ഓണം വന്നതറിഞ്ഞില്ലേ?
ചിങ്ങക്കാറ്റതു വന്നു പറഞ്ഞില്ലേ?എന്തൊക്കെയായീ ഒരുക്കങ്ങള്‍,പറയൂ,
ചിത്തമോദത്തോടെയോണാശംസകള്‍.
അത്തം പുലര്‍ന്നപ്പോളായീ പിറന്നാള്‍;
മറ്റൊരോണക്കാലപ്രായം തികഞ്ഞു.
ഓര്‍മയില്‍ നിറയട്ടെ ഈ വരുന്നോണം;
ഒരുമയെയുണര്‍ത്തട്ടെ ഈ വരുന്നോണം.
- പുലരിക്കെണീക്കുന്ന പതിവുണ്ടോ?
കുളിച്ചമ്പലത്തില്‍ പോയി തൊഴാറുണ്ടോ?
ആട്ടവും പാടുമായ് കൂടാറുണ്ടോ?എങ്ങും
കളിചിരികള്‍ മാത്രം നിറഞ്ഞിരുന്നോ?
പൂക്കളമൊരുക്കുന്ന പതിവുണ്ടോ?അന്ന്
പൂക്കളിറുക്കാന്‍ പോകാറുണ്ടോ?
ഇറുത്തെടുക്കാന്‍ മാത്രം പൂക്കളുണ്ടോ?ഇന്ന്
പൂക്കള്‍ക്കു വളരുവാന്‍ തൊടികളുണ്ടോ?
കോടിയാടകളണിയുന്ന പതിവുണ്ടോ?അത്
അണിയുമ്പോള്‍ കാണുവാന്‍ ചന്തമുണ്ടോ?
ചന്തംകണ,ക്കേറെ ആശയുണ്ടോ;എന്നും
അതുപോലെ ചന്തം തുടര്‍ന്നുകിട്ടാന്‍?!
സദ്യയൊരുക്കുന്ന പതിവുണ്ടോ?ഏറെ
കൂട്ടങ്ങള്‍ സദ്യയ്ക്കൊരുക്കാറുണ്ടോ?
തൂശനില നിലത്തി,ട്ടോണസദ്യയുണ്ടോ?എന്നും
ഒന്നിച്ചിരുന്നോണമുണ്ണാറുണ്ടോ?
ഊഞ്ഞാലുകെട്ടി,യാടുന്ന പതിവുണ്ടോ?
വീടിനോടൊട്ടിക്കിടക്കുന്ന പറമ്പുണ്ടോ?
പറമ്പിലൂഞ്ഞാലുകെട്ടാന്‍ മരങ്ങളുണ്ടോ?
കൊമ്പുകള്‍ക്കാട്ടം സഹിക്കുവാ,നാവതുണ്ടോ?
മൂന്നടിയി,ലൊരടിയായി മാറിയതിന്നോര്‍മ്മ;
പാതാള-ഭൂലോകയാത്രത,ന്നോര്‍മ്മ;ഏറെ
ഓര്‍മകളുടെ നിറവിലാഘോഷമായ് ഓണം.
ഓര്‍മ്മകളിലോണങ്ങളെല്ലാം നിറഞ്ഞതായ്;
ഒരുമിച്ചു കൂടുന്നതിന്നാത്മസംതൃപ്തിയായ്.
ഇനിവരും ഓണങ്ങള്‍ ഓര്‍മയില്‍ നിറയുവാന്‍
ഒരുമിച്ചു നന്‍മകള്‍ ചെയ്യേണമേവരും.
-എന്തോണമിന്നത്തെ കാലകാലത്തില്‍;
ഇന്നെന്നുമെന്നുമൊന്നുപോലെന്നപോല്‍,
ആഘോഷമൊക്കെയും വികൃതിയാക്കീടുന്ന
മര്‍ത്ത്യര്‍ ശ്വസിക്കുന്ന കാലകാലത്തില്‍.
കള്ളങ്ങളേയുള്ളൂ,ചതികളേയുള്ളൂ;
കാഴ്ചകളോരോന്നായടുത്തുകണ്ടാല്‍.
സ്വയമറിയാതെ താനേ ചെയ്യുന്നതാവാം!
സ്വയമറിഞ്ഞു തന്നെ ചെയ്യുന്നതാവാം!
പാതകം ചെയ്യുന്ന ദേഹങ്ങള്‍ കാണ്‍കെ
പാവങ്ങള്‍ പലരും പിടഞ്ഞു ചാവുന്നു.
ഒന്നിന്നു രണ്ടെന്ന മറുപടിക്കൊക്കവേ
തല്ലുന്നു,കൊല്ലുന്നു,ശവതുല്യമാക്കുന്നു.
ഒരുവന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മത്തിന്‍
ദൂഷ്യഫലമനുഭവിക്കുന്നതവനല്ലയിന്ന്.
അവന്‍റെകര്‍മ്മത്തിന്‍റെയിരകളാകുന്നോര്‍
അധികവും പാവങ്ങള്‍,ബലിമൃഗങ്ങള്‍!
എന്തോണമിന്നത്തെ കാലകാലത്തില്‍;
വേണ്ടതെല്ലാം വേണ്ടപോലെ നടക്കാത്ത
വേണ്ടാത്തതൊക്കെയും തുടരെ നടക്കുന്ന
കലിയെന്ന വികൃതിതന്‍ കാലകാലത്തില്‍.
വിടരേണ്ട നേരത്ത് കൊഴിയുന്നു,പൂവുകള്‍
പുനര്‍ജന്‍മമില്ലാതെ മണ്ണിലടിയുന്നു.
കുളിരേണ്ടനേരത്ത് കൊടുംചൂടിലകപ്പെട്ട്
വളരുവാനാവാതെ തളരുന്നു ചെടികള്‍.
പിന്നെന്തിനു പോണമല്ലേ പൂവിറുക്കാന്‍,
പൂക്കളില്ലാത്ത തൊടികളില്‍;ഓണനാളില്‍?
എങ്ങിനെയൊരുക്കുമല്ലേ പൂക്കളങ്ങള്‍,ഇന്ന്
മുറ്റമില്ലാത്തതാം വീടിന്‍റെ മുന്നില്‍!
പുലരി,യേതേതാണു രാവെന്നറിയാതെ
പുലരിക്കുതന്നെയുണരുവാനാവുമോ?
അതുപോലെയീ കാലകാലത്തിലേറെയായ്
സമയത്തിന്നര്‍ത്ഥമറിയാത്ത ജീവികള്‍.
മധു നുകര്‍ന്നിട്ടുള്ള ആട്ടമേയുള്ളൂ;ഇന്ന്
അതിനെത്തുടര്‍ന്നുള്ള പാട്ടുകളേയുള്ളൂ.
കളിയാക്കിയല്ലാതെ ചിരിയെന്നതില്ല;
എങ്ങും നിറയുന്നതോരോ വ്യഥകള്‍മാത്രം!
കൂട്ടങ്ങളൊക്കെയായ് സദ്യയുണ്ടാക്കുവാന്‍
അറിയുന്നോരേറെപ്പേര്‍ ഇവിടെയുണ്ടോ?
എല്ലാമറിഞ്ഞാലും മെനക്കെടാനാവാതെ
അവ,രൊക്കെ മറന്നപോലഭിനയിക്കുന്നൂ.
- ഇരിക്കുന്ന കൊമ്പിനിട്ടൊരുനാളില്‍ വെട്ടിയോന്‍
കവികള്‍തന്‍ ഗുരുവായി മാറിയതത്ഭുതം!
ഇ,ന്നിരിക്കുവാന്‍ സ്ഥാനത്തിനായ്ക്കൊണ്ടു മാത്രം
പലതും പറഞ്ഞുകൊണ്ടോടുന്നോര്‍ നിത്യം!
പലകുറിപറഞ്ഞാലും പറഞ്ഞുകരഞ്ഞാലും
കരഞ്ഞുതളര്‍ന്നാലും തീരാത്തദുരിതങ്ങള്‍...
ഒക്കെയീ കാലകാലത്തിന്‍ പരീക്ഷകള്‍;
ആര്‍ക്കുമാവില്ലവയെല്ലാം ജയിക്കുവാന്‍.
ഇനിയും പറയുവാനുണ്ടേറെ കാര്യങ്ങള്‍;
എനിക്കറിയുന്നതു,മറിയാത്തതുമൊക്കെയായ്...
ഇത്രയും നേരെയോ പറഞ്ഞതെന്നറിയാതെ,
ഇനിയും പറയുന്നതിലര്‍ത്ഥമില്ലല്ലോ!
നിര്‍ത്തട്ടെ ഞാ,നെന്‍റെ രചനാവികൃതികള്‍
തല്‍ക്കാലം നിങ്ങള്‍ക്കൊരാശ്വാസമേകുവാന്‍...
നിര്‍ത്തുന്നു ഈ കവി,പറയുന്നു കൂടെ-
ചിത്തമോദത്തോടെയോണാശംസകള്‍.
- ഓര്‍മയില്‍ നിറയട്ടെ ഈ വരുന്നോണം;
ഒരുമയെയുണര്‍ത്തട്ടെ ഈ വരുന്നോണം.
ഇനിവരും ഓണങ്ങള്‍ ഓര്‍മയില്‍ നിറയുവാന്‍
ഇനിയെന്നുമൊരുമിച്ചു ചെയ്തിടാം നന്‍മകള്‍.
(രൂപച്ചേച്ചിക്കും വീട്ടുകാര്‍ക്കും,ഓണാശംസകളോടെ എഴുതിയതാണ് ഈ കവിത.ഞാന്‍ ഇതുവരെ എഴുതിയതില്‍ ഏറ്റവും നീളം കൂടിയ കവിതയുമാണ് ഇത്.)
(രൂപച്ചേച്ചിക്കും വീട്ടുകാര്‍ക്കും,ഓണാശംസകളോടെ എഴുതിയതാണ് ഈ കവിത.ഞാന്‍ ഇതുവരെ എഴുതിയതില്‍ ഏറ്റവും നീളം കൂടിയ കവിതയുമാണ് ഇത്.)
3 അഭിപ്രായങ്ങൾ:
ഓണാശംസകള്‍...
ഇനിവരും ഓണങ്ങള്‍ ഓര്‍മയില്‍ നിറയുവാന്‍
ഇനിയെന്നുമൊരുമിച്ചു ചെയ്തിടാം നന്‍മകള്‍
:)
ഓണം വന്നപോലെ പൊയീ..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ