2010, ജൂലൈ 20

യവനിക

യവനികയുയര്‍ന്നൂ...
കാണികള്‍ നോക്കിനില്‍ക്കെ
നായികാ നായകന്‍മാര്‍
കെട്ടിപ്പുണര്‍ന്നു...
സ്നേഹം പറഞ്ഞും പങ്കുവച്ചും
അവരവിടെ ആടിയ നാടകം,
പലരിലും,പ്രണയത്തിന്‍-
സുഖമൊന്നറിയുവാ-
നൊരുകൊതിയുണര്‍ത്തി...

അവിടവിടെയായി
ചിതറിക്കിടന്നതാം
പ്രേമനയനങ്ങള്‍ തമ്മില്‍നോക്കി...
മറ്റാരുമറിയാതെ,
അവര്‍ മാത്രമറിയുന്ന
പ്രണയസന്ദേശങ്ങള്‍ കൈമാറി...

കളിയരങ്ങത്തെയാ നാടകം തീര്‍ന്നു;
അതിനിടയിലവിടെയാ പ്രണയങ്ങളൊന്നിച്ചു...
ഒരുനോക്കിനാലേറെ വാക്കുകള്‍ കൈമാറി-
യവരൊക്കെയവരുടെ വഴിക്കു നീങ്ങി!

അരങ്ങത്തു പ്രണയിച്ച ആ രണ്ടുപേരും
ചമയങ്ങളൊക്കെയും അഴിച്ചുമാറ്റി...
ചമയങ്ങള്‍ക്കൊപ്പമാ പ്രണയത്തിന്‍ വസ്ത്രവും
അവരഴിച്ചെങ്ങോ വലിച്ചെറിഞ്ഞു.
പ്രേമഗീതങ്ങള്‍ പാടിയവര്‍,പിന്നെ
പേടിപ്പെടുത്തുന്ന വാക്കുകള്‍ ചൊല്ലി.
കേട്ടവരുടനടി ചെവികള്‍ പൊത്തി;
കേള്‍ക്കാതിരിക്കുവാനവിടുന്നു മാറി!

അരങ്ങത്തുമാത്രമ,ല്ലതിലേറെ നേരില്‍
ഭാര്യയും ഭര്‍ത്താവുമായിരുന്നൂ അവര്‍;
ബന്ധം ജനിച്ചധികമാകുന്നതിന്‍ മുന്‍പേ-
പക്ഷെ,ബന്ധം ക്ഷയിച്ചെന്നപോലെ തോന്നുന്നൂ.

'നാടകം നന്നായ്',പലരും പറഞ്ഞു,
'ജീവിതംപോയ്‌',എന്ന സത്യമറിയാതെ!
എന്തുകൊണ്ടോ തമ്മിലറിയാതെ പോയി;
ഒടുവിലോ പിരിയുവാന്‍ സമ്മതവുമായി!

നാടകം തീര്‍ന്നൂ;അരങ്ങൊഴിഞ്ഞു;
കാണികളില്ലാ സദസ്സുണര്‍ന്നൂ...
യവനിക വീണൂ;പതിയെയാണെങ്കിലും-
സകലതും തീര്‍ന്നുവെന്ന,തെല്ലാരും അറിഞ്ഞു.

2 അഭിപ്രായങ്ങൾ:

...sijEEsh... പറഞ്ഞു...

അരങ്ങത്തു പ്രണയിച്ച ആ രണ്ടുപേരും
ചമയങ്ങളൊക്കെയും അഴിച്ചുമാറ്റി...
ചമയങ്ങള്‍ക്കൊപ്പമാ പ്രണയത്തിന്‍ വസ്ത്രവും
അവരഴിച്ചെങ്ങോ വലിച്ചെറിഞ്ഞു


നന്നായിട്ടുണ്ട്.. :)

മുകിൽ പറഞ്ഞു...

Nannaayirikkunnu..