ജൂലൈ 15...
ഓരോ വര്‍ഷവും, സ്ഥിരമായി, ജൂലൈ 15ന് ഒരാള്‍ക്ക് ജന്മദിന ആശംസകള്‍ നേരുന്ന പതിവ് എനിക്കുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷവും ആ പതിവ് ഞാന്‍ മുടക്കിയില്ല. പതിവാശംസ നേര്‍ന്നു. പക്ഷെ എന്‍റെ ഒരു 'പ്രത്യേക സ്വഭാവം' കൊണ്ട് അന്ന് എനിക്ക് ചില സംശയങ്ങള്‍ തോന്നി.
"സത്യത്തില്‍ അന്നേ ദിവസം തന്നെയാണോ ശരിയായ പിറന്നാള്‍? - 'പിറന്നാള്‍' അല്ല 'ബര്‍ത്ത്ഡേ' - അത് ജൂലൈ 15ന് തന്നെയാണോ?" അതായിരുന്നു എന്‍റെ സംശയങ്ങളില്‍ ഏറ്റവും വലിയ സംശയം!
അറിഞ്ഞേതീരൂ..അതുകൊണ്ടുതന്നെ ഞാന്‍ നോക്കി... എന്നെക്കൊണ്ടാവുംവിധം എല്ലായിടത്തും നോക്കി... കിട്ടാവുന്നതൊക്കെ വായിച്ചു... കേള്‍ക്കാവുന്നതൊക്കെ കേട്ടു...
ഏതോ ഒരിടമൊഴികെ ബാക്കി എല്ലായിടവും ജൂലൈ 15നെത്തന്നെ ബര്‍ത്ത്ഡേ ആയി പ്രഖ്യാപിക്കുന്നു. ഭൂരിപക്ഷവും ഒരു കാര്യം തറപ്പിച്ചു പറയുമ്പോള്‍, ശരി അവരുടെ ഭാഗത്ത് തന്നെയാകും എന്ന ഒരു പൊതുചിന്തയുണ്ടല്ലോ.. എന്തുകൊണ്ടോ ഈ കാര്യത്തില്‍ അങ്ങനെ ചിന്തിക്കാനോ സമ്മതിച്ചുകൊടുക്കാനോ എനിക്ക് തോന്നിയില്ല.
ഇക്കാര്യത്തില്‍ വ്യക്തമായ ഒരു ധാരണ വരുത്താന്‍ എന്നെ സഹായിക്കാന്‍ കഴിഞ്ഞേക്കും എന്ന് ഞാന്‍ കരുതിയ ഒരാളോട് ഞാന്‍ അതേപ്പറ്റി ചോദിച്ചു. എന്‍റെ വലിയ സംശയം മാറ്റാന്‍ കഴിയുന്ന മറുപടി ആ ഒരാളില്‍ നിന്നും കിട്ടി. അത് ഒരു തിരിച്ചറിവായിരുന്നു.
ഓരോ വര്‍ഷവും ജൂലൈ 15നുള്ള എന്‍റെ പതിവ് പരിപാടി - ജന്മദിന ആശംസ അറിയിക്കല്‍ - തെറ്റിപ്പോയിരുന്നു എന്ന കാര്യം എനിക്ക് മനസ്സിലായി. എന്‍റെ ഒരു വലിയ സംശയം അന്ന് മാറിക്കിട്ടി.
ഞാന്‍ ഒരുപാടൊരുപാട് സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന, ശ്രീ. എം ടി വാസുദേവന്‍ നായര്‍ എന്ന മഹാപ്രതിഭയുടെ ബര്‍ത്ത്ഡേയെപ്പറ്റിയാണ് ഞാനീ പറഞ്ഞുവന്നത്.
ജൂലൈ 15 ആണ് അദ്ദേഹത്തിന്‍റെ ബര്‍ത്ത്ഡേ ആയി നമ്മളെല്ലാവരും കരുതിയിരിക്കുന്നതും, അന്നാണ് ആശംസകളും മറ്റും പലതരത്തില്‍ പങ്ക് വച്ചിരിക്കുന്നതും. മിക്കവാറും എല്ലായിടത്തും അദ്ദേഹത്തിന്‍റെ ബര്‍ത്ത്ഡേ ആയി നമ്മള്‍ കാണുന്നതും ജൂലൈ 15 തന്നെയായതുകൊണ്ട് നമുക്ക് അക്കാര്യത്തില്‍ ഒരു സംശയവും തോന്നേണ്ട കാര്യമില്ല.
പക്ഷെ, ഞാന്‍ തുടക്കത്തില്‍ പറഞ്ഞ എന്‍റെ ആ പ്രത്യേക സ്വഭാവം കാരണം എംടിയുടെ ബര്‍ത്ത്ഡേയുടെ കാര്യത്തില്‍ എനിക്കൊരു ആശയക്കുഴപ്പം വന്നു.
എനിക്ക് വളരെ വളരെ ഇഷ്ടപ്പെട്ടവരുടെ ബര്‍ത്ത്ഡേയും പിറന്നാളും മറ്റ് വിശേഷദിവസങ്ങളുമൊക്കെ നോക്കിവയ്ക്കുന്ന, നോക്കി കണ്ടുപിടിക്കുന്ന, ഒരു സ്വഭാവം എനിക്കുണ്ട്.. ആ പ്രത്യേക സ്വഭാവം എംടിയുടെ കാര്യത്തിലും മാറിയില്ല. എനിക്കറിയേണ്ടത് അറിയാനായി ഞാന്‍ എന്‍റെ തിരച്ചില്‍ തുടങ്ങി.
1933 ജൂലൈ 15 - അദ്ദേഹം ജനിച്ചത് അന്നാണ് (എന്നാണ് പൊതുവേ നമ്മള്‍ അറിയുന്നതും കരുതിയിരിക്കുന്നതും)
കര്‍ക്കടകമാസത്തിലെ ഉത്രട്ടാതിയാണ് ജന്മനക്ഷത്രം.(അക്കാര്യത്തില്‍ ഒരിടത്തും സംശയം തോന്നുന്നില്ല)
എന്നാല്‍, ഞാന്‍ നോക്കിയപ്പോള്‍ ജനിച്ച ദിവസവും ജന്മനക്ഷത്രവും ഒത്തുവരുന്നില്ല.
1933 ജൂലൈ 15 എന്ന ദിവസം നോക്കിയാല്‍, അന്ന് കൊല്ലവര്‍ഷം 1108 മിഥുനം 31 ആണെന്നും നക്ഷത്രം അശ്വതി ആണെന്നും കാണാം. കര്‍ക്കടകമാസം ആരംഭിക്കുന്നത് തൊട്ടടുത്ത ദിവസം, അതായത് ജൂലൈ 16നാണ്.
കര്‍ക്കടകത്തിലെ ഉത്രട്ടാതി നക്ഷത്രം വച്ച് നോക്കിയാല്‍, അദ്ദേഹത്തിന്‍റെ ബര്‍ത്ത്ഡേ വരുന്നത് 1933 ആഗസ്റ്റ് 9നാണ്.
ഒരു സംശയം കൊണ്ട് നോക്കി... നോക്കി നോക്കി വന്നപ്പോള്‍ അത് വലിയ സംശയങ്ങളിലേക്ക് വഴിമാറി.
എനിക്ക് തോന്നിയ ആ സംശയത്തെപ്പറ്റി വിശദീകരിച്ചുകൊണ്ട്, ഞാന്‍ എനിക്കിഷ്ടം തോന്നിയിട്ടുള്ള വ്യക്തിത്വങ്ങളില്‍ ഒരാളും, പ്രശസ്ത ചലച്ചിത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ ശ്രീ.മധുപാലിന് ഫെയ്സ്ബുക്കില്‍ ഒരു മെസേജ് അയച്ചു. ഞാനയച്ച, സാമാന്യം നീണ്ട ആ മെസേജിന് ഒട്ടും വൈകാതെ തന്നെ അദ്ദേഹത്തിന്‍റെ മറുപടിയും കിട്ടി.
മറുപടിയ്ക്കുമേല്‍ സംശയം... സംശയത്തിനുമേല്‍ സംശയം - ഞാന്‍ അങ്ങനെയായിരുന്നിട്ടും ഒരു മടിയും കൂടാതെ അദ്ദേഹം എനിക്ക് മറുപടി തന്നു. അതിലൊന്ന്, ദാ ഈ കാണുന്ന ചിത്രമായിരുന്നു. (പേഴ്സണല്‍ മെസേജ് ആയി വന്ന ഒന്ന് പങ്കുവയ്ക്കുന്നത് ശരിയല്ല എന്ന തോന്നലുണ്ടെങ്കിലും, ഒരുപക്ഷെ ആര്‍ക്കെങ്കിലും എപ്പോഴെങ്കിലും ഇത് ഉപകരിച്ചേക്കും എന്ന ചിന്തകൊണ്ട് മാത്രം പങ്കുവയ്ക്കുകയാണ്)
ഇത് കണ്ടപ്പോഴും, എന്‍റെ സംശയം മാറാതെയും, എവിടെയൊക്കെയോ കൂടിയും നിന്നു. പക്ഷെ, ആലോചിച്ചാലോചിച്ച് അതൊക്കെ ശരിയാക്കിയെടുത്തു.
എന്തായാലും, ഇതുപ്രകാരം കണക്കാക്കുമ്പോള്‍, എംടിയുടെ ബര്‍ത്ത്ഡേ ആയി നമ്മള്‍ പൊതുവേ കരുതിയിരിക്കുന്നതും നമ്മള്‍ സാധാരണയായി സെര്‍ച്ച് ചെയ്യുമ്പോള്‍ കിട്ടുന്നതും അദ്ദേഹത്തിന്‍റെ രചനകളുമായി ഇറങ്ങുന്ന പുസ്തകങ്ങളില്‍ കൊടുത്തിരിക്കുന്നതുമായ ജൂലൈ 15 അല്ല എന്ന കാര്യത്തില്‍ ഒരുറപ്പ് കിട്ടും. മാത്രമല്ല, അദ്ദേഹത്തിന്‍റെ ബര്‍ത്ത്ഡേ ആഘോഷങ്ങള്‍ നടത്തേണ്ടതും ആശംസകളും മറ്റും പങ്കിടേണ്ടതും ആഗസ്റ്റ് 10നാണ് എന്ന കാര്യത്തിലും വലിയൊരു ഉറപ്പ് കിട്ടും.
സത്യത്തില്‍ ഈയൊരു കാര്യത്തില്‍ ഞാന്‍ ഇങ്ങനെയും ഒന്ന് ചിന്തിച്ചു - 'ഒരു ജന്മദിനത്തിലെന്തിരിക്കുന്നു?'
ജൂലൈ 15 ആയാലും ആഗസ്റ്റ് 10 ആയാലും ഇതൊന്നുമല്ലെങ്കില്‍ക്കൂടിയും ഓരോ ദിവസവും ആഘോഷിക്കപ്പെടേണ്ട, ഓരോ ദിവസവും വായിക്കപ്പെടേണ്ട, പഠിക്കപ്പെടേണ്ട, വലിയൊരാള്‍ തന്നെയാണ് പ്രിയപ്പെട്ട എം ടി വാസുദേവന്‍ നായര്‍ എന്ന മലയാളഭാഷയുടെ നാട്ടുരാജാവ്.
ഒരുപാടൊരുപാടിഷ്ടം.. അതിലേറെ ബഹുമാനം.. പ്രാര്‍ത്ഥനകള്‍..
ഗുരു തന്നെയല്ലോ,
വറ്റാത്ത തൂലികയ്-
ക്കുടമയാം എംടി.......
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ