2009, ഓഗ 4



ആഴം
കടലിന്‍റെ ആഴം കരയ്ക്കറിയില്ല
കാറ്റിനറിയില്ല...കടലിനുമറിയില്ല
കടലിനെ കടലാക്കും പുഴയ്ക്കുമറിയില്ല
കായലിനുമറിയില്ല കടലിന്‍റെ ആഴം.
കടലിനകത്തു കഴിയും ജീവികള്‍ക്കും
കരയില്‍ മാത്രമായ്‌ കഴിയുന്നവയ്ക്കും
കഴിയുമോ എന്നറിയുകയില്ലിനി
കടലിന്‍റെ ആഴം എത്രയെന്നറിയാന്‍.

ഒരു പുഴയ്ക്കുണ്ടേറെ ആഴം;അറിയാം
അത് ചേരും കായലിനുമുണ്ടേറെ ആഴം.
അങ്ങിനെയെത്രയോ പുഴകള്‍ ചേരുന്നു;
ഒക്കെയൂഹങ്ങള്‍ക്കുമപ്പുറം ആഴം.
കരയില്‍ നിന്നകലുമ്പൊലെപ്പോഴും
കടലിന്‍റെ ആഴത്തിലുണ്ടാകും മാറ്റം.
ചേര്‍ന്നിരിക്കുമ്പോള്‍ ഇത്തിരിയാമാഴം
അകലുമ്പൊളെത്രയോ അധികമാകുന്നൂ.

ആര്‍ക്കുമറിയില്ല സ്വന്തം മനസ്സിനെ
മനസ്സിന്‍റെ ആന്തരികമായ ആഴത്തെ.
ഒന്നും തിരിച്ചറിയാന്‍ നോക്കുന്നതില്ല,
ആരുമറിയുന്നതില്ല സ്വന്തം പ്രഭാവം.
ഇത്തിരിയൊന്നറിഞ്ഞു കഴിഞ്ഞെന്നാല്‍
ഉണ്ടാകുമേറെയായ് അഹംഭാവഭാവം;
തലയുയര്‍ത്തിക്കൊണ്ട് പാഞ്ഞെത്തിടും;
നഷ്ടങ്ങളപ്പൊള്‍മുതലായ് തുടങ്ങിടും.
ഇത്തിരിയൊത്തിരി ഉയരുമാദ്യം
പിന്നെയോര്‍ക്കാതെ വീഴുമാഴത്തില്‍.

അറിയേണ്ടതുണ്ടു നാം നമ്മുടെ ശക്തി;
അതുപോലെ മറ്റുള്ളവരുടേയും.
ചെയ്യേണമെന്നിട്ട് കാര്യങ്ങളൊക്കെയും
ചെയ്യുവാനാകുന്ന കാര്യങ്ങള്‍ മാത്രം.
ഇല്ലാത്ത കഴിവുകലുണ്ടെന്നു വരുത്തി
സകലതും നേടുവാന്‍ ശ്രമങ്ങള്‍ ചെയ്‌താല്‍
കഴിയില്ല!സത്യം! ഒന്നുമേ നേടാന്‍,അപ്പോള്‍-
അറിയാതെ കഴിയും അഭിമാനമെല്ലാം.
കഴിവിന്‍റെ ആഴമറിഞ്ഞു ചെയ്തീടുക...
അല്ലാത്തതൊക്കെയും മറന്നേക്കുക.
കടലിന്‍റെ ആഴമറിഞ്ഞു ചാടുക,
നീന്തലറിഞ്ഞാലുമില്ലെങ്കിലും.

അഭിപ്രായങ്ങളൊന്നുമില്ല: