര്യത്തെപ്പറ്റി, അപ്രതീക്ഷിതമായി നടന്ന ഒരു കാര്യത്തെപ്പറ്റി, കുറച്ചെഴുതാനുള്ള ശ്രമത്തിലായിരുന്നു. അതിന്‍റെയൊരു വഴിവെട്ടിത്തെളിച്ചുവരുന്നതിനിടയില്‍ തത്ക്കാലം ആ പണിയൊന്ന് നിര്‍ത്താമെന്ന് കരുതി. എന്നിട്ട് വേറൊരു വഴിക്ക്, വേറിട്ടൊരു വഴിക്ക്, ഒരു യാത്ര പോകാംന്ന് തീരുമാനിച്ചു.
കുറച്ചുകാലം മുമ്പത്തെ കാര്യാണ്. അന്ന് ലോകത്തെ മാറ്റിമറിച്ച (അല്ലേ? അങ്ങനെതന്നെ പറയാംന്ന് തോന്നണു) വലിയ സംഭവങ്ങളില്‍ ഒന്ന് നടന്നു. ഒരു മൂവര്‍ സംഘം ഒരു ലക്ഷ്യത്തിലേക്ക് ഒരു യാത്ര നടത്തി. ആ മൂന്നില്‍ രണ്ട് പേര്‍ ഒരുപടികൂടി മുന്നോട്ട് കടന്നു; മറ്റെയാള്‍ അവരെ കാത്തുകൊണ്ട് അവര്‍ക്ക് ചുറ്റും കറങ്ങിക്കൊണ്ടിരുന്നു.
കറങ്ങിക്കറങ്ങി കാടുകേറിപ്പോണത്, ജൂലൈ 21 എന്ന ദിവസത്തിന്‍റെ ഒരു പ്രത്യേകതയിലേക്കാണ്. അന്നാണ് മനുഷ്യന്‍ ആദ്യമായി ചന്ദ്രനില്‍ കാലുകുത്തിയത്. നീല്‍ ആംസ്ട്രോങ്, എഡ്വിന്‍ ആല്‍ഡ്രിന്‍, മൈക്കിള്‍ കോളിന്‍സ് എന്നിവരടങ്ങിയ മൂവര്‍ സംഘമായിരുന്നു ആ വലിയ ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ട് ഭൂമിയില്‍നിന്നും യാത്ര തിരിച്ചത്. അവരില്‍ ആദ്യം നീല്‍ ആംസ്ട്രോങ്ങും, പിന്നാലെ എഡ്വിന്‍ ആല്‍ഡ്രിനും ചന്ദ്രനില്‍ കാലുകുത്തി. മൈക്കിള്‍ കോളിന്‍സാകട്ടെ യാത്രാപേടകം നിയന്ത്രിച്ചുകൊണ്ട് അവിടെ ചുറ്റിക്കറങ്ങിക്കൊണ്ടിരുന്നു.
മനുഷ്യന്‍റെ ഒരു ചെറിയ കാല്‍വെയ്പ്, മാനവരാശിയുടെ ഒരു വലിയ കുതിച്ചുചാട്ടം - അതായിരുന്നു 1969 ജൂലൈ 21ന് നടന്നത്.
വലിയൊരു ലക്ഷ്യം മുന്നില്‍ക്കണ്ടുകൊണ്ട് ഇറങ്ങിത്തിരിച്ച ആ മൂവര്‍സംഘം ലക്ഷ്യത്തിലെത്തിയ അതേദിവസം, വര്‍ഷങ്ങള്‍ക്കിപ്പുറം, ഒരു 'ഒറ്റയാള്‍സംഘം' തന്‍റെ ലക്ഷ്യം പൂര്‍ത്തീകരിച്ച് തിരികെയെത്തി.
ആ ഒറ്റയാള്‍ സംഘത്തിന്‍റെ തലവന്‍റെ, അല്ല തലൈവിയുടെ പേര് അംബിക കൃഷ്ണ.
ആകാശവാണി FM റെയിന്‍ബോ കൊച്ചി 107.5ലെ RJ അംബിക കൃഷ്ണ... പ്രിയപ്പെട്ടവരുടെ AK, അംബികേച്ചി...
ആ ഒറ്റയാള്‍ സംഘത്തില്‍ ചേച്ചി ഒറ്റക്കായിരുന്നില്ല, എപ്പോഴും കൂടെ വാസുവും ഉണ്ടായിരുന്നു.
ജീവിതം എന്ന ദൈര്‍ഘ്യമറിയാത്ത യാത്രയില്‍ ഇറങ്ങേണ്ടിയും കയറേണ്ടിയും കാത്തുനില്‍ക്കേണ്ടിയും വന്ന അനുഭവവണ്ടികള്‍, താങ്ങും തണലുമൊക്കെയായി വന്ന വ്യക്തിസത്രങ്ങള്‍, എതിരെ വന്ന കാലത്തിന്‍റെ കാറ്റൊഴുക്കുകള്‍, ഇഷ്ടങ്ങള്‍, കഷ്ടങ്ങള്‍, നഷ്ടങ്ങള്‍, നേട്ടങ്ങള്‍.....അങ്ങനെ ഒരുപാടുണ്ട് ആ ജീവിതത്തില്‍! അതിലൊന്നിനെ അച്ചുതണ്ടാക്കിക്കൊണ്ട് സ്വയം ഒരു ഭൂമിയായി മാറാനും, സഹിച്ചും ക്ഷമിച്ചും ഭ്രമണം ചെയ്യാനും ഉള്ള ഒരു കാര്യത്തെപ്പറ്റി ചേച്ചി എന്നോട് ആദ്യമായി പറഞ്ഞപ്പോള്‍ത്തന്നെ ആ മനസ്സിലെ ലക്ഷ്യം, ആഗ്രഹം, അതിലെല്ലാമുപരി ആ മനസ്സിന്‍റെ വികാരം മനസ്സിലാക്കാന്‍ എനിക്ക് കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ എന്നെക്കൊണ്ടാവുന്ന എല്ലാ കാര്യങ്ങളും ചെയ്തുതരാമെന്ന് ഞാന്‍ ചേച്ചിയോട് വാക്ക് പറയുകയും ചെയ്തു.
2022 ഏപ്രില്‍ 11 - അന്ന് കാക്കനാട് കളക്ട്രേറ്റില്‍ നിന്നും വാസുവിനൊപ്പം ചേച്ചി യാത്ര തുടങ്ങുന്ന സമയം... ഫ്ലാഗ് ഓഫ് കഴിഞ്ഞ് ചേച്ചിയും വാസുവും മുന്നോട്ട് നീങ്ങിയ സമയം... അവിടെ വന്നുചേര്‍ന്നിരുന്ന എല്ലാരും അങ്ങുമിങ്ങുമായി മാറിയ സമയം... എന്‍റെ അടുത്തുണ്ടായിരുന്ന, ആകാശവാണിയില്‍ എനിക്കേറെ പ്രിയപ്പെട്ടവരില്‍ രണ്ട് പേര്‍ - ഗിരിജാ മാമും റിയയും- എന്നോട്, 'ഞാന്‍ കരഞ്ഞോ? കരച്ചില്‍ വരുന്നുണ്ടോ? കരഞ്ഞപോലെ തോന്നുന്നുണ്ടല്ലോ!' എന്നൊക്കെ ചോദിക്കുകയും പറയുകയും ചെയ്തു. എന്തുകൊണ്ടായിരിക്കാം അവര്‍ക്ക് അങ്ങനെ തോന്നിയതെന്ന് എനിക്കറിയില്ല. ഞാന്‍ കരഞ്ഞിട്ടില്ല, ഉള്ളിലാകെ ഒരു ടെന്‍ഷനും പ്രാര്‍ത്ഥനയുമായിരുന്നു. ഒരുപക്ഷെ അതെന്‍റെ മുഖത്ത് കണ്ടിരിക്കാം.. അത്രത്തോളം ടെന്‍ഷനോടെയും പ്രാര്‍ത്ഥനയോടെയുമാണ് ഞാന്‍ ചേച്ചിയെ യാത്രയാക്കിയത്...
നിരവധി രാവുകളും പകലുകളും കടന്ന്, നിരവധി ആകാശവാണി നിലയങ്ങളും മറ്റ് ഓഫീസുകളും സ്ഥലങ്ങളുമൊക്കെ കയറിയിറങ്ങി, നിരവധിയിടങ്ങളില്‍ ഉണ്ടുറങ്ങി, ആസ്വദിച്ചും ഇടയ്ക്കൊക്കെ അത്രകണ്ട് ആസ്വദിക്കാനാകാതെയും കഴിഞ്ഞ്, നിരവധി ദേശങ്ങളെയറിഞ്ഞ്, നിരവധി ആളുകളെയറിഞ്ഞ് തന്‍റെ വലിയൊരു ലക്ഷ്യം പൂര്‍ത്തിയാക്കി ചേച്ചിയും വാസുവും തിരിച്ചെത്തി, 2022 ജൂലൈ 21ന്.
ദുഃഖവെള്ളി കഴിഞ്ഞാല്‍ ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പ് ഉണ്ടല്ലോ... ഇവിടെയും അങ്ങനെതന്നെ...!!!
ആ കാര്യങ്ങളിലേക്ക് ഞാന്‍ കടക്കുന്നത് ശരിയല്ല എന്നെനിക്ക് തോന്നുന്നു; അതിനുള്ള പൂര്‍ണ്ണമായ അറിവോ വിവരമോ എനിക്കില്ല. മാത്രല്ല, അതേപ്പറ്റി പറയാനുള്ള മുഴുവന്‍ അവകാശവും അര്‍ഹതയും അനുഭവവും ചേച്ചിയ്ക്ക് മാത്രമാണ്. അത് ചേച്ചിയിലൂടെ തന്നെ നമുക്കറിയാന്‍ കഴിയും. ഉറപ്പ്.
തിരിച്ചെത്തുന്ന നിമിഷം വരെ, എത്തിയെന്നു പറഞ്ഞുകൊണ്ടുള്ള ചേച്ചിയുടെ ഫോണ്‍കോള്‍ കിട്ടുന്നതുവരെ ടെന്‍ഷനായിരുന്നു. വഴികളിലെ തടസങ്ങളെപ്പറ്റി, താമസിക്കുന്ന ഇടങ്ങളെപ്പറ്റി, ഇടപഴകുന്ന ആളുകളെപ്പറ്റി, കഴിക്കുന്ന ഭക്ഷണത്തെപ്പറ്റി, വാസുവിനെപ്പറ്റി, ചേച്ചിയെപ്പറ്റി... അങ്ങനെ ഓരോരോ കാര്യത്തിലും എനിക്ക് നല്ലപോലെ ടെന്‍ഷനുണ്ടായിരുന്നു. ആ ടെന്‍ഷനൊക്കെ വെറുതെ എന്നോര്‍മ്മിപ്പിച്ചുകൊണ്ട് ചേച്ചി ആകാശവാണിയുടെ മുറ്റത്ത് തിരിച്ചെത്തി.
എല്ലാ തടസങ്ങളെയും പ്രതിസന്ധികളെയും തരണം ചെയ്ത് ലക്ഷ്യം പൂര്‍ത്തിയാക്കി തിരിച്ചെത്തിയ ചേച്ചിയ്ക്ക് ആകാശവാണിയില്‍ നല്‍കിയ സ്വീകരണച്ചടങ്ങില്‍ പങ്കെടുക്കാന്‍ എനിക്ക് വല്യ ആഗ്രഹമായിരുന്നു. അതിനായി ഇറങ്ങിയതുമാണ്; പക്ഷെ നടന്നില്ല; കാല്‍വഴിപിന്നിട്ടെങ്കിലും ലക്ഷ്യത്തിലെത്താതെ എനിക്ക് തിരിച്ചുപോരേണ്ടി വന്നു...
ചില കാര്യങ്ങള്‍ അങ്ങനെയാണ്. പ്രതീക്ഷിച്ച പോലെ നടക്കണംന്നില്ല; അപ്രതീക്ഷിതമായത് നടക്കുകേം ചെയ്യും...
അതുപോലെതന്നെ, ചില കാര്യങ്ങള്‍ ഇങ്ങനെയുമുണ്ട് - അറിയാതെ തന്നെ അത് മറ്റൊന്നുമായി ഒത്തുവരും.
വര്‍ഷങ്ങളുടെ വ്യത്യാസത്തില്‍ ഇവിടെ നടന്നതും അതാണ്.
അപ്പോളോ 11 എന്ന് പേരിട്ടിരുന്ന ദൌത്യത്തിന്‍റെ ഭാഗമായി യാത്ര തിരിച്ച മൂവര്‍ സംഘം, 1969 ജൂലൈ 21ന് ലക്ഷ്യത്തിലെത്തിയപ്പോള്‍, 2022 ഏപ്രില്‍ 11ന് യാത്ര തിരിച്ച ഒറ്റയാള്‍ സംഘം, 2022 ജൂലൈ 21ന് ലക്ഷ്യം പൂര്‍ത്തിയാക്കി തിരിച്ചെത്തി...
അന്നത്തെ നീല്‍ ആംസ്ട്രോങ്ങും, എഡ്വിന്‍ ആല്‍ഡ്രിനും, മൈക്കില്‍ കോളിന്‍സും ഇന്നത്തെ അംബിക കൃഷ്ണയില്‍ ഒത്തുചേര്‍ന്നു...
അന്നത്തെ അവരുടെ കൊളംബിയ എന്ന കമാന്‍ഡ് മൊഡ്യൂളും ഈഗിള്‍ എന്ന ലൂണാര്‍ മൊഡ്യൂളും ഇന്നിവിടെ വാസു എന്ന ബുള്ളറ്റില്‍ ഒത്തുചേര്‍ന്നു...
ഒപ്പം, അന്നത്തെ നാസയിലെ ആളുകളെപ്പോലെ കുറച്ചുപേര്‍ ശ്രദ്ധയോടെ, കരുതലോടെ, സ്നേഹത്തോടെ ചോദിച്ചും പറഞ്ഞും കണ്ടും അറിഞ്ഞും കൂടെനിന്നു...
മനുഷ്യന്‍ ഇനിയും ചന്ദ്രനില്‍ കാലുകുത്തും; എങ്കിലും മനുഷ്യരാശി ഉള്ളിടത്തോളം കാലം ആദ്യ ചുവടുവെയ്പ് എന്നും പ്രാധാന്യത്തോടെ ഓര്‍മ്മിക്കപ്പെടും; വലിയ മാറ്റങ്ങള്‍ക്ക് പ്രചോദനമായ ഒന്നായി അത് വിലയിരുത്തപ്പെടും.
അംബിക കൃഷ്ണ ഇനിയും യാത്രകള്‍ ചെയ്യും; എങ്കിലും ഇത്തരം ലക്ഷ്യത്തോടെയുള്ള യാത്രകളുള്ളിടത്തോളം കാലം ഈ ആദ്യ യാത്ര ഏറെ പ്രാധാന്യത്തോടെ ഓര്‍മ്മിക്കപ്പെടും; ഒരുപാട് സ്തീകള്‍ക്ക് തനിച്ച് യാത്ര ചെയ്യാനുള്ള പ്രചോദനമായി, വഴിയാത്രയിലും ജീവിതയാത്രയിലും ഉണ്ടാകുന്ന തടസങ്ങളെ ധൈര്യത്തോടെ നേരിട്ട് അവയെ തരണം ചെയ്ത് മുന്നോട്ട് നീങ്ങാനുള്ള പ്രചോദനമായി, അത് വിലയിരുത്തപ്പെടും.
പുതിയ യാത്രകള്‍ തുടങ്ങട്ടെ, പൂര്‍ത്തീകരിക്കട്ടെ...
പുതിയ ലക്ഷ്യങ്ങള്‍ ഉണ്ടാകട്ടെ, നിറവേറ്റപ്പെടട്ടെ...
A GREAT SALUTE അംബികേച്ചീ...my dear Ambitious Keralite...
യാത്ര തുടരുക തന്നെ വേണം...