2009, നവം 3

അതൊഴിച്ച് എന്തും...




അതൊഴിച്ച് എന്തും...
നിനക്കാവശ്യപ്പെടാം
എന്തു തരാനും ഞാനൊരുക്കമാണ് .
ഞാന്‍ താമസിക്കുന്ന വീടോ...
എന്‍റെ സ്വത്തുവകകളോ ...
എന്തും...
അതൊഴിച്ച് എന്തും
നിനക്കായി ഞാനൊഴിയാം.
എന്‍റെ മാതാപിതാക്കളെ...
ബന്ധുമിത്രാദികളെ ...
ഉയര്‍ന്ന വരുമാനം തരുന്ന-
എന്‍റെ ജോലിയെ ...
എന്തും
നിനക്കായി ഞാന്‍ ഉപേക്ഷിക്കാം .

അതൊഴിച്ച് എന്തും
നിനക്കാവശ്യപ്പെടാം .
എന്‍റെ യാത്രകള്‍
നിനക്കായി മാറ്റി വയ്ക്കാം...
കഴിയുന്നത്രനേരം
നിന്നോട് പങ്കിടാം...
നിനക്കുവേണ്ടി
ഭക്ഷണമുണ്ടാക്കിത്തരാം...
നിന്‍റെയെല്ലാ ചിലവുകളും വഹിക്കാം...
എന്തും ഞാന്‍ സഹിക്കാം...
അതൊഴിച്ച് എന്തും...
ഞാന്‍ നിനക്കായി ചെയ്യാം.

'എന്‍റെ ജീവന്‍ നിനക്കായുപേക്ഷിക്കാം'
എന്നു പറയുന്നതിലര്‍ത്ഥമില്ലല്ലോ!
ജീവനില്ലാത്തയെനിക്ക് നിന്നെ കിട്ടിയിട്ടും...
ജീവനില്ലാത്തയെന്നെ നിനക്കു കിട്ടിയിട്ടും...
യാതൊരു കാര്യവുമില്ലല്ലോ!

നിന്നെ വിവാഹം ചെയ്യാന്‍,
എന്നുമൊന്നിച്ചു കഴിയാന്‍,
നമ്മുടെ പ്രണയത്തിനു-
അര്‍ത്ഥമുണ്ടാവാന്‍,
നമ്മെ ചേര്‍ത്തുള്ളതായ -
എന്തിനു വേണ്ടിയും,
അതൊഴിച്ച് എന്തും,
നിനക്കെന്നോടാവശ്യപ്പെടാം.

പ്രിയമുള്ളവളെ...
ഇതൊരു കാമുകന്‍റെ-
രോദനമല്ല...
മറിച്ച്,
ഒരു കവിയുടെയപേക്ഷയാണ്;
കവിതയുപേക്ഷിക്കുന്നതൊഴിച്ചു
മറ്റെന്തും ഞാന്‍ നിനക്കായിചെയ്യാം ...

അഭിപ്രായങ്ങളൊന്നുമില്ല: