അത്രമേൽ താൽപ്പര്യമില്ലാതിരുന്നിട്ടും
പലവട്ടം ഞാൻ നൂറിലെത്തി...!
കോണികൾ കേറിയും കോളങ്ങൾ ചാടിയും
പലവട്ടം ഞാൻ നൂറിലെത്തി...!
'വിജയി'യെന്നൊരു പേ,രതും നേടി...
ആവേശമില്ലായിരുന്നൂ ; ലവലേശം-
ആവശ്യമില്ലായിരുന്നൂ ; സത്യത്തിൽ-
ആ വിജയമീ ഞാൻ കൊതിച്ച കാര്യങ്ങളിൽ
മാത്രമായ്ത്തീർന്നിരുന്നെങ്കിൽ,
ഉണ്ടാകുമായിരുന്നൂ എനിക്കാവേശം;
ഒപ്പം, ജീവിക്കുവാനുള്ള കൊതിയും...!
ഇന്നില്ല ജീവിക്കുവാനുള്ള ആവേശ-
മിന്നില്ല ജീവിതത്തോടുള്ള കൊതിയും...!!
ഇന്നില്ല ജീവിക്കുവാനുള്ള ആവേശ-
മിന്നില്ല ജീവിതത്തോടുള്ള കൊതിയും...!!
വല്ലാതെ വേച്ചുപോകുന്നു നീങ്ങുമ്പോൾ...!
കോണികൾ കേറുവാൻ കോളങ്ങൾ ചാടുവാൻ
ആവാതെയാകുന്നു ഇപ്പൊ കളിക്കുമ്പൊ...!
എതിരാളിയില്ലേലും തോറ്റു പോകുന്നു ഞാൻ,
ഇല്ലെങ്കിൽ അറ്റത്ത് എത്തുവാൻ വൈകുന്നു...!
കോളമോരോന്നിലും വേച്ചു പോം കാൽ വച്ച്
കോണിയുടെ അരികിലെത്തുമ്പോൾ...
കഷ്ട,മെന്നല്ലാതെ എന്തു പറയേണ്ടു...!!!
അക്കളം തന്നിൽ കാൽ തൊട്ടിടാതെ വേഗ-
മക്കളം ചാടിക്കടക്കുവാനായിട്ട് നിർബന്ധ-
ബുദ്ധിയാൽ വാശിയാൽ നിർത്താതെ
എന്നോട് പറയുന്നു കട്ട...
കഷ്ടകാലമാം കട്ട...!
കോളമോരോന്നിലും വേച്ചുപോം കാൽ വച്ച്
പാമ്പിന്‍റെ അരികിലെത്തുമ്പോൾ....
കഷ്ട,മെന്നല്ലാതെ എന്തു പറയേണ്ടു...!!!
അക്കളം ചാടിക്കടക്കുവാനായിട്ട്
നന്നായി മോഹിച്ചിരിക്കുന്ന നേരത്ത്...
കഷ്ട,മെന്നല്ലാതെ എന്തു പറയേണ്ടു...!!!
ഒന്നു,ര,ണ്ടല്ലെങ്കിൽ മൂന്നു,നാ,ലല്ലെങ്കിൽ
അഞ്ചു വീണല്ലെങ്കി,ലാറുവീണ്,
പാമ്പിന്‍റെ വായിലേ,ക്കാവഴി വയറ്റിലേ-
ക്കാവഴി വാലറ്റ,മെത്തിടുന്നൂ...!
അന്നേരമക്കളം ചാടിക്കടക്കുവാൻ
സമ്മതിക്കാതെന്നെ നോക്കിച്ചിരിച്ചുകൊ-
ണ്ടയ്യോ പരിഹസിച്ചീടുന്നു കട്ട...
കഷ്ടകാലമാം കട്ട...!
കഷ്ട,മെന്നല്ലാതെ എന്തു പറയേണ്ടു...!!!
കഷ്ടകാലമെന്നല്ലാതെ,യെന്തു കരുതേണ്ടു...!!!
1 അഭിപ്രായം:
ഇതു ജീവിതം തന്നെ
കൊള്ളാം
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ