2009, ഓഗ 16

ഒരു വ്യത്യാസം
ഒരു കാമുകന്‍ എന്ന നിലയ്ക്ക്
ഉണര്‍ന്നിരിക്കുന്നതിനേക്കാള്‍
ഞാന്‍ ഉറക്കത്തിനെ സ്നേഹിക്കുന്നു.
കാരണം;
അപ്പോള്‍ മാത്രമേ എനിക്ക്,
സുഖമായി സ്വപ്നം കാണാനാകൂ...
അങ്ങിനെയെങ്കിലും
അവളെയൊന്നു കാണുവാനാകൂ...
എന്തുതന്നെ ചുറ്റിലുണ്ടായാലും
ഒന്നുംതന്നെ ശല്യമാകുന്നില്ല.

ഉണര്‍ന്നിരിക്കുമ്പോഴും
സ്വപ്നങ്ങള്‍ക്ക് കുറവില്ല...
പക്ഷെ!
അതിലൊക്കെ
അവളുടെ വരവും പോക്കും
തിടുക്കത്തിലായിരുന്നു.
ചുറ്റിലുമുള്ള കോലാഹലങ്ങള്‍
ആ സ്വപ്നങ്ങളെ തടയുന്നു.
അതുകൊണ്ട് തന്നെയാണ്
ഒരു കാമുകന്‍ എന്ന നിലയില്‍
ഉണര്‍ന്നിരിക്കുന്നതിനേക്കാള്‍
ഉറക്കത്തിനോട് സ്നേഹം.

ഒരു മനുഷ്യന്‍ എന്ന നിലയ്ക്ക്
ഉറങ്ങുന്നതിനേക്കാള്‍
ഉണര്‍ന്നിരിക്കാന്‍
ഞാന്‍ താല്‍പ്പര്യപ്പെടുന്നു.
കാരണം;
അപ്പോഴാണ്‌ എനിക്ക്
ചുറ്റിലുമുള്ള കാര്യങ്ങള്‍
നേരിട്ടു,മല്ലാതെയും
മനസ്സിലാക്കാനാകൂ...
മനസ്സിലാക്കിയാല്‍ മാത്രമേ
വേണ്ടപോലെ ചെയ്യുവാനാകൂ.

ഉറക്കത്തിലായിരിക്കുമ്പോള്‍
ചുറ്റിലെന്തു നടന്നാലും
പെട്ടെന്ന് മനസ്സിലാക്കാന്‍ എനിക്ക് കഴിയുകയില്ല...
മനസ്സിലാക്കിവരുമ്പോഴേയ്ക്ക്
കാര്യങ്ങളൊക്കെ കഴിയാറാകും.
അതുകൊണ്ടുതന്നെയാണ്,
ഒരു മനുഷ്യന്‍ എന്ന നിലയ്ക്ക്
ഉറങ്ങുന്നതിനേക്കാള്‍
ഉണര്‍ന്നിരിക്കാന്‍
ഞാന്‍ ഇഷ്ടപ്പെടുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല: