2009, ജൂൺ 23


നോക്കൂ...കാണാം
എവിടെയാണെന്നറിയുവാ,ന-
തെന്തെന്നറിയണ,മതല്ലാത്ത-
തെന്തെന്നുമറിയണം;തേട-
ലിന്‍മുന്‍പു വഴിയുമറിയണം.

നേരിലേക്കുള്ളതാം പാതയതു-
തേടവേ,കാണുന്നതൊരു പക്ഷെ -
നേരുകേടിന്‍റെ പാതയാ,ട്ടെങ്കിലോ
തീര്‍ച്ചയായുണ്ടരികില്‍ നേരിന്‍റെ പാത .

വൈകുന്നു,വയ്യാതെയാവുന്നു -
വെങ്കിലുമരുതുനിര്‍ത്തല്‍;യാത്ര-
തുടര്‍ന്നിട്ടുനേരിനെ കണ്ടെത്തി -
യിട്ടതിന്‍ കൂട്ടുചേര്‍ന്നീടുക.

സത്യമെവിടെയെന്നറിയുവാ-
നാദ്യമതെന്തെന്നറിയണ,മെന്താണ് -
സത്യ,മതല്ലാത്തതാമസത്യ -
നാദത്തിന്‍റെ,യര്‍ത്ഥമറിയണം.

പുലരിക,ലിരവുകളിടയ്ക്കുള്ള-
വേളക,ളവയിലുണ്ടേറെ സത്യം!
കാണുന്ന,കാണാത്ത,യെല്ലാത്തിലും -
കാണു,മന്വേഷിക്കുമെങ്കില്‍ സത്യം!

കാണുന്നതൊക്കെയുംസത്യങ്ങളെ-
ന്നോര്‍ത്തുനീങ്ങിയാല്‍ തെറ്റുംവഴി...!
കാണുന്നതെല്ലാമസത്യങ്ങളായ്‌-
കണ്ടു നീങ്ങിയാലും തെറ്റുംവഴി...!

എല്ലാം മറന്നോളൂ,ഞാന്‍ ചൊന്ന-
കാര്യങ്ങ,ളിനിയുള്ള കാര്യമതു നോക്കൂ ...
നോക്കൂ...നിങ്ങളോരോരുത്തരും
സ്വന്തമുള്ളിന്‍റെയുള്ളിലേക്കൊന്ന്...
നിങ്ങള്‍ക്കുകാണാം നിങ്ങളുടെ സത്യം;
നിങ്ങളുടെയുള്ളിലായ്‌ നിങ്ങളുടെ സത്യം !

അഭിപ്രായങ്ങളൊന്നുമില്ല: