2020 മേയ് 27

സ്മരണയില്‍ നിറയുന്ന കൌതുകം

ഇന്ന് 2020 മെയ് മാസം 27, ബുധനാഴ്ച.

ഓരോ ദിവസവും ഇവിടെ ഒട്ടേറെപ്പേർക്ക് ജന്മം നൽകുന്നു..
ഒട്ടേറെപ്പേരെ ഇവിടെനിന്നും  കൊണ്ടുപോകുന്നു..
ഒട്ടേറെ സംഭവങ്ങൾ എല്ലാവർക്കുമായി  കാണിച്ചു തരുന്നു..


മെയ് 27 എന്ന ദിവസവും വ്യത്യസ്തമല്ല..
മറ്റു ദിവസങ്ങളിലേതുപോലെ ഈ ദിവസവും   ഒട്ടേറെപ്പേർക്ക് ജന്മം നൽകിയിട്ടുണ്ട്.. 
ഒട്ടേറെപ്പേരെ ഇവിടെനിന്നും കൊണ്ടുപോയിട്ടുണ്ട്.. 
ഒട്ടേറെ സംഭവങ്ങൾ എല്ലാവർക്കുമായി  കാണിച്ചുതന്നിട്ടുമുണ്ട്.. 

ആ ഒട്ടേറെപ്പേരുടെ ലിസ്റ്റിൽനിന്നും രണ്ടുപേരെ തത്ക്കാലം എടുക്കാം. എന്നിട്ട് അവരുമായി ബന്ധപ്പെട്ട കൗതുകം നിറഞ്ഞ ഒരു കാര്യം പറയാം..

മലയാളത്തിന്, മലയാളികൾക്ക്, ഏറെ പ്രിയപ്പെട്ട രണ്ടു പേരുടെ കാര്യമാണ് പറയാനുള്ളത്...
പ്രിയങ്കരനായ കലാകാരൻ ഒടുവിൽ ഉണ്ണിക്കൃഷ്ണൻ..
പ്രിയങ്കരനായ സാഹിത്യകാരൻ ഓ എൻ വി കുറുപ്പ്.. 


തുടക്കത്തിൽ നമുക്ക് ഒടുവിലിലേക്ക് പോകാം..

ഇന്ന് അതായത് മെയ് 27 അദ്ദേഹത്തിന്‍റെ  ചരമവാർഷികദിനമാണ്.
2006 മെയ് 27ന്, കോഴിക്കോട് വച്ച്, തന്‍റെ 62ആം വയസ്സിലാണ് അദ്ദേഹം അന്തരിച്ചത്.

ഇനി ഓ.എൻ.വിയുടെ കാര്യമെടുത്താലോ..

ഇന്ന് അതായത് മെയ് 27 അദ്ദേഹത്തിന്‍റെ  ജന്മവാർഷികദിനമാണ്.
കൊല്ലം ജില്ലയിലെ ചവറയിലുള്ള ഒറ്റപ്ലാക്കൽ എന്ന കുടുംബത്തിൽ, O.N.കൃഷ്ണക്കുറുപ്പ്-K.ലക്ഷ്മിക്കുട്ടിയമ്മ ദമ്പതികളുടെ മകനായി 1931 മെയ് 27നാണ്, ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലുക്കുറുപ്പ് എന്ന O.N.V.കുറുപ്പ് ജനിച്ചത്.

2016 ഫെബ്രുവരി 13ന്, തിരുവനന്തപുരത്ത് വച്ചാണ് തന്‍റെ 84ആം വയസ്സിൽ അദ്ദേഹം അന്തരിച്ചത്.

O.N.V-യിൽ നിന്നും തിരിച്ച് ഒടുവിലിലേക്ക് വന്നാൽ ഇവർ തമ്മിലുള്ള കൗതുകകരമായ ബന്ധത്തിന് പൂർണ്ണതയാകും.

കാര്യം വേറൊന്നുമല്ല..

ഒടുവിൽ ഉണ്ണിക്കൃഷ്ണന്‍റെ ജന്മവാർഷിക 
ദിനമാണ് ഫെബ്രുവരി 13.
തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരിയിലെ എങ്കക്കാട്ട് ഒടുവിൽ വീട്ടിലെ കൃഷ്ണമേനോൻ-പാറുക്കുട്ടിയമ്മ ദമ്പതികളുടെ മകനായി ഒടുവിൽ ഉണ്ണിക്കൃഷ്ണ മേനോൻ എന്ന ഒടുവിൽ ഉണ്ണിക്കൃഷ്ണൻ ജനിച്ചത്  1944 ഫെബ്രുവരി 13നാണ്.

പറഞ്ഞുവന്നതിലെ കൗതുകം എന്താന്നുള്ളത് പിടികിട്ടിക്കാണൂലോല്ലേ... ഇല്ലെങ്കി ദാ ചുരുക്കിപ്പറയാം...

ഒടുവിൽ ഉണ്ണിക്കൃഷ്ണന്‍റെ ചരമവാർഷികദിനവും O.N.V.കുറുപ്പിന്‍റെ 
ജന്മവാർഷികദിനവും ഒന്നാണ് - 
മെയ് 27.

അതുപോലെതന്നെ,

ഒടുവിൽ ഉണ്ണിക്കൃഷ്ണന്‍റെ ജന്മവാർഷികദിനവും 
O.N.V.കുറുപ്പിന്‍റെ ചരമവാർഷികദിനവും ഒന്നാണ് - ഫെബ്രുവരി 13. 

കുറെ തിരഞ്ഞാൽ കൗതുകങ്ങൾ ഇനിയും ഒരുപക്ഷെ കിട്ടിയേക്കും. തത്ക്കാലം ഒരെണ്ണം കൂടെ പറയാം.
O.N.V.കുറുപ്പ് ജനിച്ച 1931ലെ മെയ് 27ഉം ഒരു ബുധനാഴ്ച ആയിരുന്നു.        



ഒടുവിൽ ഉണ്ണിക്കൃഷ്ണൻ

[ജനനം : 1944 ഫെബ്രുവരി 13
ചരമം : 2006 മെയ് 27] 
O.N.V.കുറുപ്പ്

[ജനനം : 1931 മെയ് 27
ചരമം : 2016 ഫെബ്രുവരി 13 ]


      

2019 ഫെബ്രു 2

അദ്ധ്യായങ്ങള്‍ അവസാനിക്കാതിരുന്നെങ്കില്‍.....


ഇന്ന് (2019 ഫെബ്രുവരി 2), നോര്‍ത്ത് പറവൂരിലെ ഷഫാസ് തീയേറ്ററിലെ, ബ്രൌണ്‍ സ്ക്വയറിലെ A11 എന്ന സീറ്റിലിരുന്ന് 01:30യ്ക്ക് ആരംഭിച്ച ഷോ കണ്ടിരുന്ന്, 03:58ന് സീറ്റില്‍ നിന്നും എഴുന്നേല്‍ക്കുന്ന സമയത്ത്, വളരെ ആത്മാര്‍ഥമായി ആഗ്രഹിച്ചുപോയ കാര്യമായിരുന്നു ഇത്...

"അദ്ധ്യായങ്ങള്‍ അവസാനിക്കാതിരുന്നെങ്കില്‍" 

ഒരു സിനിമ കാണാനായിരുന്നു പോയത്. തിരികെ വന്നത് വലിയൊരു അനുഭവത്തെ നേടിയിട്ടാണ് ; അവിടെയിരുന്നത് ആ 'അനുഭവത്തെ' അനുഭവിച്ചുകൊണ്ടായിരുന്നു..

"പേരന്‍പ്"
ഈയൊരു അനുഭവത്തെക്കുറിച്ച് എന്താ പറയണ്ടേ..? എന്താ എഴുതണ്ടേ..?  എനിക്കറിയില്ല..

ഒന്നിനും വാക്കുകളില്ല എന്നതാണ് സത്യം.. മാത്രല്ല പലരും ഇതിനോടകം ഒരുപാട് പറഞ്ഞിട്ടും എഴുതീട്ടുമൊക്കെയുണ്ടാവൂലോ.. അതിലേറെ എന്ത് പറയാന്‍...!!! എന്തെഴുതാന്‍...!!! 




ആ മകളെ, പാപ്പായെ, ഒരുപാട് ഒരുപാട് ഒരുപാട് ഒരുപാട് ഒരുപാട് ഇഷ്ടായി... അവളുടെ ലോകത്ത്, അവളുടെ കൂടെയിരുന്ന സമയത്ത് പലപ്പോഴും അവളെ കെട്ടിപ്പിടിച്ചിരിക്കാന്‍ തോന്നി..കെട്ടിപ്പിടിച്ച് ഒത്തിരിയൊത്തിരി സ്നേഹത്തോടെ, ഒത്തിരിയുമ്മകള്‍ കൊടുക്കാന്‍ തോന്നി..
സാധനാ...പാപ്പാ... എന്നെങ്കിലും നേരില്‍ കാണാനുള്ള ഭാഗ്യമുണ്ടായാല്‍, അന്ന് എന്‍റെയീ സമ്മാനം തരും...



അതുപോലെ, ആ അച്ഛനെ, അമുദവനെ.... ആളെയും ഒന്ന് കെട്ടിപ്പിടിക്കണം, ഒത്തിരി സ്നേഹത്തോടെ ഒന്നുമ്മവയ്ക്കണം.. 
മമ്മൂട്ടി എന്ന് പറയുന്ന നടനെയും വ്യക്തിയെയും പണ്ടേ ഇഷ്ടപ്പെടുന്ന ആളാണ്‌... ഒന്ന് കെട്ടിപ്പിടിക്കാനും ഉമ്മ കൊടുക്കാനും പോയിട്ട്, ഒന്ന് കാണാനും സംസാരിക്കാനും തൊടാനും ഒത്തിരി കൊതിച്ചിട്ടുണ്ട്.. ഇപ്പഴും ആ കൊതിയുണ്ട്...
അമുദവന്‍, എന്‍റെ ആ കൊതി, ആ ആര്‍ത്തി, ഏറെ കൂട്ടി...



അടുത്തത്, സംവിധായകനും എഴുത്തുകാരനുമായ റാം... ആദ്യമായിട്ടാണ് അദ്ദേഹത്തെ അറിയുന്നത്.. അനുഭവിക്കുന്നത്.. അദ്ദേഹത്തിനുമുണ്ട്, കൊടുക്കാനായി എന്‍റെയൊരു പ്രത്യേക സമ്മാനം..
ഒപ്പം അറിയിക്കാന്‍ ഒരാഗ്രഹവും... പേരന്‍പ് എന്ന സൃഷ്ടിയെപ്പറ്റി, പേരന്‍പിന്‍റെ സൃഷ്ടിയെപ്പറ്റി, അതിനുള്ള ഒരുക്കങ്ങളെപ്പറ്റി എല്ലാം അദ്ദേഹം വിശദമായി എഴുതിയിരുന്നെങ്കില്‍... എനിക്ക് തോന്നുന്നു, സിനിമ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉപകാരപ്പെടുന്ന വലിയൊരു പാഠപുസ്തമാക്കാന്‍ സാധിക്കുമത്..      

വിജിയ്ക്കും, മീരയ്ക്കും, ബാബുവിനും, പാപ്പായോട് ഭക്ഷണം കഴിക്കാന്‍ പറയുന്ന ആ 'സഹോദരനും'... ഒരുപാട് സ്നേഹം...ഒരുപാട് സ്നേഹം... 

കണ്ണിനിമ്പമാര്‍ന്ന കാഴ്ചയൊരുക്കിയ തേനി  ഈശ്വര്‍.. 
കാതിനിമ്പമാര്‍ന്ന  സംഗീതമൊരുക്കിയ യുവന്‍ ശങ്കര്‍ രാജ...                               
മനസ്സിനിമ്പമാര്‍ന്ന പേരന്‍പ് എന്ന സ്വര്‍ഗം ഒരുക്കാന്‍ പ്രയത്നിച്ച മറ്റെല്ലാവര്‍ക്കും നന്ദി..സ്നേഹം..

NATURE is SPECIAL
   NATURE is VERY SPECIAL
      NATURE is LOVE
         NATURE is GREAT LOVE

                                    ഇപ്പോഴും ആഗ്രഹിക്കുന്നു 

                             അദ്ധ്യായങ്ങള്‍ തുടര്‍ന്നിരുന്നെങ്കില്‍  

   
                                              അദ്ധ്യായങ്ങള്‍                                                                             അവസാനിക്കാതിരുന്നെങ്കില്‍

2017 നവം 1

വേഗം...

പോകും പോകും
കോളുകള്‍,പിന്നെ-
പ്പിന്നെയാട്ടെന്ന് 
പറഞ്ഞിരുന്നാല്‍,
പോകും പോകും
നാളുകളങ്ങനെ
പയ്യെപ്പയ്യെ-
ക്കൊല്ലത്തില്‍...

പോകെപ്പോകെ
കാലമ,തങ്ങനെ
നിന്നുടെ പേരു-
പറഞ്ഞീടാന്‍,
പാകൂ പാകൂ
നല്‍ഗുണവിത്തുക-
ളുലകപ്പാട-
ത്തെങ്ങെങ്ങും..

2015 സെപ്റ്റം 27

പാമ്പും കോണിയും



അത്രമേൽ താൽപ്പര്യമില്ലാതിരുന്നിട്ടും
പലവട്ടം ഞാൻ നൂറിലെത്തി...!
കോണികൾ കേറിയും കോളങ്ങൾ ചാടിയും
പലവട്ടം ഞാൻ നൂറിലെത്തി...!
'വിജയി'യെന്നൊരു പേ,രതും നേടി...

ആവേശമില്ലായിരുന്നൂ ; ലവലേശം-

ആവശ്യമില്ലായിരുന്നൂ ; സത്യത്തിൽ-
ആ വിജയമീ ഞാൻ കൊതിച്ച കാര്യങ്ങളിൽ
മാത്രമായ്ത്തീർന്നിരുന്നെങ്കിൽ,
ഉണ്ടാകുമായിരുന്നൂ എനിക്കാവേശം;
ഒപ്പം, ജീവിക്കുവാനുള്ള കൊതിയും...!

ഇന്നില്ല ജീവിക്കുവാനുള്ള ആവേശ-

മിന്നില്ല ജീവിതത്തോടുള്ള കൊതിയും...!!
ഇന്നില്ല ജീവിക്കുവാനുള്ള ആവേശ-
മിന്നില്ല ജീവിതത്തോടുള്ള കൊതിയും...!!

കട്ടയിൽ ഒന്നിട്ടകത്തു കേറുന്ന ഞാൻ
വല്ലാതെ വേച്ചുപോകുന്നു നീങ്ങുമ്പോൾ...!
കോണികൾ കേറുവാൻ കോളങ്ങൾ ചാടുവാൻ
ആവാതെയാകുന്നു ഇപ്പൊ കളിക്കുമ്പൊ...!
എതിരാളിയില്ലേലും തോറ്റു പോകുന്നു ഞാൻ,
ഇല്ലെങ്കിൽ അറ്റത്ത് എത്തുവാൻ വൈകുന്നു...!

കോളമോരോന്നിലും വേച്ചു പോം കാൽ വച്ച്  

കോണിയുടെ അരികിലെത്തുമ്പോൾ...
കഷ്ട,മെന്നല്ലാതെ എന്തു പറയേണ്ടു...!!!
അക്കളം തന്നിൽ കാൽ തൊട്ടിടാതെ വേഗ-
മക്കളം ചാടിക്കടക്കുവാനായിട്ട് നിർബന്ധ-
ബുദ്ധിയാൽ വാശിയാൽ നിർത്താതെ
എന്നോട് പറയുന്നു കട്ട...
കഷ്ടകാലമാം കട്ട...!

കോളമോരോന്നിലും വേച്ചുപോം കാൽ വച്ച്  

പാമ്പിന്‍റെ അരികിലെത്തുമ്പോൾ....
കഷ്ട,മെന്നല്ലാതെ എന്തു പറയേണ്ടു...!!!
അക്കളം ചാടിക്കടക്കുവാനായിട്ട്
നന്നായി മോഹിച്ചിരിക്കുന്ന നേരത്ത്...        
കഷ്ട,മെന്നല്ലാതെ എന്തു പറയേണ്ടു...!!!
ഒന്നു,ര,ണ്ടല്ലെങ്കിൽ മൂന്നു,നാ,ലല്ലെങ്കിൽ 
അഞ്ചു വീണല്ലെങ്കി,ലാറുവീണ്,
പാമ്പിന്‍റെ വായിലേ,ക്കാവഴി വയറ്റിലേ-
ക്കാവഴി വാലറ്റ,മെത്തിടുന്നൂ...!
അന്നേരമക്കളം ചാടിക്കടക്കുവാൻ 
സമ്മതിക്കാതെന്നെ നോക്കിച്ചിരിച്ചുകൊ-
ണ്ടയ്യോ പരിഹസിച്ചീടുന്നു കട്ട...
കഷ്ടകാലമാം കട്ട...!     

കഷ്ട,മെന്നല്ലാതെ എന്തു പറയേണ്ടു...!!!

കഷ്ടകാലമെന്നല്ലാതെ,യെന്തു കരുതേണ്ടു...!!!

2015 സെപ്റ്റം 26

വാക്ക്


"എന്നെന്നു,മെന്നു,മീ ജീവിതത്തിൽ
എന്നു,മെപ്പോഴുമീ ജീവിതത്തിൽ 
കൈവിടാതെപ്പൊഴും നിന്നോടുകൂടെ 
സ്നേഹിച്ചുകൊണ്ടു ഞാൻ കൂടെനിൽക്കാം"       
      എന്നുള്ള വാക്കൊന്ന് നിങ്ങളാരും 
      'നിശ്ചയം' പോലെ പറഞ്ഞുകൂടാ.

കാരണം...?

കാരണം ഇത്രയേയുള്ളു...
       നിങ്ങൾ മനുഷ്യനാ-
       ണതുകൊണ്ടു തന്നെ,
       വാക്കെപ്പൊൾ വേണേലും      
       മാറാം, മനസ്സുപോൽ...

അക്കാരണത്താൽ നിങ്ങളാരും, 

നിങ്ങളെ സ്നേഹിച്ചു കൂടെ നിൽക്കാൻ 
മനസ്സുള്ളയാൾകളോടൊട്ടുമൊട്ടും 
നിശ്ചയം പോലെ പറഞ്ഞുകൂടാ    
       "എന്നെന്നു,മെന്നു,മീ ജീവിതത്തിൽ
       എന്നു,മെപ്പോഴുമീ ജീവിതത്തിൽ 
       കൈവിടാതെപ്പൊഴും നിന്നോടുകൂടെ 
       സ്നേഹിച്ചുകൊണ്ടു ഞാൻ കൂടെനിൽക്കാം"
എന്നുള്ള വാക്കൊന്ന് നിങ്ങളാരും...!

അഥവാ,

നിങ്ങൾ തൻ സ്വന്തം  മനസ്സൊട്ടുമൊട്ടും
ചാഞ്ചാടുകില്ലെ,ന്നുറപ്പു,ള്ളിലുണ്ടേൽ  
പറയാൻ മടിക്കണ്ട; നൽകാൻ മടിക്കേണ്ട;
       "എന്നെന്നു,മെന്നു,മീ ജീവിതത്തിൽ
       എന്നു,മെപ്പോഴുമീ ജീവിതത്തിൽ 
       കൈവിടാതെപ്പൊഴും നിന്നോടുകൂടെ 
       സ്നേഹിച്ചുകൊണ്ടു ഞാൻ കൂടെനിൽക്കാം"
       എന്നുള്ള വാക്കൊന്ന് നിങ്ങളാരും...!