വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍
ഒരു കടയുണ്ടതി,ലേറെ വസ്തുക്കളും;
പക്ഷെ വാങ്ങിക്കുവാനാരുമില്ല.
കാര്യമറിയില്ല,താര്‍ക്കുമാവശ്യമില്ലേ;
അത്ര,യ്ക്കമൂല്യങ്ങളായിട്ടുപോലുമവ?
ഒരു കാലത്തെനിക്കതുണ്ടാക്കലായിരുന്നു,
ഇപ്പോഴുമതൊക്കെതന്നെ,ജോലി.
ചിലതിനു സമയമതേറെ വേണം,
മറ്റു ചിലതിനോ നിസ്സാരനിമിഷങ്ങളും.
കാശ് ചിലവി,ല്ലതുകൊണ്ടുതന്നെ ഞാന്‍
വിറ്റുവരവുമൊട്ടും വേണ്ടെന്നു വച്ചു.
വില്‍ക്കുവാന്‍ നോക്കി,യതൊക്കെ സൌജന്യമായ്;
വില വേണ്ട,യെന്നിട്ടുമതാര്‍ക്കും വേണ്ട.
തെരുവിലേക്കിറങ്ങിയിരക്കുവാന്‍ വയ്യ;
ഇരുളില്‍ മറഞ്ഞു നിന്നു പറയുവാനും.
കടയില്‍ കുത്തിയിരുന്നിട്ടുമില്ല കാര്യം;
പക്ഷെ കടയടച്ചിട്ടു പോകുവാന്‍ വയ്യ.
എപ്പോള്‍ വരുമെന്നറിയില്ലല്ലോ,വസ്തുക്കള്‍ -
മേടിക്കുവാനുള്ളവര്‍,ആവശ്യക്കാര്‍ .
ചിലപ്പോളോര്‍ക്കാപ്പുറത്തുകേറി വന്നേക്കും
എല്ലാം മേടിക്കുവാനായ് കെല്‍പ്പുള്ളവര്‍.
ഇനിയുമുണ്ടാക്കേണ്ടതില്ല അവയൊന്നു-
മെങ്കിലുംതാനെയുണ്ടായ് വരുന്നതല്ലോ!
ഉറങ്ങുന്ന നേരവും ഉണര്‍ന്നിരിക്കുമ്പോഴും
പലപോലെയവയെന്നുമുണ്ടായ് വരുന്നു.
അതെ,സ്വപ്‌നങ്ങള്‍,പലപല സ്വപ്‌നങ്ങള്‍!
ഒക്കെയുമെന്‍റെ സ്വപ്നങ്ങളാ,ണവയൊന്നുമേ-
യിതുവരെ സാധ്യമാകാത്തതാം കാര്യങ്ങള്‍.
സ്വപ്‌നങ്ങള്‍,അവ സാധ്യമാകാത്ത ചില മോഹങ്ങള്‍.
താന്‍ സ്വയംകേറ്റുന്ന ഭാരം,മടുക്കുമ്പോള്‍
മറ്റൊരുത്തന്‍റെ ചുമലിലേക്കേറ്റുന്നതത്രയും
തെറ്റാകുമെന്നാലുമതൊന്നും വിചാരത്തി,ലി-
ല്ലൊട്ടുംതന്നെ,യതൊഴിവാക്കുന്നതല്ലാതെയൊന്നും.
അതൊഴിവാക്കാനായിട്ടെത്ര ശ്രമിച്ചിട്ടും
കാര്യമുണ്ടായില്ല,തെന്നെവിട്ടൊട്ടും പോയതില്ല.
അറിയില്ല,മരണംവരെയ്ക്കുമതൊക്കെയും
കാണുമോ,!പിന്നെയുമുണ്ടായ് വരുമോ?!
വെറുതെയിരുന്നിട്ടു കാര്യമില്ല,യിനിയുറങ്ങട്ടെ -
യിത്തിരിനേര,മപ്പോഴും കട തുറന്നുകിടക്കട്ടെ.
വയ്ക്കാം വലിപ്പത്തിലൊരു കുറിപ്പെഴുതിയെന്‍
കടയ്ക്ക് മുന്നിലിതുപോലെ,'വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍ '.
-ആവശ്യമുള്ളവര്‍ കടന്നുവരട്ടെ...
ആവശ്യമുള്ളത്ര കൊണ്ടുപോകട്ടെ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ