2009, ഡിസം 15

കണ്ണട


കൃഷ്ണന്‍നായര്‍ സര്‍ക്കാരുദ്യോഗസ്ഥനായിരുന്നു. എന്ത് ജോലിയും നല്ല ഉത്തരവാദിത്വത്തോടെ കൃത്യമായി ചെയ്തിരുന്നു. നേരായ വഴിയേ മാത്രം സമ്പാദ്യം. അതുകൊണ്ടുതന്നെ അല്പം കഷ്ടിയാണ്. ഇപ്പോള്‍ കക്ഷി വിരമിച്ചു; വീട്ടില്‍ സ്വസ്ഥം. ചെറിയ പറമ്പിലെ കൃഷിയും കുടുംബകാര്യങ്ങളും നോക്കി സമയം നീക്കുന്നു.
ആരോഗ്യം നന്നേ കുറവാണ് എന്നുതന്നെ പറയാം; പ്രത്യേകിച്ച് കണ്ണിനും കാലിനും...

ന്തുവായിക്കാനും വ്യക്തമായി കാണാനും കണ്ണട വേണം. ആ കണ്ണടയാണ് കൊണ്ടുകളഞ്ഞിരിക്കുന്നത്. ഭാര്യയ്ക്ക് നീരസം വരാതിരിക്ക്യോ...!
മക്കളുടെ കാര്യം പിന്നെ പറയണോ...! അവരങ്ങനെ... ഒരുത്തന്‍ കാര്യം കേട്ടപാടെ എടുത്തുചാടി... അച്ഛന് പണത്തിന്‍റെ വില എന്തെന്നറിയില്ലത്രേ! രണ്ടാമന്‍ ലാഘവത്തോടെയേ എടുത്തുള്ളു; കണ്ണടയ്ക്ക് നടക്കാന്‍ പറ്റില്ലല്ലോ. അതവിടെയെവിടെയെങ്കിലും കാണുമത്രേ!

വിടെ കാണാന്‍? എല്ലാടത്തും നോക്കി, ഒന്നല്ല; പലവട്ടം. കണ്ടില്ല. കിടപ്പുമുറി,സ്വീകരണമുറി...അടുക്കള തൊട്ട് കക്കൂസ്സില്‍വരെ നോക്കി... കൊച്ചുകൊച്ചിടകള്‍ പോലും നോക്കി... ഒരിടത്തുമില്ല...
നന്നായോര്‍ത്തിട്ടും പറ്റുന്നില്ല... ഓര്‍ക്കാനാവുന്നില്ല... എവിടെയാണ് വച്ചത്?എവിടെയോ വച്ചതു തന്നെയാണ്... അല്ലാതെ പോകാനുള്ള വഴിയില്ല...

ചിന്തിക്കാന്‍ കാരണമുണ്ട്. അങ്ങനെ കളയാന്‍ തക്ക യാത്രയൊന്നും, കാര്യങ്ങളൊന്നും പുള്ളി ചെയ്തിട്ടില്ല. മറ്റാര്‍ക്കും കൊടുത്തിട്ടില്ല... അതൊക്കെ ഉറപ്പാണ്.
ഇനീപ്പൊ ചിന്തിച്ചിട്ടെന്തു കാര്യം!

പോയത്, എങ്ങിനെയാണെങ്കിലും,പോയി... പുതിയതൊന്ന് വളരെ അത്യാവശ്യം... മേടിക്കണം...കാശുണ്ട്...പക്ഷെ ഒരു യാത്ര...അതാണ്‌ വയ്യാത്തത്. ഭാര്യയെ പറഞ്ഞുവിട്ടാല്‍? ഏയ്‌...മാത്രമല്ല കണ്ണട പുള്ളിക്കാണല്ലോ...അതിന്‍റെ എന്തെങ്കിലും പരിശോധനയുണ്ടെങ്കില്‍...!തീരുമാനിച്ചു...അടുത്ത ദിവസം തന്നെ പോണം കണ്ണട വാങ്ങാന്‍...

നാരോഗ്യത്തിന്‍റെ വിളിയുണ്ടായെങ്കിലും കക്ഷി നഗരത്തിലേക്ക് വണ്ടി കയറി. നഗരം അയാള്‍ക്ക് പുതിയതല്ലായിരുന്നെങ്കിലും, അന്ന് ഒരല്‍പം അസ്വാസ്ഥ്യം തോന്നി... വാഹനങ്ങളുടെ ചീറിപ്പായലും, പുകപടലങ്ങളും ഒച്ചപ്പാടും... നഗരത്തെ വിഴുങ്ങിയ തിരക്കിലൂടെ അയാള്‍ കണ്ണടക്കടയെ ലക്ഷ്യമാക്കി നടന്നു. കടയെത്തി... കടക്കാരനോട് കാര്യം പറഞ്ഞു.

കടക്കാരന്‍ നിര്‍ദേശിച്ചു;പറഞ്ഞു : 'കണ്ണട വാങ്ങും മുമ്പ് ഡോക്ടറെ കാണണം... എന്നിട്ട് ഡോക്ടര്‍ തരുന്ന കടലാസുമായി വന്നുവേണം കണ്ണട വാങ്ങാന്‍.'

യാള്‍ ഡോക്ടറെ കാണാന്‍ ചെന്നു...കണ്ടു... ഡോക്ടര്‍ പരിശോധിച്ച് എന്തൊക്കെയോ കുറിച്ചു നല്‍കി. അയാള്‍ അതുമായി കണ്ണടക്കടയിലേക്ക് ചെന്നു. കടക്കാരന്‍ കുറിപ്പുനോക്കി കാര്യം മനസ്സിലാക്കി, രണ്ടുദിവസം കഴിഞ്ഞു വരാന്‍ പറഞ്ഞു. കാശിന്‍റെ കാര്യവും പറഞ്ഞ് ഒരു ചീട്ടും കൊടുത്തു. അതുംവാങ്ങി അഡ്വാന്‍സും കൊടുത്ത് കക്ഷി തിരിച്ചു പോന്നു.

പോരുംവഴി കക്ഷി ഒരൊറ്റ ദിവസം, ഇത്തിരി നിമിഷങ്ങള്‍, കൊണ്ട് വന്ന ചിലവുകളെക്കുറിച്ച് ഓര്‍ത്തു.

നാട്ടീന്ന് നഗരത്തിലേക്ക് ബസ്സുകൂലി, ഡോക്ടറെ കണ്ടതിന്‍റെ ചെലവ്, കണ്ണടക്കടേല് കൊടുത്ത അഡ്വാന്‍സ്...ബാക്കി പിന്നാലെ വരും, രണ്ടു ദിവസം കഴിഞ്ഞ്...! ബസ്സുകൂലിയും കടയില്‍ കൊടുക്കാനുള്ളതുമൊക്കെയായി അന്നും നല്ല ചിലവു വരും; സാമാന്യം നല്ല നിലയില്‍ ധനനഷ്ടം വരുന്നുണ്ട്!

വീട്ടിലെത്തിയിട്ടും അതുതന്നെയായിരുന്നു മനസ്സില്‍...ധനനഷ്ടം!

ഭാര്യ പറഞ്ഞു : 'ആ ആഴ്ച അങ്ങനെയാണ്...'

ടീവീല് ഒരു ജോത്സ്യന്‍ പറഞ്ഞതാണ്, പുള്ളീടെ നാളുകാര്‍ക്ക് ധനനഷ്ടം! അതുകൊണ്ടുതന്നെ, ആദ്യം നീരസപ്പെട്ടുവെങ്കിലും,അതത്ര കാര്യമാക്കിയില്ല... വരാനുള്ളത് വഴീല്‍ തങ്ങില്ലല്ലോ...
എന്നാലും അയാള്‍ക്ക്..!

ണ്ടു ദിവസം കഴിഞ്ഞു... നഗരത്തിലേക്ക് വണ്ടികയറി...പഴയ ചാര്‍ജല്ല, കൂട്ടീട്ടുണ്ട്. കണ്ണടക്കടയിലെത്തി, കണ്ണട വാങ്ങി. കടക്കാരന്‍ പറഞ്ഞതനുസരിച്ച് പുതിയ കണ്ണട ഡോക്ടറെ കാട്ടി... നല്ലതാണെന്ന് പറഞ്ഞു,ഡോക്ടര്‍.

അതെ തീര്‍ച്ചയായും നല്ലതുതന്നെയാണ്; പക്ഷെ ഡോക്ടര്‍ക്കാണെന്നു മാത്രം... നോക്കിയതിനുള്ള കൂലി, പിന്നെ കണ്ണടക്കുള്ള കാശ്! കട സ്വന്തം തന്നെയാണല്ലോ; അങ്ങിനേം കാശ്...! അതെ, തീര്‍ച്ചയായും നല്ലതാണ്!

ക്ഷി വീട്ടാവശ്യങ്ങള്‍ക്കായുള്ള എന്തൊക്കെയോ വാങ്ങി, നാട്ടിലേക്ക് വണ്ടി കയറി...

അയാള്‍ക്ക് ചിലവായതിനെപ്പറ്റിയാണ് വേവലാതി. ജോത്സ്യന്‍മാരങ്ങനെ പലതും പറയും. ശരിയും കാണും തെറ്റും കാണും. പക്ഷെ പോയത് സ്വന്തം കയ്യീന്നാവുമ്പൊ എങ്ങനെയാശ്വസിക്കാന്‍ പറ്റും! സ്വന്തം കുറ്റം തന്നെയാകും...വിധി! അല്ലാതെന്തുചെയ്യാന്‍...പറയാന്‍...!!

ക്കെ, ജീവിതത്തില്‍ ഉണ്ടാകുന്നതൊക്കെ, വിധി തന്നെ...
മക്കളുണ്ട് രണ്ടെണ്ണം...രണ്ടിനേം വളര്‍ത്തി, വലുതാക്കി. അതിന്‍റെയിത്തിരിപോലും നന്ദി അവര്‍ കാണിച്ചിട്ടില്ല. നന്ദിയല്ല,കടമയാണ് ചെയ്യാതിരിക്കുന്നത്.
എന്താവശ്യപ്പെട്ടാലും ഒരുത്തന് ഒക്കെ 'പിന്നെപ്പിന്നെ'! മറ്റവന്‍ 'അതിന്‍റെ ആവശ്യമില്ല' എന്ന് പറയും!

അതൊക്കെ അയാളുടെ സ്വകാര്യദുഃഖം... അതൊക്കെക്കൊണ്ട് അയാള്‍ക്ക് ജീവിക്കാതിരിക്കാന്‍ പറ്റുമോ? അത്തരം ദുഃഖങ്ങള്‍ മറക്കാനാകും, ഒരുപക്ഷെ, കൃഷിയും കാര്യങ്ങളുമായി നടക്കുന്നത്. പച്ചക്കറികളുണ്ട്, പഴങ്ങളുണ്ട്... മക്കളെപ്പോലെയാണ് ആള്‍ കൃഷിയെ നോക്കുന്നത്...

കഴിഞ്ഞ ദിവസം മേടിച്ച വളം കൊണ്ട് കക്ഷിയും ഭാര്യയും പറമ്പിലേക്കിറങ്ങി...ഓരോന്നിന്നും വേണ്ടുന്ന അളവില്‍ വളമിട്ടുവന്നു. പെട്ടെന്നായിരുന്നു...!!!

'യ്യോ!' എന്ന് അല്‍പം ദയനീയസ്വരത്തില്‍ ഒരൊച്ച പൊങ്ങി!
കൃഷ്ണന്‍നായരുടേതായിരുന്നു...

ദ്യമൊന്നു ഞെട്ടിയ ഭാര്യ അടുത്തേക്ക് ചെന്നു; കാര്യം തിരക്കി.

കൃഷ്ണന്‍നായര്‍ കാട്ടിക്കൊടുത്തു...

വിടെ, ഒരു വാഴക്കയ്യില്‍, ഇരിക്കാന്‍ മൂക്കും കാതും നോക്കി കാത്തിരിക്കുകയായിരുന്നു, കൃഷ്ണന്‍ നായരുടെ കാണാതായ കണ്ണട.

2 അഭിപ്രായങ്ങൾ:

Raveendra Pai പറഞ്ഞു...

good story

Sabu Kottotty പറഞ്ഞു...

നല്ല കഥകളെഴുതാന്‍ താങ്കള്‍ക്കു കഴിയും. താങ്കളുടെ രണ്ടുകഥകളും വളരെ ഇഷ്ടപ്പെട്ടു. നല്ല കഥകള്‍ ഇനിയുമേറെ പ്രതീക്ഷിയ്ക്കുന്നു.....

...ആശംസകള്‍...