ഭൂതകാല,മതെന്നോതുന്നു നമ്മള-
തിതുവരെയുണ്ടായ കാലം.
ഭാവിയെന്തെന്നുമോതുന്നു നമ്മള-
തിനിവരാനുള്ളതാം കാലം.
വര്‍ത്തമാനത്തിന്‍റെയര്‍ത്ഥമറിയാ-
മെങ്കിലും പറയുവാനാവതില്ലല്ലോ.
വര്‍ത്തമാനം പറഞ്ഞിടാന്‍ പോലു-
മനുവാദമില്ലീ,വര്‍ത്തമാനത്തില്‍.
നാം നടക്കുമ്പോളിവിടെയീ ഭൂമി-
കുഴിയുന്നു,താഴോട്ടു തനിയെ നീങ്ങുന്നു.
നാം കൈകള്‍ വീശുമ്പോള്‍ കാറ്റെതിര്‍-
ക്കുന്ന,തു നമ്മളെ പിന്നോട്ടടിച്ചിടുന്നു.
കണ്‍കള്‍ തുറന്നാല്‍ കാണുന്ന കാഴ്ചകള്‍
കഷ്ട,മതു കാണുവാന്‍ ത്രാണിയില്ലല്ലോ!
കാതോര്‍ത്തിരുന്നാലപ്പൊഴും കഷ്ടം!
കരയുന്ന ശബ്ദങ്ങള്‍ മാത്രമേയുള്ളു...
എന്തെന്നറിയുവാന്‍ തൊട്ടുനോക്കുമ്പോ-
ളൊക്കെയും നീങ്ങിമറയുന്നു വേഗം.
എത്രയും വേഗത്തിലോടിയെന്നാലുമവ-
യെത്രയോപിന്നിലാക്കുന്നു നമ്മെ.
അറിയില്ല,കാര്യങ്ങ,ളൊക്കെയിന്നെന്തേ
നീറ്റുന്നെരിക്കുന്നു ജീവഹൃദയങ്ങള്‍.
അറിയില്ല,കാര്യങ്ങ,ളൊക്കെയിന്നെന്തേ
നക്കിതുടക്കുന്നു പ്രപഞ്ചദേഹങ്ങള്‍.
ഒരിടത്തിരിക്കുവാന്‍ നോക്കുമ്പൊ,ഴിക്കാല-
മതൊരിടത്തു നമ്മെകിടത്തുവാന്‍ നോക്കുന്നു.
ഒരിടം കിടക്കുവനായിട്ടെടുക്കുമ്പോളവിടെ-
യന്നേരം മുതല്‍ക്കേ രക്തം മണക്കുന്നു.
പറയുവാനിനിയുമുന്ടേറെയെന്നാലുമി-
ക്കാലമെന്‍ കൈകള്‍ തളര്‍ത്തുന്നു;നിര്‍ത്തട്ടെ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ