2022, ഒക്ടോ 11

അറിയാ ബന്ധങ്ങള്‍

 

     ചില ദിനങ്ങള്‍ക്ക് ചില ബന്ധങ്ങള്‍ കാണും. അത് ചിലരുമായുള്ള ബന്ധമാവാം, ചിലര്‍ തമ്മില്‍ തമ്മിലുള്ള ബന്ധമാവാം, മറ്റേതെങ്കിലും വിധത്തിലുള്ള ബന്ധമാവാം... എങ്ങനെയായാലും ചില ദിനങ്ങള്‍ക്ക് ചില ബന്ധങ്ങള്‍ കാണും... അത് ചിലരെ സംബന്ധിച്ച് വല്യ പ്രത്യേകതയുള്ള ബന്ധമായിരിക്കാം, ചിലരെ സംബന്ധിച്ച് ഒരു പ്രത്യേകതയും ഇല്ലാത്തതുമായിരിക്കാം... എന്തുതന്നെയായാലും എനിക്കുറപ്പാണ്, ചില ദിനങ്ങള്‍ക്ക് ചില ബന്ധങ്ങള്‍ കാണും, ആ ബന്ധങ്ങള്‍ക്ക് ചില പ്രത്യേകതകളും കാണും...


ഇന്ന്, ഒക്ടോബര്‍ 11.

എന്നെ സംബന്ധിച്ചിടത്തോളം ഇന്ന് അങ്ങനെയൊരു ദിനമാണ്, പ്രത്യേകിച്ചും ഞാനേറെ ഇഷ്ടപ്പെടുന്ന രണ്ട് പേരുമായി ബന്ധപ്പെട്ട ചില കാര്യങ്ങളില്‍. 

ആ രണ്ടുപേരും തമ്മില്‍ ഒരുതരത്തില്‍ പറഞ്ഞാല്‍ യാതൊരു ബന്ധവുമില്ല, എന്നാല്‍ മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ബന്ധമുണ്ട് താനും...ഒന്നല്ല, ഒന്നിലേറെ...!


അവരുടെ വരവും പോക്കും തമ്മില്‍ത്തന്നെയാണ് ആദ്യത്തെ ബന്ധങ്ങള്‍ - ആ വരവും പോക്കും ഒരേ വര്‍ഷമാണ്‌; അതുപോലെതന്നെ, വ്യത്യസ്ത വര്‍ഷങ്ങളിലാണെങ്കില്‍ക്കൂടി, ഒരേ ദിവസവുമാണ്.  

       

ഞാന്‍ പറഞ്ഞ ആ രണ്ടുപേരില്‍ ആദ്യത്തെ ആള്‍ - ചങ്ങമ്പുഴ കൃഷ്ണപിള്ള.

വര്‍ഷങ്ങള്‍ക്കുമുമ്പ് ഇന്നേ ദിവസമായിരുന്നു, അതായത്, 1911 ഒക്ടോബര്‍ 11നായിരുന്നു അദ്ദേഹം ഇവിടേയ്ക്ക് വന്നത്. വളരെ കുറഞ്ഞ ജീവിതകാലം! അതിനിടയില്‍, ഒട്ടേറെ സുന്ദരരചനകള്‍ നമുക്ക് സമ്മാനിച്ച അദ്ദേഹം 1948 ജൂണ്‍ 17ന് ഇവിടെനിന്നും യാത്രപറഞ്ഞുപോയി!

ഞാന്‍ പറഞ്ഞ രണ്ടുപേരില്‍ രണ്ടാമത്തെ ആള്‍ - നെടുമുടി വേണു

കഴിഞ്ഞ വര്‍ഷത്തിലെ ഇന്നേ ദിവസമായിരുന്നു അതായത് 2021 ഒക്ടോബര്‍ 11നായിരുന്നു അദ്ദേഹം ഇവിടെനിന്നും യാത്രപറഞ്ഞുപോയത്. 1948 മെയ് 22ന് ഇവിടേയ്ക്ക് വന്ന അദ്ദേഹം യാത്രപറഞ്ഞു പോകും മുമ്പ് നമുക്ക്, പ്രത്യേകിച്ചും കേരളത്തിലെ നാടക-ചലച്ചിത്ര കലാസ്വാദകര്‍ക്ക് കൂട്ടായിട്ട് തന്നത് എത്രയെത്ര അനശ്വര കഥാപാത്രങ്ങളെയാണല്ലേ!


രണ്ടുപേരെയും മിക്കവാറും എല്ലാവര്‍ക്കും അറിയുന്നുണ്ടാകും. അഥവാ അറിയില്ലെങ്കിത്തന്നെ ചുമ്മാ ആ പേരൊന്ന് നെറ്റില്‍ ടൈപ്പ് ചെയ്തുകൊടുത്താ മതി... അപ്പൊത്തന്നെ അറിയാന്‍ പറ്റും. അപ്പൊപ്പിന്നെ ഞാനായിട്ട് അതൊന്നും കൂടുതല്‍ പറയണ്ടല്ലോ..

 

എന്തായാലും, ആദ്യം പറഞ്ഞ ആ ബന്ധങ്ങള്‍ കൂടാതെ മറ്റൊരു ബന്ധം കൂടിയുണ്ട്, പ്രത്യേകിച്ചും എന്നെ സംബന്ധിച്ച് ഏറെ പ്രത്യേകതയുള്ള ഒരു ബന്ധം.

ആ ബന്ധത്തിലേക്ക് വരാം...


ചങ്ങമ്പുഴയുടെ രമണന്‍ വായിച്ചിട്ടുണ്ടോ?- എന്ന്‍ ചോദിച്ചാ ഇല്ലാന്ന്‍ ഉത്തരം തരുന്നവര്‍ വളരെ ചുരുക്കമായിരിക്കുംന്ന് തോന്നുന്നു. രമണന്‍ കേട്ടിട്ടുണ്ടോന്ന്‍ ചോദിച്ചാലും ഏറെക്കുറെ ഉത്തരം അതുപോലെതന്നെ ആയിരിക്കും. രമണന്‍ എന്ന കൃതി ഏതാണ്ട് മുഴുവനായി കേട്ടിട്ടുണ്ടോന്ന് ചോദിച്ചാല്‍ ഒരുപക്ഷെ കൂടുതല്‍ പേരും ഇല്ല എന്ന ഉത്തരമാകും തരിക. പക്ഷെ, ഞാന്‍ പറയും, 'കേട്ടിട്ടുണ്ട്, ഒരുപാട് തവണ'     

ഞാന്‍ പറഞ്ഞുവരുന്നത് രമണന്‍ എന്ന ആല്‍ബത്തെപറ്റിയാണ്.

ഇന്നത്തെ എന്‍റെ ആദ്യത്തെ ആളായ ചങ്ങമ്പുഴ രചിച്ച, രമണന്‍ എന്ന അതേ ജനപ്രിയകാവ്യത്തിന്‍റെ നല്ലൊരു സംഗീതാവിഷ്കാരം. ശ്രീവത്സന്‍ ജെ മേനോന്‍, ഇടപ്പള്ളി അജിത്കുമാര്‍ എന്നിവരാണ് അതിന് സംഗീതമൊരുക്കിയത്. ശ്രീവത്സന്‍ ജെ മേനോന്‍, കാവാലം ശ്രീകുമാര്‍രൂപ രേവതി, ഗായത്രി അശോകന്‍ എന്നിവര്‍ രമണനും മദനനും ചന്ദ്രികയും ഭാനുമതിയുമായി  കാവ്യാലാപനം ചെയ്ത ആല്‍ബത്തില്‍ അവര്‍ക്കൊപ്പം, വലിയൊരു സാന്നിധ്യമായി എന്‍റെ ഇന്നത്തെ രണ്ടാമത്തെ ആളും ഉണ്ടായിരുന്നു. രംഗ,കാല,പശ്ചാത്തല വിവരണങ്ങളൊക്കെയും നാമാസ്വദിക്കുന്നത് നെടുമുടി വേണുവിന്‍റെ ശബ്ദത്തിലാണ്. മനോരമ മ്യൂസിക് പുറത്തിറക്കിയ ആ ആല്‍ബം അവസാനിക്കുന്നതും അതായത് രമണന്‍ എന്ന കാവ്യത്തിന്‍റെ അവസാന വരികള്‍ ആ ആല്‍ബത്തില്‍ നാം കേള്‍ക്കുന്നതും അദ്ദേഹത്തിന്‍റെ ശബ്ദത്തിലാണ്.



അതിലിപ്പൊ എന്ത് പ്രത്യേകത എന്ന് തോന്നുന്നുണ്ടാകുംല്ലേ... ഒരാള്‍ എഴുതിയത് ഒരാള്‍ പാടി - അത്രല്ലേയുള്ളൂ! പിന്നെ, ഒരു 1948ഉം ഒരു ഒക്ടോബര്‍ 11ഉം. അതിലപ്പുറം എന്ത് പ്രത്യേകത??

ഉണ്ട്, എന്നെ സംബന്ധിച്ച് ചില പ്രത്യേകതകള്‍ ഉണ്ട്.

രൂപ രേവതി എന്ന ഗായികയുടെ, എന്‍റെ ചേച്ചിയുടെ, പേര് കണ്ടാണ്‌ രമണന്‍ എന്ന ആല്‍ബത്തിന്‍റെ CD വാങ്ങുന്നത്. (ചേച്ചിയുടെ ആദ്യത്തെ ആല്‍ബവും അതാണെന്ന് തോന്നുന്നു) അതിനുശേഷമാണ് ഞാന്‍ രമണന്‍ എന്ന കൃതി വാങ്ങുന്നതും അറിഞ്ഞാസ്വദിച്ചു വായിക്കുന്നതും. അതിനുശേഷമാണ് ചങ്ങമ്പുഴ കൃഷ്ണപിള്ള എന്ന സാഹിത്യകാരനെ കൂടുതല്‍ അറിയാന്‍ ശ്രമിക്കുന്നതും അറിയുന്നതും വായിക്കുന്നതും. അങ്ങനെയാണ് ചങ്ങമ്പുഴ എനിക്കേറ്റവും പ്രിയപ്പെട്ട കവിയാകുന്നതും. അതിലൂടെയാണ് ഞാന്‍ കൂടുതല്‍ എഴുതാനും വായിക്കാനും സാഹിത്യത്തെ അറിയാനുമൊക്കെ ശ്രമിക്കുന്നതും...

അതേമട്ടില്‍ത്തന്നെയാണ് നെടുമുടി വേണു എന്ന നടന്‍റെ കാര്യവും.
എന്‍റെ അമ്മയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് നെടുമുടി വേണു. പക്ഷെ, എന്‍റെ ഫേവറേറ്റ് ലിസ്റ്റില്‍ അദ്ദേഹം ഉണ്ടായിരുന്നില്ല, രമണന്‍ കേള്‍ക്കുന്നതുവരെ. എന്‍റെ ചേച്ചിയ്ക്കൊപ്പം ആല്‍ബത്തിന്‍റെ ക്രെഡിറ്റ് ലിസ്റ്റില്‍ വന്ന പേര്, അസാധ്യരസമുള്ള വിവരണം, അവസാനവരികളുടെ ജീവസ്സുറ്റ ചൊല്ലല്‍ - നെടുമുടി വേണു എന്ന പേരും ആളും അങ്ങനെയാണ് എന്‍റെ ഫേവറേറ്റ് ലിസ്റ്റിലേക്ക് കടക്കുന്നത്. 
             
പറഞ്ഞുപറഞ്ഞു വരുമ്പോള്‍ രമണന്‍ പലവിധത്തില്‍ എനിക്ക് വഴികാട്ടിയായിട്ടുണ്ട്. പ്രത്യേകിച്ചും ഇവിടെ പറഞ്ഞപോലെ, ചങ്ങമ്പുഴയിലേക്കും നെടുമുടി വേണുവിലേക്കും രൂപച്ചേച്ചിയിലേക്കും ഒപ്പം മറ്റ് ചില കാര്യങ്ങളിലേക്കുമൊക്കെ..

അതുകൊണ്ടുതന്നെ, ഇന്ന്, ഒക്ടോബര്‍ 11, എന്നെ സംബന്ധിച്ചിടത്തോളം പ്രത്യേക ബന്ധമുള്ള ഒരു ദിനമായി മാറുന്നു... രമണനിലൂടെ ചങ്ങമ്പുഴയും നെടുമുടി വേണുവും ചേര്‍ന്ന് ഈ ദിനത്തിനെ അങ്ങനെയൊരു ദിനമാക്കി മാറ്റുന്നു...

എനിക്കുറപ്പാണ്, എല്ലാവരുടെ ജീവിതത്തിലും ഇതുപോലെ ചില ദിനങ്ങള്‍ക്ക് ചില ബന്ധങ്ങള്‍ കാണും, ആ ബന്ധങ്ങള്‍ക്ക് ചില പ്രത്യേകതകളും കാണും... ചുമ്മാ ഒന്നാലോചിച്ചുനോക്കിക്കോളൂ...