
വീണുമെണീറ്റും പിടിച്ചുമങ്ങിനെ
യാത്ര തുടങ്ങീ,യതിത്രവരെയെത്തി!
കാണുന്ന വഴിയിലൂടൊട്ടേറെയായാ-
യാത്ര,യെന്നാലുമില്ല സംതൃപ്തിയൊട്ടും.
ഇന്നിത്ര നേരം വരേയ്ക്കും നടന്നത്
മറ്റുള്ളോര്‍ താണ്ടിയ വഴി നോക്കിനോക്കി ...
ഇനിയെത്ര നാള്‍ പറ്റു,മമ്മട്ടില്‍ നോക്കി
നടക്കുവാന,റിയില്ലെനിക്കു,മാര്‍ക്കും!
മറയുന്ന നേരത്തിനൊക്കെയും മുന്‍പേ
ഏവരും തന്താങ്ങള്‍തന്‍ വഴി നടന്നൂ ...
മനസ്സിന്‍റെയുള്ളിലൊരു ലക്‌ഷ്യം പതിഞ്ഞ പോ-
ലവരൊക്കെ പാദങ്ങള്‍ മണ്ണില്‍ പതിച്ചു.
മാറ്റുവാന്‍,മായ്ക്കുവാനൊട്ടുമാവില്ലവ;-
യത്രയ്ക്കാമണ്ണിനതൊട്ടിഷ്‌ടമായി...
യാത്രയ്ക്കൊരുങ്ങുന്നതാര്‍തന്നെയാകിലു-
മേവര്‍ക്കുമവകാണാം സ്പഷ്ടമായി...
അപ്പാദമുദ്രകളിലോരോന്നിലും കാണും
യാത്രയ്ക്കുനന്നായുതകുന്ന കാര്യങ്ങള്‍.
എങ്കിലോ കാണുവാന്‍ ശ്രദ്ധിച്ചു നോക്കണം;
അല്ലെങ്കി,ലവയൊട്ടുമാവില്ല വ്യക്തം.
എന്‍റെവഴി നന്നെന്നുതോന്നുകില്‍ പോരി-
കെന്നൊട്ടും മടിയാതെ പറയുകിലും,
എന്‍റെവഴിമാത്രം വരികെന്നൊരിക്ക-
ലുമപ്പാദമുദ്രകള്‍ പറയുകില്ല.
സ്വന്തമാ,യൊരു പാത വെട്ടിയുണ്ടാക്കി-
യിട്ടപ്പാതയില്‍ക്കൂടി സഞ്ചരിച്ചീടുക...
ചന്തത്തിലാകിലു,മല്ലെങ്കിലുംതന്നെ-
ചിന്തിക്ക,യപ്പാത 'നേരിന്‍റെ തന്നെയോ?'.
എന്തുതാനാകട്ടെ;ഓര്‍ക്കുകീ കാര്യം :-
'കാണാതെ പോകരുതപ്പാദമുദ്രകള്‍...'
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ