അവിടെ ഇരുട്ടായിരുന്നു.
പിന്നീട് അരണ്ട വെളിച്ചം തെളിഞ്ഞു.പതിയെ പതിയെ അത് അവിടെങ്ങും വ്യാപിച്ചു;കൂടുതല്‍ തെളിയുകയും ചെയ്തു.അപ്പോള്‍ അവിടെയുണ്ടായിരുന്നവരെല്ലാരും തയ്യാറാകാന്‍ തുടങ്ങി.അവര്‍ ആ കോട്ടവാതിലിനടുത്തേക്ക് തിരക്കിട്ട് നീങ്ങി.
എണ്ണാന്‍ പറ്റാത്തത്ര ആള്‍ക്കാര്‍...കൂട്ടത്തില്‍ ഞാനുമുണ്ടായിരുന്നു.
വാതില്‍ തുറന്നു...അകത്തു നിന്നും ഒരാള്‍-ഒരു രൂപം- വാതില്‍ക്കല്‍ വന്നുനിന്നു.അയാള്‍ കുറെപ്പേരുടെ പേരു വിളിച്ചു.ആ പേരുകാര്‍ എല്ലാവരും വാതില്‍ കടന്ന് അകത്തേക്ക് പോയി.പേരുകളൊന്നും വ്യക്തമായി ഓര്‍മ്മയില്ല.എന്നാലും ഒരു കാര്യം ഉറപ്പാണ്-അതില്‍ എന്‍റെ പരിചയക്കാരും ഉണ്ടായിരുന്നു.
പേരു വിളിക്കപ്പെട്ടവര്‍ അകത്തേക്കു പോയപ്പോള്‍ ഞാനടക്കമുള്ള മറ്റുള്ളവര്‍ പുറത്തുതന്നെ നിന്നു.പേരു വിളിക്കാതെ അകത്തേക്ക് പ്രവേശനമില്ല!ഇനിയും കാത്തിരിക്കണം...കാത്തിരുന്നല്ലേ പറ്റൂ...ആവശ്യക്കാര്‍ നമ്മളായിപ്പോയില്ലേ!എങ്കിലും ഞങ്ങളില്‍ ചിലര്‍ അവിടവിടെയായി തിരഞ്ഞുനടന്നു-വേറെ വാതിലെങ്ങാനും ഉണ്ടെങ്കിലോ?
നാളുകള്‍ കുറെയായി ഈ കാത്തുനില്‍പ്പ് തുടങ്ങിയിട്ട്...
അതിനുമുന്‍പ് യാത്രയായിരുന്നു-യാത്ര എന്നതിനേക്കാള്‍ ചേരുക അലച്ചില്‍ എന്നതാകും!വേഗത കൂടിയും കൂട്ടിയും കുറഞ്ഞും കുറച്ചും ഞങ്ങളെല്ലാവരും ആ അലച്ചിലില്‍ പങ്കുചേര്‍ന്നു;വഴികള്‍ പലതാണെങ്കിലും...ഒടുവില്‍ ഇവിടെയെത്തി...കാത്തിരിപ്പ് തു ടങ്ങി.
എന്നും പ്രാര്‍ത്ഥിക്കും-
'ഇന്ന് എന്‍റെ പേരു വിളിക്കണേ...'
ദൈവം എന്‍റെ പ്രാര്‍ത്ഥന കേട്ടു;എന്‍റെ പേരുവിളിക്കുകയും ചെയ്തു-പലവട്ടം.പക്ഷെ ആ പേരിന്‍റെയൊക്കെ ഉടമസ്ഥര്‍ വേറെ ചിലരായിരുന്നു.
ദൈവത്തിന്‍റെ സൂത്രം മനസ്സിലാക്കിയ ഞാന്‍ പ്രാര്‍ത്ഥന മാറ്റി-
'ഇന്ന് എന്നെ അകത്തേക്ക് വിളിക്കണേ...'
-എന്താണാവോ...ഇതുവരെ ആ പ്രാര്‍ത്ഥന ദൈവം ശ്രദ്ധിച്ചിട്ടില്ല...
അകത്തേക്ക് പോയവര്‍ക്ക് അവിടെ സുഖമുള്ള ജോലിയാണോ എന്നറിയില്ല;എങ്കിലും അവര്‍ക്ക് ഭാഗ്യമുണ്ട്.കാരണം അവര്‍ക്കൊന്നും ഇനി ഇവിടത്തെ കഷ്ടപ്പാടുകള്‍ അറിയേണ്ടി വരില്ലല്ലോ!
അവരുടെ ഭാഗ്യത്തെ ഓര്‍ത്തുകൊണ്ട്,അതിലുപരി,ഇവി ടത്തെ ദൌര്‍ഭാഗ്യത്തെ ശപിച്ചുകൊണ്ട്,അസുഖകരമായ ആ അവസ്ഥയില്‍ ഞങ്ങള്‍ കുറെപേര്‍...ഇനി എത്രനാള്‍ വേണ്ടിവരുമാവോ!
സഹിക്കാന്‍ പറ്റാത്തതും എന്നാല്‍ സഹിക്കേണ്ടി വരുന്നതുമായ കാര്യങ്ങള്‍ പലതാണ്.ഒന്നും വ്യക്തമായി പറയാനറിയില്ല;പലതും ഓര്‍മ്മയിലുമില്ല...
എന്നാലും ചിലതൊക്കെ പറയാം.
എന്നാലും ചിലതൊക്കെ പറയാം.
-ഇവിടെ നില്‍ക്കേണ്ടി വരുമ്പോള്‍ ആദ്യം നില്‍ക്കേണ്ടി വരിക ഒരുപക്ഷെ കൂര്‍ത്ത മുള്ളിന്‍മേലാകും;അല്ലെങ്കില്‍ മൃദുലമായ പരവതാനിമേലാകും.... ഏതിലായാലും ഓര്‍ക്കാപ്പുറത്താകും നിലവും നില്‍പ്പും മാറുക....മുള്ള് പരവതാനിയാകും പരവതാനി മുള്ളാകും.
-ചിലപ്പോള്‍ അവിടാകെ ചൂടാകും;ചിലപ്പോള്‍ തണുപ്പും...മറ്റു ചിലപ്പോള്‍ കഠിനമായ ചൂടും കഠിനമായ തണുപ്പും ഒന്നിച്ചുതോന്നും...ഇടയ്ക്ക് കാറ്റടിക്കും-നല്ല ഇളംകാറ്റ്...അതിനെ ആസ്വദിക്കുന്ന നേരത്താകും കൊടുങ്കാറ്റിന്‍റെ വരവ്...പൊടിയുയര്‍ന്ന് ഒന്നും കാണാതെയാകും...
ഇനിയുമുണ്ട് പലതും...എല്ലാം മാറ്റങ്ങളുടെ കഥകള്‍...നമ്മളറിയാതെ പെട്ടെന്നുപെട്ടെന്നാകും എല്ലാം മാറിമറയുക...
അവിടെ കൂടെയുള്ള ആള്‍ക്കാരോ!
ആദ്യമൊക്കെ അവര്‍ ഒന്നും മിണ്ടിയെന്നു വരില്ല...എന്തിന്,ഒന്നു നോക്കുക പോലുമില്ല...!ഇടയ്ക്കെപ്പൊഴോ കൊച്ചു വര്‍ത്തമാനങ്ങള്‍ തുടങ്ങും...അതില്‍ പലപ്പോഴും ചിരി ഉയരും...ചിരിച്ചുചിരിച്ച് പിന്നെയത് കരച്ചിലാകും... പതിയെപ്പതിയെയത് തര്‍ക്കത്തിലെത്തും...തര്‍ക്കം മൂത്ത് വമ്പന്‍ വഴക്കുകളിലെത്തും...പിന്നീടുള്ള ഏതോ നിമിഷത്തില്‍ ഒക്കെ സാധാരണ മട്ടിലാകും...
മുന്നിലും പിന്നിലും ചുറ്റിലും നില്‍ക്കുന്നവരുടെ ചവിട്ടും തൊഴിയും പിടിയും വലിയും പലപ്പോഴും ബുദ്ധിമുട്ടിക്കും...എങ്കിലും നമ്മുടെ നില്‍പ്പ് മാറാതിരിക്കാന്‍ എല്ലാം സഹിക്കേണ്ടി വരും...കാത്തിരിപ്പിനിടയിലെ ഒരു തമാശയായി മാത്രം എല്ലാത്തിനെയും കണക്കാക്കേണ്ടി വരും...
വേറെ എന്തെങ്കിലും പണിയുള്ളപ്പോഴാകും അവിടേക്കുള്ള അപേക്ഷ അയക്കേണ്ടി വരിക...നമ്മുടെ ഭാഗ്യം പോലിരിക്കും വിളിക്കുന്നതും വിളിക്കാതിരിക്കുന്നതും!
പലരും വാതില്‍ക്കല്‍വരെ വന്നിട്ട് കുറെനേരം നിന്നിട്ട് മടങ്ങിപ്പോകും.ചിലര്‍ അവിടെത്തന്നെ വിശ്രമിക്കാന്‍ തുടങ്ങും.ഇരുന്നും കിടന്നും നടന്നുമൊക്കെ അവര്‍ ക്ഷീണം മാറ്റും.ചിലര്‍ പിന്നെയും നില്‍ക്കും.കൂടുതല്‍ പേരും മടങ്ങിപ്പോകാറാണു പതിവ്...
ഇടയ്ക്ക് ചില അപ്രതീക്ഷിത സംഭവങ്ങള്‍...!!!
-വൈകിയെത്തുന്ന പലര്‍ക്കും നേരത്തെത്തന്നെ അകത്തേക്ക് കയറാന്‍ കഴിഞ്ഞിരുന്നു...അതിനുള്ള പ്രത്യേക അനുവാദം അവര്‍ക്കുണ്ടായിരുന്നു.
-അവസരം കാത്തുനില്‍ക്കുന്നവരെ പറ്റിച്ച് ചിലര്‍ അകത്തു കടന്നുകൂടാറുണ്ട്. അത് പലപ്പോഴും ആരും അറിയാതെയാകും;അറിഞ്ഞുമാകാം!
-അകത്തേക്കു കയറിപ്പോയവരില്‍ ചിലരെ പുറത്താക്കുകയും ചെയ്തിട്ടുണ്ട്.അങ്ങനെയുള്ളവര്‍ ചിലപ്പോള്‍ വീണ്ടും കാത്തു നില്‍ക്കും;അല്ലെങ്കില്‍ തിരിച്ചു പോകും.
കഴിഞ്ഞ കുറെയേറെ നാളുകളായി ഇതെല്ലാം നടന്നുവരികയാണ്...വരുന്ന നാളുകളിലും നടക്കുക ഇതൊക്കെത്തന്നെ ആയിരിക്കും...എന്നാലും ഒരു പ്രതീക്ഷ...!
പിന്നെയും പഴയതുപോലെ...അടുത്ത തവണയും ഞാനില്ല...
എന്‍റെ പേരു വിളിക്കാതെ...അല്ല...എന്നെ വിളിക്കാതെ...!!!
കാലം നീങ്ങിക്കൊണ്ടിരുന്നു...
പരിചയക്കാര്‍ പലരും അകത്തേക്കു കയറിപ്പോയത് ഞാന്‍ കണ്ടു...എന്‍റെ ബന്ധുക്കള്‍,സുഹൃത്തുക്കള്‍,മറ്റു പരിചയക്കാര്‍-അങ്ങനെ പലരുമുണ്ടായിരുന്നു...ചുരുക്കം ചിലരെ പുറത്താക്കിയിട്ടുമുണ്ട്...
അകത്തെ ജോലിക്ക് ഒട്ടും താല്പര്യമില്ലാത്തവരെപ്പോലും പലപ്പോഴും അകത്തേക്ക് വിളിച്ചിരുന്നു.എന്നിട്ടും താല്പര്യത്തോടെ നില്‍ക്കുന്ന എനിക്കുവേണ്ടി വാതില്‍ തുറക്കാത്തത്തിന്‍റെ കാരണം എനിക്കു മനസ്സിലാകുന്നില്ല.
സമയമാകാഞ്ഞിട്ടാണോ?
യോഗ്യതയില്ലാഞ്ഞിട്ടാണോ?
അപേക്ഷയില്‍ തെറ്റുകളുണ്ടോ?
അറിയില്ല!
ആവശ്യക്കാരെ മനസ്സിലാക്കേണ്ടവര്‍ അതൊന്നും മനസ്സിലാക്കാതിരിക്കുമ്പോള്‍ ,ശ്രദ്ധിക്കാതിരിക്കുമ്പോള്‍...വിഷമമുണ്ട്...!നല്ല വിഷമമുണ്ട്...!
എല്ലാ വിഷമങ്ങളും കഷ്ടപ്പാടുകളും സഹിച്ച് ആ ഒരു വിളിക്കായി, കൊതിച്ചുകൊതിച്ച് കാത്തിരിക്കുകയാണ്,കാത്തിരിപ്പ് തുടരുകയാണ് ഞാന്‍.
കാത്തുനിന്ന് മുഷിയുമ്പോഴും,ആവേശം മൂക്കുമ്പോഴും പലരും തങ്ങള്‍ക്കാവുന്ന വഴിയെ അകത്തുകേറാന്‍ നോക്കാറുണ്ട്...കുറേപ്പേര്‍ കേറീട്ടുണ്ട്...ചിലരെ തിരിച്ചിറക്കീട്ടുമുണ്ട്...
അവരെപ്പോലെ ചെയ്യാന്‍ എനിക്കറിയാം...അതിനുള്ള വഴികളും അറിയാം...
പക്ഷെ!
ഞാന്‍ സ്വയം നിയന്ത്രിക്കുകയാണ്.
കാരണം,
ആത്മഹത്യ ചെയ്യാന്‍ എനിക്ക് തീരെ താല്പര്യമില്ല.ഞാനതിനെ എതിര്‍ക്കുന്നു; വെറുക്കുന്നു... മാത്രമല്ല,അതിനുവേണ്ടി കളയാന്‍ എന്‍റെ കയ്യില്‍ സമയവുമില്ല...
എന്നാല്‍,
കാത്തിരിക്കാന്‍ എന്‍റെ കയ്യില്‍ സമയം ധാരാളമുണ്ട്...ഞാന്‍ കാത്തിരിക്കും.
എന്നെങ്കിലുമൊരുനാള്‍ അധികാരികള്‍ക്ക് എന്‍റെ അപേക്ഷയും സ്വീകരിച്ചല്ലേ പറ്റൂ...
അതുവരെ കഥയിങ്ങനെ തുടരും...
1 അഭിപ്രായം:
വായിക്കാനുള്ള ഒരു ഉള്‍പ്രേരണ തരുന്നു. അത് എഴുത്തിന്റെ വിജയമാണ്.വളരെ ഇഷ്ടപ്പെട്ടു.കുറച്ചു
കൂടി സൂക്ഷ്മമായി പറഞ്ഞാല്‍ ഒരു വ്യംഗ്യമായ സൌന്ദര്യം ഇതില്‍ ആവേശിച്ചിരിക്കുന്നു. അത് ലളിതമായി സൂചിപ്പിച്ചിരിക്കുന്നത് ഒറ്റ വാക്യത്തിലാണ് .ആശംസകള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ