2023, ജൂലൈ 7

ഒരു അജ്ഞാത കണക്ഷന്‍!


.....എണീക്കാനും എന്തെങ്കിലും കഴിക്കാനുമൊക്കെ പറഞ്ഞ് അമ്മയുടെ നിര്‍ബന്ധം പിടിക്കല്‍ ശല്യമായപ്പഴോ മറ്റോ ആണ് ഞാന്‍ എഴുന്നേറ്റത്. അപ്പഴാണ് വാട്സപ്പില്‍ ഒരു മെസ്സേജ് പ്രത്യേകം ശ്രദ്ധിച്ചത്. ഒരു ന്യൂസ് ലിങ്ക്. ഊണു കഴിക്കാനിരുന്നപ്പൊ അതേ കാര്യത്തെപ്പറ്റി ടിവിയില്‍ ന്യൂസും കണ്ടു.

ന്യൂസിന്‍റെ കാര്യത്തിലേക്ക് വരാം. അതിനുമുമ്പ് ഒരു കാര്യം..   

   വളരെ വളരെ വളരെ പ്രിയപ്പെട്ട ആളുകളുടെ കാര്യത്തില്‍, അവര്‍ക്കൊരു വയ്യായ്കയോ ടെന്‍ഷനോ വിഷമമോ ഉണ്ടാകുമ്പോ, കുഴപ്പം പിടിച്ച സാഹചര്യങ്ങളിലാണ് അവരുള്ളത് എന്നൊക്കെയുള്ള തോന്നല്‍ വരുമ്പോ, ഒക്കെ, വല്ലാത്തൊരു മാനസികാവസ്ഥയില്‍പ്പെടുന്ന ഒരാളാണ് ഞാന്‍. പലപ്പോഴും അത്തരം സമയങ്ങളില്‍ മനസ്സൊക്കെ കൈവിട്ടു പോകാറുമുണ്ട്. ഇപ്പറഞ്ഞ ആള്‍ക്കാര്‍ക്ക് ഉണ്ടാവുന്നതില്‍ കൂടുതല്‍ ടെന്‍ഷനാകും ആ സമയങ്ങളില്‍ എനിക്ക്. കാടുകേറി കാടുകേറിയൊക്കെ എന്‍റെ ചിന്തകള്‍ പോകും. 

   എന്തിന്?? ആ!! അറിയില്ല..ഞാന്‍ അങ്ങനെയാണ്.. അതേ എനിക്കറിയൂ.. അതേപ്പറ്റി പറയുമ്പോ ഇപ്പറഞ്ഞ കൂട്ടരില്‍ പലരും പലപ്പോഴും എന്നെ കളിയാക്കുകയോ ഉപദേശിക്കുകയോ പഴി പറയുകയോ എന്തിന് എന്നെ ഒരു ശല്യക്കാരനാണെന്ന രീതിയില്‍ പെരുമാറുകയോ ഒക്കെ ചെയ്യാറുണ്ട്.. പക്ഷെ, എന്തോ.. ഞാന്‍ അങ്ങനെയാണ്.. ഒരുപക്ഷെ എന്‍റെ അവസാനശ്വാസം വരെയും എനിക്കങ്ങനെയാകാനേ കഴിയൂ..

   അത്രയേറെ  പ്രിയപ്പെട്ട ആളുകള്‍ക്ക് എന്തെങ്കിലുമൊക്കെ പ്രശ്നം വന്നാല്‍ എന്തെങ്കിലുമൊക്കെ സൂചനകള്‍ എനിക്ക് ഏതെങ്കിലുമൊക്കെ രീതിയില്‍ ചിലപ്പോഴൊക്കെ കിട്ടാറുണ്ട്. എനിക്കുപോലും പിടികിട്ടാത്തൊരു അജ്ഞാത കണക്ഷന്‍. അത് ഇടയ്ക്കിടെ ചിലരുടെ കാര്യത്തില്‍ ഇപ്പോഴും ഉണ്ടാകാറുണ്ട്.   

ഞാനീ പറഞ്ഞുവരുന്നത് അതുപോലൊരു കാര്യത്തെ പറ്റിയാണ്.. രണ്ടുകൊല്ലം മുമ്പത്തെ ഒരു കാര്യം! അന്നത്തെ ഒരു ന്യൂസിന്‍റെ കാര്യം!


2021 ജനുവരി 2

   ഇടക്കിടക്ക്, എപ്പഴൊക്കെയോ വന്നും പോയുമിരുന്ന ഒരുതരം നെഞ്ചുവേദന അന്ന് രാവിലെ എഴുന്നേറ്റപ്പൊ എനിക്ക് വന്നു.

   എന്തിന് വന്നു? എങ്ങനെ വന്നു? എവിടുന്നു വന്നു? എന്തുകാരണം കൊണ്ട് വന്നു? അതൊന്നും അറിയില്ല. കുറേക്കാലം കൂടിയിട്ടുള്ള ഒരു വരവായിരുന്നു അന്ന്.

   നേരത്തെയും വരാറുണ്ട്, കാര്യമാക്കിയിട്ടില്ല! ഇപ്പഴും വരാറുണ്ട്, കാര്യമാക്കാറില്ല! അന്ന് വന്നപ്പഴും അതുപോലെതന്നെ, കാര്യമാക്കിയില്ല. അത് വരും, തന്നെ പോകും.. അത്രേയുള്ളു ചിന്ത. ആ ചിന്ത ചിലപ്പൊ നല്ലതായേക്കില്ല; എങ്കിലും അതേ ചിന്തിക്കാറുള്ളു ഇന്നും.      

   എന്തായാലും അന്ന് കുറേനേരംകൂടെ കിടക്കാനൊരു കാരണമായല്ലോ എന്നോര്‍ത്ത് വിക്സോ അമൃതാഞ്ജനോ എന്തൊക്കെയോ നെഞ്ചത്തും നെറ്റിയിലുമൊക്കെ വാരിപ്പൂശിയങ്ങ് കിടന്നു. കാലത്ത് കാര്യമായൊന്നും കഴിച്ചിട്ടില്ല.. ഇടക്കെങ്ങാനും എണീറ്റാല്‍ ഒരു കാപ്പി, വീണ്ടും കിടപ്പ്. മയക്കം. വല്ലാത്ത മയക്കം. മാനം പൊട്ടി വീണാലും അറിയാത്ത മട്ടില്‍ മയക്കം..!

അതിനിടയിലാണ്, എണീക്കാനും എന്തെങ്കിലും കഴിക്കാനുമൊക്കെ പറഞ്ഞ് അമ്മയുടെ നിര്‍ബന്ധം പിടിക്കല്‍.. അത് വല്ലാത്ത ശല്യമായപ്പഴോ മറ്റോ ആണ് ഞാന്‍ എഴുന്നേറ്റത്. അപ്പഴാണ് വാട്സപ്പില്‍ വന്ന ആ ഒരു മെസ്സേജ് പ്രത്യേകം ശ്രദ്ധിച്ചത്.

ഉച്ചയ്ക്ക് രണ്ട് രണ്ടരയോടടുത്ത സമയം. സഹപ്രവര്‍ത്തകന്‍ എന്നതിലുപരി ഒരു
കൂട്ടുകാരനെന്നോ ചേട്ടനെന്നോ ഒക്കെ പറയാവുന്ന, റെയിന്‍ബോയിലെ പ്രിയപ്പെട്ട  സുരേഷേട്ടന്‍റെ (RJ സുരേഷ് കാഞ്ഞിരക്കാട്ട്)   മെസ്സേജായിരുന്നു.

ഒരു ന്യൂസ് ലിങ്ക്.
ഊണു കഴിക്കാനിരുന്നപ്പൊ അതേ കാര്യത്തെപ്പറ്റി ടിവിയില്‍ ന്യൂസും കണ്ടു.

"ഹൃദയാഘാതത്തെ തുടര്‍ന്ന് സൗരവ് ഗാംഗുലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു"

   ആ മനുഷ്യന്‍റെ കടുത്ത കടുത്ത കടുത്ത ആരാധകനായ എനിക്ക് അങ്ങനെയൊരു വാര്‍ത്ത വല്ലാത്തൊരു!!!! എന്താ പറയാ..!

   കഴിക്കല്‍ തത്ക്കാലം നിര്‍ത്തിവച്ച് ചാനലുകളായ ചാനലുകളൊക്കെ മാറ്റി മാറ്റി വച്ചുനോക്കി.. മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് എന്നുവേണ്ട സകലമാന ന്യൂസ് ചാനലുകളും നോക്കി. വാര്‍ത്തയും സ്ക്രോളും ഒക്കെ വീണ്ടും വീണ്ടും കാണുമ്പോ, വല്ലാതെ പേടിക്കാന്‍ ഒന്നുമില്ലാന്ന് മനസിലായി.. 

   എന്നാലും ഒത്തിരി പ്രിയപ്പെട്ട മനുഷ്യനല്ലേ.. ഒത്തിരി പ്രിയപ്പെട്ട ജീവനല്ലേ.. ഉള്ളില്‍ വല്ലാത്തൊരു പേടിയുണ്ടായിരുന്നു.

   പിന്നെയങ്ങോട്ട്, കൂടുതല്‍ സമയവും  മൊബൈലില്‍ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നോക്കലായിരുന്നു പരിപാടി. പുള്ളി ഡിസ്ചാര്‍ജ്ജ് ആയി, ആളുകളോട് സംസാരിക്കുന്നത് കാണുന്നതുവരെ ആ നോട്ടം ഞാന്‍ തുടര്‍ന്നു. പേടിച്ച പോലൊന്നും ഉണ്ടായില്ല! പേടിക്കാനൊന്നുമില്ല! ഭാഗ്യം.. അതങ്ങനെയാണ്..

   ഉച്ചയ്ക്കാണ് ഞാനീ വാര്‍ത്ത‍ അറിയുന്നത്. പക്ഷെ അദ്ദേഹത്തിന് വയ്യാതെയാകുന്നത് അന്ന് രാവിലെയാണ്.. അതേ ദിവസം രാവിലെ തന്നെയാണ് ഞാനും നേരത്തെ പറഞ്ഞപോലെ വയ്യാതാകുന്നത്.. 

   ഒരിക്കലെങ്കിലും എനിക്ക് കാണണം എന്നാഗ്രഹിക്കുന്ന, ഞാന്‍ അത്രയേറെ സ്നേഹിക്കുന്ന ആ മനുഷ്യനുമായി എനിക്ക് ഇങ്ങനെയെങ്കിലും ഒരു കണക്ഷന്‍ ഉണ്ടായത് ഒരു ഭാഗ്യായിട്ടാണ് ഞാന്‍ ചിന്തിക്കുന്നത്..

അല്ലേ, അതൊരു ഭാഗ്യല്ലേ? അതെ!

എന്നുമോര്‍ക്കുന്ന, എനിക്ക് മറവിരോഗം വന്നാല്‍പ്പോലും ഞാന്‍ മറക്കാനിടയില്ലാത്ത ഒരു കാര്യം തന്നെയാകും അത്..ഉറപ്പ്! 

   കാര്യം ഒരു വയ്യായ്കയാണ്. എങ്കിലും എന്നെ സംബന്ധിച്ച് ഇതൊരു ഫാന്‍ ബോയ്‌ മൊമന്‍റ് ആണ്. ഇതുപോലൊന്ന് ഒരുപക്ഷെ ആര്‍ക്കും ഉണ്ടായിക്കാണില്ല; ഇനിയൊട്ട് ഉണ്ടാവുകയുമില്ല.

   ഇത് ഞാന്‍ എഴുതുന്നത് 2023 ജൂലൈ 7നാണ്. നാളെ അതായത് ജൂലൈ 8 - അദ്ദേഹത്തിന്‍റെ ബര്‍ത്ത്ഡേയാണ്..
 
കൊല്‍ക്കത്തയുടെ രാജകുമാരന്,
ഉശിരുള്ള ബംഗാള്‍ കടുവയ്ക്ക്,
പ്രിയപ്പെട്ടവരുടെ ദാദയ്ക്ക്,
മഹാരാജാവിന്.........
ഒത്തിരിയൊത്തിരിയൊത്തിരിയൊത്തിരി സ്നേഹം..സ്നേഹം..സ്നേഹം..പ്രാര്‍ത്ഥനകള്‍.. പ്രചോദിപ്പിച്ചുകൊണ്ടേയിരിക്കുന്നതിന് നന്ദി.. 

   ഞാനിങ്ങനെ ഇവിടെയീ എഴുതുന്നത് അദ്ദേഹം കാണാനുള്ള ഒരു സാധ്യതയുമില്ല.. എങ്കിലും ആഗ്രഹിക്കുകയാണ്, അന്നത്തെപ്പോലെയല്ല, സന്തോഷകരമായ രീതിയില്‍ എന്തെങ്കിലും ഒരു കണക്ഷന്‍ എപ്പോഴെങ്കിലും ഉണ്ടായിരുന്നെങ്കില്‍...!

ഒരു അജ്ഞാത കണക്ഷന്‍!


              
              

2022, ഒക്ടോ 11

അറിയാ ബന്ധങ്ങള്‍

 

     ചില ദിനങ്ങള്‍ക്ക് ചില ബന്ധങ്ങള്‍ കാണും. അത് ചിലരുമായുള്ള ബന്ധമാവാം, ചിലര്‍ തമ്മില്‍ തമ്മിലുള്ള ബന്ധമാവാം, മറ്റേതെങ്കിലും വിധത്തിലുള്ള ബന്ധമാവാം... എങ്ങനെയായാലും ചില ദിനങ്ങള്‍ക്ക് ചില ബന്ധങ്ങള്‍ കാണും... അത് ചിലരെ സംബന്ധിച്ച് വല്യ പ്രത്യേകതയുള്ള ബന്ധമായിരിക്കാം, ചിലരെ സംബന്ധിച്ച് ഒരു പ്രത്യേകതയും ഇല്ലാത്തതുമായിരിക്കാം... എന്തുതന്നെയായാലും എനിക്കുറപ്പാണ്, ചില ദിനങ്ങള്‍ക്ക് ചില ബന്ധങ്ങള്‍ കാണും, ആ ബന്ധങ്ങള്‍ക്ക് ചില പ്രത്യേകതകളും കാണും...


ഇന്ന്, ഒക്ടോബര്‍ 11.

എന്നെ സംബന്ധിച്ചിടത്തോളം ഇന്ന് അങ്ങനെയൊരു ദിനമാണ്, പ്രത്യേകിച്ചും ഞാനേറെ ഇഷ്ടപ്പെടുന്ന രണ്ട് പേരുമായി ബന്ധപ്പെട്ട ചില കാര്യങ്ങളില്‍. 

ആ രണ്ടുപേരും തമ്മില്‍ ഒരുതരത്തില്‍ പറഞ്ഞാല്‍ യാതൊരു ബന്ധവുമില്ല, എന്നാല്‍ മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ബന്ധമുണ്ട് താനും...ഒന്നല്ല, ഒന്നിലേറെ...!


അവരുടെ വരവും പോക്കും തമ്മില്‍ത്തന്നെയാണ് ആദ്യത്തെ ബന്ധങ്ങള്‍ - ആ വരവും പോക്കും ഒരേ വര്‍ഷമാണ്‌; അതുപോലെതന്നെ, വ്യത്യസ്ത വര്‍ഷങ്ങളിലാണെങ്കില്‍ക്കൂടി, ഒരേ ദിവസവുമാണ്.  

       

ഞാന്‍ പറഞ്ഞ ആ രണ്ടുപേരില്‍ ആദ്യത്തെ ആള്‍ - ചങ്ങമ്പുഴ കൃഷ്ണപിള്ള.

വര്‍ഷങ്ങള്‍ക്കുമുമ്പ് ഇന്നേ ദിവസമായിരുന്നു, അതായത്, 1911 ഒക്ടോബര്‍ 11നായിരുന്നു അദ്ദേഹം ഇവിടേയ്ക്ക് വന്നത്. വളരെ കുറഞ്ഞ ജീവിതകാലം! അതിനിടയില്‍, ഒട്ടേറെ സുന്ദരരചനകള്‍ നമുക്ക് സമ്മാനിച്ച അദ്ദേഹം 1948 ജൂണ്‍ 17ന് ഇവിടെനിന്നും യാത്രപറഞ്ഞുപോയി!

ഞാന്‍ പറഞ്ഞ രണ്ടുപേരില്‍ രണ്ടാമത്തെ ആള്‍ - നെടുമുടി വേണു

കഴിഞ്ഞ വര്‍ഷത്തിലെ ഇന്നേ ദിവസമായിരുന്നു അതായത് 2021 ഒക്ടോബര്‍ 11നായിരുന്നു അദ്ദേഹം ഇവിടെനിന്നും യാത്രപറഞ്ഞുപോയത്. 1948 മെയ് 22ന് ഇവിടേയ്ക്ക് വന്ന അദ്ദേഹം യാത്രപറഞ്ഞു പോകും മുമ്പ് നമുക്ക്, പ്രത്യേകിച്ചും കേരളത്തിലെ നാടക-ചലച്ചിത്ര കലാസ്വാദകര്‍ക്ക് കൂട്ടായിട്ട് തന്നത് എത്രയെത്ര അനശ്വര കഥാപാത്രങ്ങളെയാണല്ലേ!


രണ്ടുപേരെയും മിക്കവാറും എല്ലാവര്‍ക്കും അറിയുന്നുണ്ടാകും. അഥവാ അറിയില്ലെങ്കിത്തന്നെ ചുമ്മാ ആ പേരൊന്ന് നെറ്റില്‍ ടൈപ്പ് ചെയ്തുകൊടുത്താ മതി... അപ്പൊത്തന്നെ അറിയാന്‍ പറ്റും. അപ്പൊപ്പിന്നെ ഞാനായിട്ട് അതൊന്നും കൂടുതല്‍ പറയണ്ടല്ലോ..

 

എന്തായാലും, ആദ്യം പറഞ്ഞ ആ ബന്ധങ്ങള്‍ കൂടാതെ മറ്റൊരു ബന്ധം കൂടിയുണ്ട്, പ്രത്യേകിച്ചും എന്നെ സംബന്ധിച്ച് ഏറെ പ്രത്യേകതയുള്ള ഒരു ബന്ധം.

ആ ബന്ധത്തിലേക്ക് വരാം...


ചങ്ങമ്പുഴയുടെ രമണന്‍ വായിച്ചിട്ടുണ്ടോ?- എന്ന്‍ ചോദിച്ചാ ഇല്ലാന്ന്‍ ഉത്തരം തരുന്നവര്‍ വളരെ ചുരുക്കമായിരിക്കുംന്ന് തോന്നുന്നു. രമണന്‍ കേട്ടിട്ടുണ്ടോന്ന്‍ ചോദിച്ചാലും ഏറെക്കുറെ ഉത്തരം അതുപോലെതന്നെ ആയിരിക്കും. രമണന്‍ എന്ന കൃതി ഏതാണ്ട് മുഴുവനായി കേട്ടിട്ടുണ്ടോന്ന് ചോദിച്ചാല്‍ ഒരുപക്ഷെ കൂടുതല്‍ പേരും ഇല്ല എന്ന ഉത്തരമാകും തരിക. പക്ഷെ, ഞാന്‍ പറയും, 'കേട്ടിട്ടുണ്ട്, ഒരുപാട് തവണ'     

ഞാന്‍ പറഞ്ഞുവരുന്നത് രമണന്‍ എന്ന ആല്‍ബത്തെപറ്റിയാണ്.

ഇന്നത്തെ എന്‍റെ ആദ്യത്തെ ആളായ ചങ്ങമ്പുഴ രചിച്ച, രമണന്‍ എന്ന അതേ ജനപ്രിയകാവ്യത്തിന്‍റെ നല്ലൊരു സംഗീതാവിഷ്കാരം. ശ്രീവത്സന്‍ ജെ മേനോന്‍, ഇടപ്പള്ളി അജിത്കുമാര്‍ എന്നിവരാണ് അതിന് സംഗീതമൊരുക്കിയത്. ശ്രീവത്സന്‍ ജെ മേനോന്‍, കാവാലം ശ്രീകുമാര്‍രൂപ രേവതി, ഗായത്രി അശോകന്‍ എന്നിവര്‍ രമണനും മദനനും ചന്ദ്രികയും ഭാനുമതിയുമായി  കാവ്യാലാപനം ചെയ്ത ആല്‍ബത്തില്‍ അവര്‍ക്കൊപ്പം, വലിയൊരു സാന്നിധ്യമായി എന്‍റെ ഇന്നത്തെ രണ്ടാമത്തെ ആളും ഉണ്ടായിരുന്നു. രംഗ,കാല,പശ്ചാത്തല വിവരണങ്ങളൊക്കെയും നാമാസ്വദിക്കുന്നത് നെടുമുടി വേണുവിന്‍റെ ശബ്ദത്തിലാണ്. മനോരമ മ്യൂസിക് പുറത്തിറക്കിയ ആ ആല്‍ബം അവസാനിക്കുന്നതും അതായത് രമണന്‍ എന്ന കാവ്യത്തിന്‍റെ അവസാന വരികള്‍ ആ ആല്‍ബത്തില്‍ നാം കേള്‍ക്കുന്നതും അദ്ദേഹത്തിന്‍റെ ശബ്ദത്തിലാണ്.



അതിലിപ്പൊ എന്ത് പ്രത്യേകത എന്ന് തോന്നുന്നുണ്ടാകുംല്ലേ... ഒരാള്‍ എഴുതിയത് ഒരാള്‍ പാടി - അത്രല്ലേയുള്ളൂ! പിന്നെ, ഒരു 1948ഉം ഒരു ഒക്ടോബര്‍ 11ഉം. അതിലപ്പുറം എന്ത് പ്രത്യേകത??

ഉണ്ട്, എന്നെ സംബന്ധിച്ച് ചില പ്രത്യേകതകള്‍ ഉണ്ട്.

രൂപ രേവതി എന്ന ഗായികയുടെ, എന്‍റെ ചേച്ചിയുടെ, പേര് കണ്ടാണ്‌ രമണന്‍ എന്ന ആല്‍ബത്തിന്‍റെ CD വാങ്ങുന്നത്. (ചേച്ചിയുടെ ആദ്യത്തെ ആല്‍ബവും അതാണെന്ന് തോന്നുന്നു) അതിനുശേഷമാണ് ഞാന്‍ രമണന്‍ എന്ന കൃതി വാങ്ങുന്നതും അറിഞ്ഞാസ്വദിച്ചു വായിക്കുന്നതും. അതിനുശേഷമാണ് ചങ്ങമ്പുഴ കൃഷ്ണപിള്ള എന്ന സാഹിത്യകാരനെ കൂടുതല്‍ അറിയാന്‍ ശ്രമിക്കുന്നതും അറിയുന്നതും വായിക്കുന്നതും. അങ്ങനെയാണ് ചങ്ങമ്പുഴ എനിക്കേറ്റവും പ്രിയപ്പെട്ട കവിയാകുന്നതും. അതിലൂടെയാണ് ഞാന്‍ കൂടുതല്‍ എഴുതാനും വായിക്കാനും സാഹിത്യത്തെ അറിയാനുമൊക്കെ ശ്രമിക്കുന്നതും...

അതേമട്ടില്‍ത്തന്നെയാണ് നെടുമുടി വേണു എന്ന നടന്‍റെ കാര്യവും.
എന്‍റെ അമ്മയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് നെടുമുടി വേണു. പക്ഷെ, എന്‍റെ ഫേവറേറ്റ് ലിസ്റ്റില്‍ അദ്ദേഹം ഉണ്ടായിരുന്നില്ല, രമണന്‍ കേള്‍ക്കുന്നതുവരെ. എന്‍റെ ചേച്ചിയ്ക്കൊപ്പം ആല്‍ബത്തിന്‍റെ ക്രെഡിറ്റ് ലിസ്റ്റില്‍ വന്ന പേര്, അസാധ്യരസമുള്ള വിവരണം, അവസാനവരികളുടെ ജീവസ്സുറ്റ ചൊല്ലല്‍ - നെടുമുടി വേണു എന്ന പേരും ആളും അങ്ങനെയാണ് എന്‍റെ ഫേവറേറ്റ് ലിസ്റ്റിലേക്ക് കടക്കുന്നത്. 
             
പറഞ്ഞുപറഞ്ഞു വരുമ്പോള്‍ രമണന്‍ പലവിധത്തില്‍ എനിക്ക് വഴികാട്ടിയായിട്ടുണ്ട്. പ്രത്യേകിച്ചും ഇവിടെ പറഞ്ഞപോലെ, ചങ്ങമ്പുഴയിലേക്കും നെടുമുടി വേണുവിലേക്കും രൂപച്ചേച്ചിയിലേക്കും ഒപ്പം മറ്റ് ചില കാര്യങ്ങളിലേക്കുമൊക്കെ..

അതുകൊണ്ടുതന്നെ, ഇന്ന്, ഒക്ടോബര്‍ 11, എന്നെ സംബന്ധിച്ചിടത്തോളം പ്രത്യേക ബന്ധമുള്ള ഒരു ദിനമായി മാറുന്നു... രമണനിലൂടെ ചങ്ങമ്പുഴയും നെടുമുടി വേണുവും ചേര്‍ന്ന് ഈ ദിനത്തിനെ അങ്ങനെയൊരു ദിനമാക്കി മാറ്റുന്നു...

എനിക്കുറപ്പാണ്, എല്ലാവരുടെ ജീവിതത്തിലും ഇതുപോലെ ചില ദിനങ്ങള്‍ക്ക് ചില ബന്ധങ്ങള്‍ കാണും, ആ ബന്ധങ്ങള്‍ക്ക് ചില പ്രത്യേകതകളും കാണും... ചുമ്മാ ഒന്നാലോചിച്ചുനോക്കിക്കോളൂ...   

2022, ജൂലൈ 22

യാത്ര തുടരുക തന്നെ വേണം....


"ദിവ്യാസ്ത്രങ്ങളേക്കാള്‍ സ്വന്തം ശക്തിയില്‍ വിശ്വസിക്കുന്നതാണ്‌ നല്ലത്... ലക്ഷ്യം കണ്ണിലല്ല കാണേണ്ടത് , മനസ്സിലാണ്..."

  എം ടി വാസുദേവന്‍ നായര്‍ (രണ്ടാമൂഴം)         



     എന്‍റെ ജീവിതത്തിലെ ഒരു കാര്യത്തെപ്പറ്റി, അപ്രതീക്ഷിതമായി നടന്ന ഒരു കാര്യത്തെപ്പറ്റി, കുറച്ചെഴുതാനുള്ള ശ്രമത്തിലായിരുന്നു. അതിന്‍റെയൊരു വഴിവെട്ടിത്തെളിച്ചുവരുന്നതിനിടയില്‍ തത്ക്കാലം ആ പണിയൊന്ന് നിര്‍ത്താമെന്ന് കരുതി. എന്നിട്ട് വേറൊരു വഴിക്ക്, വേറിട്ടൊരു വഴിക്ക്, ഒരു യാത്ര പോകാംന്ന് തീരുമാനിച്ചു.


     കുറച്ചുകാലം മുമ്പത്തെ കാര്യാണ്. അന്ന് ലോകത്തെ മാറ്റിമറിച്ച (അല്ലേ? അങ്ങനെതന്നെ പറയാംന്ന് തോന്നണു) വലിയ സംഭവങ്ങളില്‍ ഒന്ന് നടന്നു. ഒരു മൂവര്‍ സംഘം ഒരു ലക്ഷ്യത്തിലേക്ക് ഒരു യാത്ര നടത്തി. ആ മൂന്നില്‍ രണ്ട് പേര്‍ ഒരുപടികൂടി മുന്നോട്ട് കടന്നു; മറ്റെയാള്‍ അവരെ കാത്തുകൊണ്ട് അവര്‍ക്ക് ചുറ്റും കറങ്ങിക്കൊണ്ടിരുന്നു. 

     കറങ്ങിക്കറങ്ങി കാടുകേറിപ്പോണത്,  ജൂലൈ 21 എന്ന ദിവസത്തിന്‍റെ ഒരു പ്രത്യേകതയിലേക്കാണ്. അന്നാണ് മനുഷ്യന്‍ ആദ്യമായി ചന്ദ്രനില്‍ കാലുകുത്തിയത്. നീല്‍ ആംസ്ട്രോങ്, എഡ്വിന്‍ ആല്‍ഡ്രിന്‍, മൈക്കിള്‍ കോളിന്‍സ് എന്നിവരടങ്ങിയ മൂവര്‍ സംഘമായിരുന്നു ആ വലിയ ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ട് ഭൂമിയില്‍നിന്നും യാത്ര തിരിച്ചത്. അവരില്‍ ആദ്യം നീല്‍ ആംസ്ട്രോങ്ങും, പിന്നാലെ എഡ്വിന്‍ ആല്‍ഡ്രിനും ചന്ദ്രനില്‍ കാലുകുത്തി. മൈക്കിള്‍ കോളിന്‍സാകട്ടെ യാത്രാപേടകം നിയന്ത്രിച്ചുകൊണ്ട് അവിടെ ചുറ്റിക്കറങ്ങിക്കൊണ്ടിരുന്നു.

മനുഷ്യന്‍റെ ഒരു ചെറിയ കാല്‍വെയ്പ്, മാനവരാശിയുടെ ഒരു വലിയ കുതിച്ചുചാട്ടം - അതായിരുന്നു 1969 ജൂലൈ 21ന് നടന്നത്.


     വലിയൊരു ലക്ഷ്യം മുന്നില്‍ക്കണ്ടുകൊണ്ട് ഇറങ്ങിത്തിരിച്ച ആ മൂവര്‍സംഘം ലക്ഷ്യത്തിലെത്തിയ അതേദിവസം, വര്‍ഷങ്ങള്‍ക്കിപ്പുറം, ഒരു 'ഒറ്റയാള്‍സംഘം' തന്‍റെ ലക്ഷ്യം പൂര്‍ത്തീകരിച്ച് തിരികെയെത്തി.

ആ ഒറ്റയാള്‍ സംഘത്തിന്‍റെ തലവന്‍റെ, അല്ല തലൈവിയുടെ പേര് അംബിക കൃഷ്ണ.

ആകാശവാണി FM റെയിന്‍ബോ കൊച്ചി 107.5ലെ RJ അംബിക കൃഷ്ണ... പ്രിയപ്പെട്ടവരുടെ AK, അംബികേച്ചി...

ആ ഒറ്റയാള്‍ സംഘത്തില്‍ ചേച്ചി ഒറ്റക്കായിരുന്നില്ല, എപ്പോഴും കൂടെ വാസുവും ഉണ്ടായിരുന്നു.


     ജീവിതം എന്ന ദൈര്‍ഘ്യമറിയാത്ത യാത്രയില്‍ ഇറങ്ങേണ്ടിയും കയറേണ്ടിയും കാത്തുനില്‍ക്കേണ്ടിയും വന്ന അനുഭവവണ്ടികള്‍, താങ്ങും തണലുമൊക്കെയായി വന്ന വ്യക്തിസത്രങ്ങള്‍, എതിരെ വന്ന കാലത്തിന്‍റെ  കാറ്റൊഴുക്കുകള്‍, ഇഷ്ടങ്ങള്‍, കഷ്ടങ്ങള്‍, നഷ്ടങ്ങള്‍, നേട്ടങ്ങള്‍.....അങ്ങനെ ഒരുപാടുണ്ട് ആ ജീവിതത്തില്‍! അതിലൊന്നിനെ അച്ചുതണ്ടാക്കിക്കൊണ്ട് സ്വയം ഒരു ഭൂമിയായി മാറാനും, സഹിച്ചും ക്ഷമിച്ചും ഭ്രമണം ചെയ്യാനും ഉള്ള ഒരു കാര്യത്തെപ്പറ്റി ചേച്ചി എന്നോട് ആദ്യമായി പറഞ്ഞപ്പോള്‍ത്തന്നെ ആ മനസ്സിലെ ലക്ഷ്യം, ആഗ്രഹം, അതിലെല്ലാമുപരി ആ മനസ്സിന്‍റെ വികാരം മനസ്സിലാക്കാന്‍ എനിക്ക് കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ എന്നെക്കൊണ്ടാവുന്ന എല്ലാ കാര്യങ്ങളും ചെയ്തുതരാമെന്ന് ഞാന്‍ ചേച്ചിയോട് വാക്ക് പറയുകയും ചെയ്തു.

     2022 ഏപ്രില്‍ 11 - അന്ന് കാക്കനാട് കളക്ട്രേറ്റില്‍ നിന്നും വാസുവിനൊപ്പം ചേച്ചി യാത്ര തുടങ്ങുന്ന സമയം... ഫ്ലാഗ് ഓഫ് കഴിഞ്ഞ് ചേച്ചിയും വാസുവും മുന്നോട്ട് നീങ്ങിയ സമയം... അവിടെ വന്നുചേര്‍ന്നിരുന്ന എല്ലാരും അങ്ങുമിങ്ങുമായി മാറിയ സമയം... എന്‍റെ അടുത്തുണ്ടായിരുന്ന, ആകാശവാണിയില്‍ എനിക്കേറെ പ്രിയപ്പെട്ടവരില്‍ രണ്ട് പേര്‍ - ഗിരിജാ മാമും റിയയും- എന്നോട്, 'ഞാന്‍ കരഞ്ഞോ? കരച്ചില്‍ വരുന്നുണ്ടോ? കരഞ്ഞപോലെ തോന്നുന്നുണ്ടല്ലോ!' എന്നൊക്കെ ചോദിക്കുകയും പറയുകയും ചെയ്തു. എന്തുകൊണ്ടായിരിക്കാം അവര്‍ക്ക് അങ്ങനെ തോന്നിയതെന്ന് എനിക്കറിയില്ല. ഞാന്‍ കരഞ്ഞിട്ടില്ല, ഉള്ളിലാകെ ഒരു ടെന്‍ഷനും പ്രാര്‍ത്ഥനയുമായിരുന്നു. ഒരുപക്ഷെ അതെന്‍റെ മുഖത്ത് കണ്ടിരിക്കാം.. അത്രത്തോളം ടെന്‍ഷനോടെയും പ്രാര്‍ത്ഥനയോടെയുമാണ് ഞാന്‍ ചേച്ചിയെ യാത്രയാക്കിയത്...


    
 നിരവധി രാവുകളും പകലുകളും കടന്ന്, നിരവധി ആകാശവാണി നിലയങ്ങളും മറ്റ് ഓഫീസുകളും സ്ഥലങ്ങളുമൊക്കെ കയറിയിറങ്ങി, നിരവധിയിടങ്ങളില്‍ ഉണ്ടുറങ്ങി, ആസ്വദിച്ചും ഇടയ്ക്കൊക്കെ അത്രകണ്ട് ആസ്വദിക്കാനാകാതെയും കഴിഞ്ഞ്, നിരവധി ദേശങ്ങളെയറിഞ്ഞ്, നിരവധി ആളുകളെയറിഞ്ഞ് തന്‍റെ വലിയൊരു ലക്ഷ്യം പൂര്‍ത്തിയാക്കി ചേച്ചിയും വാസുവും തിരിച്ചെത്തി, 2022 ജൂലൈ 21ന്.


     കുറച്ച് വാക്കുകളിലൂടെ, എങ്ങനെയൊക്കെയോ ഈയെഴുതിപ്പിടിപ്പിച്ചതു  പോലെ അത്ര എളുപ്പമൊന്നുമായിരുന്നില്ല ആ യാത്ര... പ്രയാസങ്ങളും തടസങ്ങളും വലിയ പ്രതിസന്ധികളുമൊക്കെ അതിലുണ്ടായിരുന്നു. അതിന്‍റെയെല്ലാമിടയിലും, റെയിന്‍ബോയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും നല്ല പരിപാടികളില്‍ ഒന്ന്‍ എന്ന് ഞാന്‍ ഉറപ്പിച്ചുപറയുന്ന, പ്രിയപ്പെട്ട ചലച്ചിത്രകാരന്‍ ശ്രീ.ബാലചന്ദ്രമേനോന്‍ അതിഥിയായെത്തുന്ന 'എനിക്ക് പറയാനുള്ളത് - A BALACHANDRA MENON TALK SHOW' എന്ന പരിപാടിയ്ക്ക് വേണ്ടിയും ചേച്ചി സമയം കണ്ടെത്തി.

ഏപ്രില്‍ 15ന് വിഷു ദിനത്തിലായിരുന്നു പരിപാടിയുടെ ആദ്യത്തെ അദ്ധ്യായം. സത്യത്തില്‍, ഇത്തവണ അന്നേദിവസം വിഷു മാത്രമായിരുന്നില്ല, ഇരുട്ട് വീണ ദുഃഖവെള്ളി കൂടിയായിരുന്നു. യാത്രയില്‍ എന്തൊക്കെ നേരിടേണ്ടി വന്നേക്കാം അല്ലെങ്കില്‍ യാത്രയില്‍ ഇതൊക്കെ നേരിടേണ്ടി വന്നേക്കാം എന്ന പുതിയ അദ്ധ്യായത്തിന്‍റെ തുടക്കവും അന്നേ ദിവസം തന്നെയായിരുന്നു.

ദുഃഖവെള്ളി കഴിഞ്ഞാല്‍ ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പ് ഉണ്ടല്ലോ... ഇവിടെയും അങ്ങനെതന്നെ...!!!

ആ കാര്യങ്ങളിലേക്ക് ഞാന്‍ കടക്കുന്നത് ശരിയല്ല എന്നെനിക്ക് തോന്നുന്നു; അതിനുള്ള പൂര്‍ണ്ണമായ  അറിവോ വിവരമോ എനിക്കില്ല. മാത്രല്ല, അതേപ്പറ്റി പറയാനുള്ള മുഴുവന്‍ അവകാശവും അര്‍ഹതയും അനുഭവവും ചേച്ചിയ്ക്ക് മാത്രമാണ്. അത് ചേച്ചിയിലൂടെ തന്നെ നമുക്കറിയാന്‍ കഴിയും. ഉറപ്പ്.


     തിരിച്ചെത്തുന്ന നിമിഷം വരെ, എത്തിയെന്നു പറഞ്ഞുകൊണ്ടുള്ള ചേച്ചിയുടെ ഫോണ്‍കോള്‍ കിട്ടുന്നതുവരെ ടെന്‍ഷനായിരുന്നു. വഴികളിലെ തടസങ്ങളെപ്പറ്റി, താമസിക്കുന്ന ഇടങ്ങളെപ്പറ്റി, ഇടപഴകുന്ന ആളുകളെപ്പറ്റി, കഴിക്കുന്ന ഭക്ഷണത്തെപ്പറ്റി, വാസുവിനെപ്പറ്റി, ചേച്ചിയെപ്പറ്റി... അങ്ങനെ ഓരോരോ കാര്യത്തിലും എനിക്ക് നല്ലപോലെ ടെന്‍ഷനുണ്ടായിരുന്നു. ആ ടെന്‍ഷനൊക്കെ വെറുതെ എന്നോര്‍മ്മിപ്പിച്ചുകൊണ്ട് ചേച്ചി ആകാശവാണിയുടെ മുറ്റത്ത്  തിരിച്ചെത്തി.


     
എല്ലാ തടസങ്ങളെയും പ്രതിസന്ധികളെയും തരണം ചെയ്ത് ലക്ഷ്യം പൂര്‍ത്തിയാക്കി തിരിച്ചെത്തിയ ചേച്ചിയ്ക്ക് ആകാശവാണിയില്‍ നല്‍കിയ സ്വീകരണച്ചടങ്ങില്‍ പങ്കെടുക്കാന്‍ എനിക്ക് വല്യ ആഗ്രഹമായിരുന്നു. അതിനായി ഇറങ്ങിയതുമാണ്; പക്ഷെ നടന്നില്ല; കാല്‍വഴിപിന്നിട്ടെങ്കിലും ലക്ഷ്യത്തിലെത്താതെ എനിക്ക് തിരിച്ചുപോരേണ്ടി വന്നു...


ചില കാര്യങ്ങള്‍ അങ്ങനെയാണ്. പ്രതീക്ഷിച്ച പോലെ നടക്കണംന്നില്ല; അപ്രതീക്ഷിതമായത് നടക്കുകേം ചെയ്യും...

അതുപോലെതന്നെ, ചില കാര്യങ്ങള്‍ ഇങ്ങനെയുമുണ്ട് - അറിയാതെ തന്നെ അത്  മറ്റൊന്നുമായി ഒത്തുവരും.

വര്‍ഷങ്ങളുടെ വ്യത്യാസത്തില്‍ ഇവിടെ നടന്നതും അതാണ്.


അപ്പോളോ 11 എന്ന് പേരിട്ടിരുന്ന ദൌത്യത്തിന്‍റെ ഭാഗമായി യാത്ര തിരിച്ച മൂവര്‍ സംഘം, 1969 ജൂലൈ 21ന് ലക്ഷ്യത്തിലെത്തിയപ്പോള്‍, 2022 ഏപ്രില്‍ 11ന് യാത്ര തിരിച്ച ഒറ്റയാള്‍ സംഘം, 2022 ജൂലൈ 21ന് ലക്ഷ്യം പൂര്‍ത്തിയാക്കി തിരിച്ചെത്തി...

അന്നത്തെ നീല്‍ ആംസ്ട്രോങ്ങും, എഡ്വിന്‍ ആല്‍ഡ്രിനും, മൈക്കില്‍ കോളിന്‍സും ഇന്നത്തെ അംബിക കൃഷ്ണയില്‍ ഒത്തുചേര്‍ന്നു...

അന്നത്തെ അവരുടെ കൊളംബിയ എന്ന കമാന്‍ഡ് മൊഡ്യൂളും ഈഗിള്‍ എന്ന ലൂണാര്‍ മൊഡ്യൂളും ഇന്നിവിടെ വാസു എന്ന ബുള്ളറ്റില്‍ ഒത്തുചേര്‍ന്നു...

ഒപ്പം, അന്നത്തെ നാസയിലെ ആളുകളെപ്പോലെ കുറച്ചുപേര്‍ ശ്രദ്ധയോടെ, കരുതലോടെ, സ്നേഹത്തോടെ ചോദിച്ചും പറഞ്ഞും കണ്ടും അറിഞ്ഞും കൂടെനിന്നു...


VASU: Vehicle for Ambika's Safety & Uniqueness     

   

     മനുഷ്യന്‍ ഇനിയും ചന്ദ്രനില്‍ കാലുകുത്തും; എങ്കിലും മനുഷ്യരാശി ഉള്ളിടത്തോളം കാലം ആദ്യ ചുവടുവെയ്പ് എന്നും പ്രാധാന്യത്തോടെ ഓര്‍മ്മിക്കപ്പെടും; വലിയ മാറ്റങ്ങള്‍ക്ക് പ്രചോദനമായ ഒന്നായി അത് വിലയിരുത്തപ്പെടും.

    അംബിക കൃഷ്ണ ഇനിയും യാത്രകള്‍ ചെയ്യും; എങ്കിലും ഇത്തരം ലക്ഷ്യത്തോടെയുള്ള യാത്രകളുള്ളിടത്തോളം കാലം ഈ ആദ്യ യാത്ര ഏറെ പ്രാധാന്യത്തോടെ ഓര്‍മ്മിക്കപ്പെടും; ഒരുപാട് സ്തീകള്‍ക്ക് തനിച്ച് യാത്ര ചെയ്യാനുള്ള പ്രചോദനമായി, വഴിയാത്രയിലും ജീവിതയാത്രയിലും ഉണ്ടാകുന്ന തടസങ്ങളെ ധൈര്യത്തോടെ നേരിട്ട് അവയെ തരണം ചെയ്ത് മുന്നോട്ട് നീങ്ങാനുള്ള പ്രചോദനമായി, അത് വിലയിരുത്തപ്പെടും.


പുതിയ യാത്രകള്‍ തുടങ്ങട്ടെ, പൂര്‍ത്തീകരിക്കട്ടെ...

പുതിയ ലക്ഷ്യങ്ങള്‍ ഉണ്ടാകട്ടെ, നിറവേറ്റപ്പെടട്ടെ...  

A GREAT SALUTE അംബികേച്ചീ...my dear Ambitious Keralite...

യാത്ര തുടരുക തന്നെ വേണം...

2021, ജൂലൈ 15

ഒരു ജന്മദിനത്തിലെന്തിരിക്കുന്നു?

ജൂലൈ 15...

ഓരോ വര്‍ഷവും, സ്ഥിരമായി, ജൂലൈ 15ന് ഒരാള്‍ക്ക് ജന്മദിന ആശംസകള്‍ നേരുന്ന പതിവ് എനിക്കുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷവും ആ പതിവ് ഞാന്‍ മുടക്കിയില്ല. പതിവാശംസ നേര്‍ന്നു. പക്ഷെ എന്‍റെ ഒരു 'പ്രത്യേക സ്വഭാവം' കൊണ്ട് അന്ന് എനിക്ക് ചില സംശയങ്ങള്‍ തോന്നി. 

"സത്യത്തില്‍ അന്നേ ദിവസം തന്നെയാണോ ശരിയായ പിറന്നാള്‍? - 'പിറന്നാള്‍' അല്ല 'ബര്‍ത്ത്ഡേ' - അത് ജൂലൈ 15ന് തന്നെയാണോ?" അതായിരുന്നു എന്‍റെ സംശയങ്ങളില്‍ ഏറ്റവും വലിയ സംശയം!


അറിഞ്ഞേതീരൂ..അതുകൊണ്ടുതന്നെ ഞാന്‍ നോക്കി... എന്നെക്കൊണ്ടാവുംവിധം എല്ലായിടത്തും നോക്കി... കിട്ടാവുന്നതൊക്കെ വായിച്ചു... കേള്‍ക്കാവുന്നതൊക്കെ കേട്ടു...

ഏതോ ഒരിടമൊഴികെ ബാക്കി എല്ലായിടവും ജൂലൈ 15നെത്തന്നെ ബര്‍ത്ത്ഡേ ആയി പ്രഖ്യാപിക്കുന്നു. ഭൂരിപക്ഷവും ഒരു കാര്യം തറപ്പിച്ചു പറയുമ്പോള്‍, ശരി അവരുടെ ഭാഗത്ത് തന്നെയാകും എന്ന ഒരു പൊതുചിന്തയുണ്ടല്ലോ.. എന്തുകൊണ്ടോ ഈ കാര്യത്തില്‍ അങ്ങനെ ചിന്തിക്കാനോ സമ്മതിച്ചുകൊടുക്കാനോ എനിക്ക്  തോന്നിയില്ല. 

ഇക്കാര്യത്തില്‍ വ്യക്തമായ ഒരു ധാരണ വരുത്താന്‍ എന്നെ സഹായിക്കാന്‍ കഴിഞ്ഞേക്കും എന്ന് ഞാന്‍ കരുതിയ ഒരാളോട് ഞാന്‍ അതേപ്പറ്റി ചോദിച്ചു. എന്‍റെ വലിയ സംശയം മാറ്റാന്‍ കഴിയുന്ന മറുപടി ആ ഒരാളില്‍ നിന്നും കിട്ടി. അത് ഒരു തിരിച്ചറിവായിരുന്നു.

ഓരോ വര്‍ഷവും ജൂലൈ 15നുള്ള എന്‍റെ പതിവ് പരിപാടി - ജന്മദിന ആശംസ അറിയിക്കല്‍ - തെറ്റിപ്പോയിരുന്നു എന്ന കാര്യം എനിക്ക് മനസ്സിലായി. എന്‍റെ ഒരു വലിയ സംശയം അന്ന് മാറിക്കിട്ടി.


 

ഞാന്‍ ഒരുപാടൊരുപാട് സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന, ശ്രീ. എം ടി വാസുദേവന്‍ നായര്‍ എന്ന മഹാപ്രതിഭയുടെ ബര്‍ത്ത്ഡേയെപ്പറ്റിയാണ് ഞാനീ പറഞ്ഞുവന്നത്.

ജൂലൈ 15 ആണ് അദ്ദേഹത്തിന്‍റെ ബര്‍ത്ത്ഡേ ആയി നമ്മളെല്ലാവരും കരുതിയിരിക്കുന്നതും, അന്നാണ് ആശംസകളും മറ്റും പലതരത്തില്‍ പങ്ക് വച്ചിരിക്കുന്നതും. മിക്കവാറും എല്ലായിടത്തും അദ്ദേഹത്തിന്‍റെ ബര്‍ത്ത്ഡേ ആയി നമ്മള്‍ കാണുന്നതും ജൂലൈ 15 തന്നെയായതുകൊണ്ട് നമുക്ക് അക്കാര്യത്തില്‍ ഒരു സംശയവും തോന്നേണ്ട കാര്യമില്ല.

പക്ഷെ, ഞാന്‍ തുടക്കത്തില്‍ പറഞ്ഞ എന്‍റെ ആ പ്രത്യേക സ്വഭാവം കാരണം എംടിയുടെ ബര്‍ത്ത്ഡേയുടെ കാര്യത്തില്‍ എനിക്കൊരു ആശയക്കുഴപ്പം വന്നു.       

എനിക്ക് വളരെ വളരെ ഇഷ്ടപ്പെട്ടവരുടെ ബര്‍ത്ത്ഡേയും പിറന്നാളും മറ്റ് വിശേഷദിവസങ്ങളുമൊക്കെ നോക്കിവയ്ക്കുന്ന, നോക്കി കണ്ടുപിടിക്കുന്ന, ഒരു സ്വഭാവം എനിക്കുണ്ട്.. ആ പ്രത്യേക സ്വഭാവം എംടിയുടെ കാര്യത്തിലും മാറിയില്ല. എനിക്കറിയേണ്ടത് അറിയാനായി ഞാന്‍ എന്‍റെ തിരച്ചില്‍ തുടങ്ങി.      


1933 ജൂലൈ 15 - അദ്ദേഹം ജനിച്ചത് അന്നാണ് (എന്നാണ് പൊതുവേ നമ്മള്‍ അറിയുന്നതും കരുതിയിരിക്കുന്നതും)

കര്‍ക്കടകമാസത്തിലെ ഉത്രട്ടാതിയാണ് ജന്മനക്ഷത്രം.(അക്കാര്യത്തില്‍ ഒരിടത്തും സംശയം തോന്നുന്നില്ല)

എന്നാല്‍, ഞാന്‍ നോക്കിയപ്പോള്‍ ജനിച്ച ദിവസവും ജന്മനക്ഷത്രവും ഒത്തുവരുന്നില്ല.

1933 ജൂലൈ 15 എന്ന ദിവസം നോക്കിയാല്‍, അന്ന് കൊല്ലവര്‍ഷം 1108 മിഥുനം 31 ആണെന്നും നക്ഷത്രം അശ്വതി ആണെന്നും കാണാം. കര്‍ക്കടകമാസം ആരംഭിക്കുന്നത് തൊട്ടടുത്ത ദിവസം, അതായത് ജൂലൈ 16നാണ്.

കര്‍ക്കടകത്തിലെ ഉത്രട്ടാതി നക്ഷത്രം വച്ച് നോക്കിയാല്‍, അദ്ദേഹത്തിന്‍റെ ബര്‍ത്ത്ഡേ വരുന്നത് 1933 ആഗസ്റ്റ്‌ 9നാണ്.

ഒരു സംശയം കൊണ്ട് നോക്കി... നോക്കി നോക്കി വന്നപ്പോള്‍ അത് വലിയ സംശയങ്ങളിലേക്ക് വഴിമാറി.

എനിക്ക് തോന്നിയ ആ സംശയത്തെപ്പറ്റി വിശദീകരിച്ചുകൊണ്ട്, ഞാന്‍ എനിക്കിഷ്ടം തോന്നിയിട്ടുള്ള വ്യക്തിത്വങ്ങളില്‍ ഒരാളും, പ്രശസ്ത  ചലച്ചിത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ ശ്രീ.മധുപാലിന് ഫെയ്സ്ബുക്കില്‍ ഒരു മെസേജ് അയച്ചു. ഞാനയച്ച, സാമാന്യം നീണ്ട ആ മെസേജിന് ഒട്ടും വൈകാതെ തന്നെ അദ്ദേഹത്തിന്‍റെ മറുപടിയും കിട്ടി.

മറുപടിയ്ക്കുമേല്‍ സംശയം... സംശയത്തിനുമേല്‍ സംശയം - ഞാന്‍ അങ്ങനെയായിരുന്നിട്ടും ഒരു മടിയും കൂടാതെ  അദ്ദേഹം എനിക്ക് മറുപടി തന്നു. അതിലൊന്ന്, ദാ ഈ കാണുന്ന ചിത്രമായിരുന്നു. (പേഴ്സണല്‍ മെസേജ് ആയി വന്ന ഒന്ന് പങ്കുവയ്ക്കുന്നത് ശരിയല്ല എന്ന തോന്നലുണ്ടെങ്കിലും, ഒരുപക്ഷെ ആര്‍ക്കെങ്കിലും എപ്പോഴെങ്കിലും ഇത് ഉപകരിച്ചേക്കും എന്ന ചിന്തകൊണ്ട് മാത്രം പങ്കുവയ്ക്കുകയാണ്)


ഇത് കണ്ടപ്പോഴും, എന്‍റെ സംശയം മാറാതെയും, എവിടെയൊക്കെയോ കൂടിയും നിന്നു. പക്ഷെ, ആലോചിച്ചാലോചിച്ച് അതൊക്കെ ശരിയാക്കിയെടുത്തു.      

എന്തായാലും, ഇതുപ്രകാരം കണക്കാക്കുമ്പോള്‍, എംടിയുടെ ബര്‍ത്ത്ഡേ ആയി നമ്മള്‍ പൊതുവേ കരുതിയിരിക്കുന്നതും നമ്മള്‍ സാധാരണയായി സെര്‍ച്ച് ചെയ്യുമ്പോള്‍ കിട്ടുന്നതും അദ്ദേഹത്തിന്‍റെ രചനകളുമായി ഇറങ്ങുന്ന പുസ്തകങ്ങളില്‍ കൊടുത്തിരിക്കുന്നതുമായ ജൂലൈ 15 അല്ല എന്ന കാര്യത്തില്‍ ഒരുറപ്പ് കിട്ടും. മാത്രമല്ല, അദ്ദേഹത്തിന്‍റെ ബര്‍ത്ത്ഡേ ആഘോഷങ്ങള്‍ നടത്തേണ്ടതും ആശംസകളും മറ്റും പങ്കിടേണ്ടതും ആഗസ്റ്റ്‌ 10നാണ് എന്ന കാര്യത്തിലും വലിയൊരു ഉറപ്പ് കിട്ടും.


സത്യത്തില്‍ ഈയൊരു കാര്യത്തില്‍ ഞാന്‍ ഇങ്ങനെയും ഒന്ന് ചിന്തിച്ചു - 'ഒരു ജന്മദിനത്തിലെന്തിരിക്കുന്നു?'  

ജൂലൈ 15 ആയാലും ആഗസ്റ്റ്‌ 10 ആയാലും ഇതൊന്നുമല്ലെങ്കില്‍ക്കൂടിയും ഓരോ ദിവസവും ആഘോഷിക്കപ്പെടേണ്ട, ഓരോ ദിവസവും വായിക്കപ്പെടേണ്ട, പഠിക്കപ്പെടേണ്ട, വലിയൊരാള്‍ തന്നെയാണ് പ്രിയപ്പെട്ട എം ടി വാസുദേവന്‍ നായര്‍ എന്ന മലയാളഭാഷയുടെ നാട്ടുരാജാവ്.


ഒരുപാടൊരുപാടിഷ്ടം.. അതിലേറെ ബഹുമാനം.. പ്രാര്‍ത്ഥനകള്‍..  


ഗുരുതുല്യനാ;ണല്ലല്ല-
ഗുരു തന്നെയല്ലോ,
വറ്റാത്ത തൂലികയ്-
ക്കുടമയാം എംടി.......

2020, മേയ് 27

സ്മരണയില്‍ നിറയുന്ന കൌതുകം

ഇന്ന് 2020 മെയ് മാസം 27, ബുധനാഴ്ച.

ഓരോ ദിവസവും ഇവിടെ ഒട്ടേറെപ്പേർക്ക് ജന്മം നൽകുന്നു..
ഒട്ടേറെപ്പേരെ ഇവിടെനിന്നും  കൊണ്ടുപോകുന്നു..
ഒട്ടേറെ സംഭവങ്ങൾ എല്ലാവർക്കുമായി  കാണിച്ചു തരുന്നു..


മെയ് 27 എന്ന ദിവസവും വ്യത്യസ്തമല്ല..
മറ്റു ദിവസങ്ങളിലേതുപോലെ ഈ ദിവസവും   ഒട്ടേറെപ്പേർക്ക് ജന്മം നൽകിയിട്ടുണ്ട്.. 
ഒട്ടേറെപ്പേരെ ഇവിടെനിന്നും കൊണ്ടുപോയിട്ടുണ്ട്.. 
ഒട്ടേറെ സംഭവങ്ങൾ എല്ലാവർക്കുമായി  കാണിച്ചുതന്നിട്ടുമുണ്ട്.. 

ആ ഒട്ടേറെപ്പേരുടെ ലിസ്റ്റിൽനിന്നും രണ്ടുപേരെ തത്ക്കാലം എടുക്കാം. എന്നിട്ട് അവരുമായി ബന്ധപ്പെട്ട കൗതുകം നിറഞ്ഞ ഒരു കാര്യം പറയാം..

മലയാളത്തിന്, മലയാളികൾക്ക്, ഏറെ പ്രിയപ്പെട്ട രണ്ടു പേരുടെ കാര്യമാണ് പറയാനുള്ളത്...
പ്രിയങ്കരനായ കലാകാരൻ ഒടുവിൽ ഉണ്ണിക്കൃഷ്ണൻ..
പ്രിയങ്കരനായ സാഹിത്യകാരൻ ഓ എൻ വി കുറുപ്പ്.. 


തുടക്കത്തിൽ നമുക്ക് ഒടുവിലിലേക്ക് പോകാം..

ഇന്ന് അതായത് മെയ് 27 അദ്ദേഹത്തിന്‍റെ  ചരമവാർഷികദിനമാണ്.
2006 മെയ് 27ന്, കോഴിക്കോട് വച്ച്, തന്‍റെ 62ആം വയസ്സിലാണ് അദ്ദേഹം അന്തരിച്ചത്.

ഇനി ഓ.എൻ.വിയുടെ കാര്യമെടുത്താലോ..

ഇന്ന് അതായത് മെയ് 27 അദ്ദേഹത്തിന്‍റെ  ജന്മവാർഷികദിനമാണ്.
കൊല്ലം ജില്ലയിലെ ചവറയിലുള്ള ഒറ്റപ്ലാക്കൽ എന്ന കുടുംബത്തിൽ, O.N.കൃഷ്ണക്കുറുപ്പ്-K.ലക്ഷ്മിക്കുട്ടിയമ്മ ദമ്പതികളുടെ മകനായി 1931 മെയ് 27നാണ്, ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലുക്കുറുപ്പ് എന്ന O.N.V.കുറുപ്പ് ജനിച്ചത്.

2016 ഫെബ്രുവരി 13ന്, തിരുവനന്തപുരത്ത് വച്ചാണ് തന്‍റെ 84ആം വയസ്സിൽ അദ്ദേഹം അന്തരിച്ചത്.

O.N.V-യിൽ നിന്നും തിരിച്ച് ഒടുവിലിലേക്ക് വന്നാൽ ഇവർ തമ്മിലുള്ള കൗതുകകരമായ ബന്ധത്തിന് പൂർണ്ണതയാകും.

കാര്യം വേറൊന്നുമല്ല..

ഒടുവിൽ ഉണ്ണിക്കൃഷ്ണന്‍റെ ജന്മവാർഷിക 
ദിനമാണ് ഫെബ്രുവരി 13.
തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരിയിലെ എങ്കക്കാട്ട് ഒടുവിൽ വീട്ടിലെ കൃഷ്ണമേനോൻ-പാറുക്കുട്ടിയമ്മ ദമ്പതികളുടെ മകനായി ഒടുവിൽ ഉണ്ണിക്കൃഷ്ണ മേനോൻ എന്ന ഒടുവിൽ ഉണ്ണിക്കൃഷ്ണൻ ജനിച്ചത്  1944 ഫെബ്രുവരി 13നാണ്.

പറഞ്ഞുവന്നതിലെ കൗതുകം എന്താന്നുള്ളത് പിടികിട്ടിക്കാണൂലോല്ലേ... ഇല്ലെങ്കി ദാ ചുരുക്കിപ്പറയാം...

ഒടുവിൽ ഉണ്ണിക്കൃഷ്ണന്‍റെ ചരമവാർഷികദിനവും O.N.V.കുറുപ്പിന്‍റെ 
ജന്മവാർഷികദിനവും ഒന്നാണ് - 
മെയ് 27.

അതുപോലെതന്നെ,

ഒടുവിൽ ഉണ്ണിക്കൃഷ്ണന്‍റെ ജന്മവാർഷികദിനവും 
O.N.V.കുറുപ്പിന്‍റെ ചരമവാർഷികദിനവും ഒന്നാണ് - ഫെബ്രുവരി 13

കുറെ തിരഞ്ഞാൽ കൗതുകങ്ങൾ ഇനിയും ഒരുപക്ഷെ കിട്ടിയേക്കും. തത്ക്കാലം ഒരെണ്ണം കൂടെ പറയാം.
O.N.V.കുറുപ്പ് ജനിച്ച 1931ലെ മെയ് 27ഉം ഒരു ബുധനാഴ്ച ആയിരുന്നു.        



ഒടുവിൽ ഉണ്ണിക്കൃഷ്ണൻ

[ജനനം : 1944 ഫെബ്രുവരി 13
ചരമം : 2006 മെയ് 27] 
O.N.V.കുറുപ്പ്

[ജനനം : 1931 മെയ് 27
ചരമം : 2016 ഫെബ്രുവരി 13 ]