2017, നവം 1

വേഗം...

പോകും പോകും
കോളുകള്‍,പിന്നെ-
പ്പിന്നെയാട്ടെന്ന് 
പറഞ്ഞിരുന്നാല്‍,
പോകും പോകും
നാളുകളങ്ങനെ
പയ്യെപ്പയ്യെ-
ക്കൊല്ലത്തില്‍...

പോകെപ്പോകെ
കാലമ,തങ്ങനെ
നിന്നുടെ പേരു-
പറഞ്ഞീടാന്‍,
പാകൂ പാകൂ
നല്‍ഗുണവിത്തുക-
ളുലകപ്പാട-
ത്തെങ്ങെങ്ങും..

2015, സെപ്റ്റം 27

പാമ്പും കോണിയും



അത്രമേൽ താൽപ്പര്യമില്ലാതിരുന്നിട്ടും
പലവട്ടം ഞാൻ നൂറിലെത്തി...!
കോണികൾ കേറിയും കോളങ്ങൾ ചാടിയും
പലവട്ടം ഞാൻ നൂറിലെത്തി...!
'വിജയി'യെന്നൊരു പേ,രതും നേടി...

ആവേശമില്ലായിരുന്നൂ ; ലവലേശം-

ആവശ്യമില്ലായിരുന്നൂ ; സത്യത്തിൽ-
ആ വിജയമീ ഞാൻ കൊതിച്ച കാര്യങ്ങളിൽ
മാത്രമായ്ത്തീർന്നിരുന്നെങ്കിൽ,
ഉണ്ടാകുമായിരുന്നൂ എനിക്കാവേശം;
ഒപ്പം, ജീവിക്കുവാനുള്ള കൊതിയും...!

ഇന്നില്ല ജീവിക്കുവാനുള്ള ആവേശ-

മിന്നില്ല ജീവിതത്തോടുള്ള കൊതിയും...!!
ഇന്നില്ല ജീവിക്കുവാനുള്ള ആവേശ-
മിന്നില്ല ജീവിതത്തോടുള്ള കൊതിയും...!!

കട്ടയിൽ ഒന്നിട്ടകത്തു കേറുന്ന ഞാൻ
വല്ലാതെ വേച്ചുപോകുന്നു നീങ്ങുമ്പോൾ...!
കോണികൾ കേറുവാൻ കോളങ്ങൾ ചാടുവാൻ
ആവാതെയാകുന്നു ഇപ്പൊ കളിക്കുമ്പൊ...!
എതിരാളിയില്ലേലും തോറ്റു പോകുന്നു ഞാൻ,
ഇല്ലെങ്കിൽ അറ്റത്ത് എത്തുവാൻ വൈകുന്നു...!

കോളമോരോന്നിലും വേച്ചു പോം കാൽ വച്ച്  

കോണിയുടെ അരികിലെത്തുമ്പോൾ...
കഷ്ട,മെന്നല്ലാതെ എന്തു പറയേണ്ടു...!!!
അക്കളം തന്നിൽ കാൽ തൊട്ടിടാതെ വേഗ-
മക്കളം ചാടിക്കടക്കുവാനായിട്ട് നിർബന്ധ-
ബുദ്ധിയാൽ വാശിയാൽ നിർത്താതെ
എന്നോട് പറയുന്നു കട്ട...
കഷ്ടകാലമാം കട്ട...!

കോളമോരോന്നിലും വേച്ചുപോം കാൽ വച്ച്  

പാമ്പിന്‍റെ അരികിലെത്തുമ്പോൾ....
കഷ്ട,മെന്നല്ലാതെ എന്തു പറയേണ്ടു...!!!
അക്കളം ചാടിക്കടക്കുവാനായിട്ട്
നന്നായി മോഹിച്ചിരിക്കുന്ന നേരത്ത്...        
കഷ്ട,മെന്നല്ലാതെ എന്തു പറയേണ്ടു...!!!
ഒന്നു,ര,ണ്ടല്ലെങ്കിൽ മൂന്നു,നാ,ലല്ലെങ്കിൽ 
അഞ്ചു വീണല്ലെങ്കി,ലാറുവീണ്,
പാമ്പിന്‍റെ വായിലേ,ക്കാവഴി വയറ്റിലേ-
ക്കാവഴി വാലറ്റ,മെത്തിടുന്നൂ...!
അന്നേരമക്കളം ചാടിക്കടക്കുവാൻ 
സമ്മതിക്കാതെന്നെ നോക്കിച്ചിരിച്ചുകൊ-
ണ്ടയ്യോ പരിഹസിച്ചീടുന്നു കട്ട...
കഷ്ടകാലമാം കട്ട...!     

കഷ്ട,മെന്നല്ലാതെ എന്തു പറയേണ്ടു...!!!

കഷ്ടകാലമെന്നല്ലാതെ,യെന്തു കരുതേണ്ടു...!!!

2015, സെപ്റ്റം 26

വാക്ക്


"എന്നെന്നു,മെന്നു,മീ ജീവിതത്തിൽ
എന്നു,മെപ്പോഴുമീ ജീവിതത്തിൽ 
കൈവിടാതെപ്പൊഴും നിന്നോടുകൂടെ 
സ്നേഹിച്ചുകൊണ്ടു ഞാൻ കൂടെനിൽക്കാം"       
      എന്നുള്ള വാക്കൊന്ന് നിങ്ങളാരും 
      'നിശ്ചയം' പോലെ പറഞ്ഞുകൂടാ.

കാരണം...?

കാരണം ഇത്രയേയുള്ളു...
       നിങ്ങൾ മനുഷ്യനാ-
       ണതുകൊണ്ടു തന്നെ,
       വാക്കെപ്പൊൾ വേണേലും      
       മാറാം, മനസ്സുപോൽ...

അക്കാരണത്താൽ നിങ്ങളാരും, 

നിങ്ങളെ സ്നേഹിച്ചു കൂടെ നിൽക്കാൻ 
മനസ്സുള്ളയാൾകളോടൊട്ടുമൊട്ടും 
നിശ്ചയം പോലെ പറഞ്ഞുകൂടാ    
       "എന്നെന്നു,മെന്നു,മീ ജീവിതത്തിൽ
       എന്നു,മെപ്പോഴുമീ ജീവിതത്തിൽ 
       കൈവിടാതെപ്പൊഴും നിന്നോടുകൂടെ 
       സ്നേഹിച്ചുകൊണ്ടു ഞാൻ കൂടെനിൽക്കാം"
എന്നുള്ള വാക്കൊന്ന് നിങ്ങളാരും...!

അഥവാ,

നിങ്ങൾ തൻ സ്വന്തം  മനസ്സൊട്ടുമൊട്ടും
ചാഞ്ചാടുകില്ലെ,ന്നുറപ്പു,ള്ളിലുണ്ടേൽ  
പറയാൻ മടിക്കണ്ട; നൽകാൻ മടിക്കേണ്ട;
       "എന്നെന്നു,മെന്നു,മീ ജീവിതത്തിൽ
       എന്നു,മെപ്പോഴുമീ ജീവിതത്തിൽ 
       കൈവിടാതെപ്പൊഴും നിന്നോടുകൂടെ 
       സ്നേഹിച്ചുകൊണ്ടു ഞാൻ കൂടെനിൽക്കാം"
       എന്നുള്ള വാക്കൊന്ന് നിങ്ങളാരും...!

2013, ജനു 2

ആഴ്ചയിൽ മാത്രം!













ഞാനെന്ന മനുഷ്യന്‍റെ മോഹങ്ങൾക്കായിട്ട്

ഞായറാഴ്ചകൾ ഞാണു കെട്ടുന്നൂ..!

തിട്ടപ്പെടുത്താതെ ചിട്ടപ്പെടുത്താതെ
തിങ്കളാഴ്ചകളൊക്കെത്തരിക്കുന്നു..!

ചൊവ്വേ,തതല്ലാത്തതേതെന്നു ചൊല്ലാതെ
ചൊവ്വാഴ്ചകളോ ചിരിച്ചുനിൽക്കുന്നൂ..!

ബുദ്ധിയു,മില്ലാത്ത ബുദ്ധിയും ചേർത്തെന്നെ
ബുധനാഴ്ചകൾ ബുദ്ധിമുട്ടിച്ചുപോകുന്നു..!

'വ്യാമോഹമാകില്ല',യെന്നു തോന്നിപ്പിച്ച്
വ്യാഴാഴ്ചകൾ വാക്കു ചൊല്ലിടുന്നൂ..!

'വെട്ടിപ്പിടിക്കുവാനാകുമോ സ്വപ്‌നങ്ങൾ?'
വെള്ളിയാഴ്ചകളെല്ലാം വെറുതെ ചോദിക്കുന്നു..!

ശരിയാവുകില്ലെ,ന്നറിഞ്ഞതിൻ കാരണം
ശനിയാഴ്ചകൾ ശവം സംസ്ക്കരിക്കുന്നൂ..!


ആരാരുമറിയാതെ മോഹചാരങ്ങൾ
ആറ്റിലൊഴുക്കുന്നു ഞാനെന്ന മാനവൻ...!
ഞാനെന്ന മനുഷ്യന്‍റെ മോഹങ്ങള്‍ക്കൊക്കെയും
ആഴ്ചയിൽ മാത്രം ജീവിതം നേരിൽ...!

2012, ഒക്ടോ 9

ആ തണലിൽ ഇത്തിരി നേരം...


പണ്ട്...  
പണ്ടുപണ്ടൊരിടത്തൊരു
വന്മരമുണ്ടായിരുന്നു...
നല്ല തടി,നല്ല വടിവൊത്ത ദേഹം!
അതിലുണ്ടായിരുന്നസ്സൽ-
ചില്ലകളുമിലകളും...
ഒരു വലിയ കുടപോലെ,യതു നിന്ന നേരം
ഒരുകൂട്ടമാളുകളതിൻ കീഴിൽ തങ്ങി...
മഴയിലും വെയിലിലും രാപ്പകലുകളിലും
കഴിയുവോളം അതൊരുപകാരമായി.
കഴിവൊന്നുകൊണ്ടുചിലർ ചില്ലകളിലേറി
കഴിയാത്തവർ താഴെ വേരിലമർന്നൂ...
ചിലർ മണ്ണിലും ചിലർ മറ്റിടങ്ങളിലും
അല്ലലുകളേശാതെ കാലം കഴിച്ചൂ...
അല്ലലുകളോടെയും കാലം കഴിച്ചൂ...

ഒരുയുഗം മാറി മറ്റൊന്നെത്തിടും നേരം
ചിലരൊക്കെയവിടുന്നു താമസം മാറി...
ഒരുമിച്ചു നിന്നവർ പലവഴിക്കായി-പിന്നെ-
കാണലുകളൊക്കെയും വിധിപോലെയായി.

പുതുയുഗമെത്തുന്ന നേരത്തുതന്നെ 
ചിലരൊക്കെ പുതിയതായവിടെയെത്തി.
അവിടെയുള്ളോരും പുതിയവരുമൊന്നിച്ച്       
പുതുതായ് തുടങ്ങീ ഒരു യുഗം പിന്നെ.

അങ്ങനെയുള്ളോ,രേതോയുഗത്തിൽ 
നീയവിടെ പുതിയതായ് വന്നു ചേർന്നു.
അന്നേരമാ,മരത്തണലത്തു ഞാനും-
കൂടെക്കുറേപ്പേരുമുണ്ടായിരുന്നു...

ഒന്നൊന്നായ് നാളുകൾ മെല്ലെയും പാഞ്ഞും

വന്നൂ ; പിന്നാലെ പോയ്‌ മറഞ്ഞൂ...
എന്നെന്നുമങ്ങിനെ നീങ്ങിയ നാൾകളിൽ
നീങ്ങീ നമ്മളും ഒപ്പത്തിനൊപ്പം...

അന്നൊന്നും നമ്മൾ മിണ്ടിയില്ലാ-തമ്മിൽ-
ഒന്നുപോലും അതിൽ ചിന്തിച്ചുമില്ലാ...
എന്നും വരും;കാണു,മത്രതന്നെ-
യതിലേറെയാ,യൊന്നുമന്നുണ്ടായതില്ലാ...

പിന്നെക്കുറെയുഗജന്മമരണങ്ങൾ-
കണ്ടു നാം;ചില്ലകളിലേറി മുന്നേറി...
'വീഴുമോ വീഴില്ലയോ!'-ചിന്തകളിലും 
ഒരു ചില്ലയിൽത്തന്നെയൊന്നിച്ചുകൂടി...

ആ യുഗത്തിൻ, ഒരു വസന്തത്തിൽ,
ചില്ലകളിലൊക്കെയും പൂക്കൾ നിറഞ്ഞൂ...
ആ മരത്തിൽ, പല വർണപ്പൂക്കൾ 
ചിരിതൂകിയൊട്ടേറെ കളമൊരുക്കീ...

ആ ചാരുപൂക്കാലശോഭയിൽ നമ്മൾ 
ആദ്യമായ് തമ്മിലറിഞ്ഞു മിണ്ടി...
ആചാര്യപാദം പതിഞ്ഞൊരാവേദിയിൽ 
ആദ്യമായ് തമ്മിൽ നാം പുഞ്ചിരിച്ചു.

ആ യുഗം യാത്ര തുടർന്നൂ;നമ്മളോ-
നമ്മുടെ യാത്ര തുടർന്നൂ...
ആദ്യമുണ്ടായപോ,ലന്ത്യമുണ്ടായി;
നമ്മുടെ യാത്രയോ നിന്നൂ-വിധിയാലെ-
നമ്മുടെ യാത്ര നിർത്തേണ്ടി വന്നൂ!

കരയേണ്ടി വന്നൂ പലര്‍ക്കും;കരയാതെ-
കണ്ണീരൊളിപ്പിച്ചു ചിരിച്ചൂ പലരും...
പിരിയേണ്ടി വന്നൂ നമുക്കും;നമ്മളെ -
പ്പോലവിടെയുണ്ടായിരുന്നവര്‍ക്കും.

ഒന്നിച്ചിരുന്നൊരാ ചില്ലയെ വിട്ട്,
ഒന്നിച്ചിരുത്തിയൊരാ മരം വിട്ട്,
ഒരുപാടൊരുപാടു ദൂരേക്കു നമ്മൾ  
ഒരുവേള,യന്നതിൽ പറന്നുപോയി...
_____
_______
_________

അവിടെനിന്നിവിടേക്കു നീണ്ടൊരാ യാത്രയിൽ 
പലതവണ നാം കണ്ടു; കാണാതിരുന്നൂ...
പലതവണ നാം മിണ്ടി; മിണ്ടാതിരുന്നൂ...
ഇവിടെ നിന്നെവിടെക്കോ നീളുന്ന യാത്രയിൽ  
നാം തമ്മിൽ കണ്ടേക്കാം; കാണാതിരുന്നേക്കാം!
പലതും പറഞ്ഞേക്കാം; പറയാതിരുന്നേക്കാം!
എങ്കിലും പറയട്ടെ...
ആ വന്മരം നമുക്കേകിയപോൽ സുഖം
ഇനിയൊരേടത്തും നമുക്കുണ്ടാവുകില്ല.
_____
_______
_________

ഇന്നുമുണ്ടാമരം; അവിടെയുണ്ടാളുകൾ;
നാമറിയുന്നോരുമറിയാത്ത കൂട്ടരും...
ആകുമെങ്കിൽ ഇടയ്ക്കതിനെയോർക്കുക;
ആകുമെങ്കിൽ ഇടയ്ക്കവിടെയെത്തീടുക.
വിധിയതെങ്കിൽ-
   ഒന്നിച്ചിരിക്കാം ആ മരത്തണലിൽ  
   എല്ലാരുമൊന്നിച്ചൊരിത്തിരി നേരം.                 

(എൻറെ ഏറ്റവും അടുത്ത കൂട്ടുകാരിൽ ഒരാളായ രാഖിക്ക് ,വിവാഹസമ്മാനമായി എഴുതിയതാണ് ഈ കവിത. ഇതിൽ പറഞ്ഞിരിക്കുന്ന വന്മരം ഞങ്ങൾ പഠിച്ച, സമൂഹം ഹൈസ്കൂളാണ്; അവിടത്തെ ചില ഓർമ്മകളുമായി ബന്ധപ്പെടുത്തിയാണ് ഞാൻ ഇത് എഴുതിയത്.)