2009, നവം 24

ദിവസങ്ങളേറെയായ്...


ദിവസങ്ങളേറെയായ്
കാണുന്നതുണ്ടു ഞാന്‍
ഒരു പനിനീര്‍പുഷ്പമാ
തണ്ടിന്‍റെ തുമ്പില്‍.

ദിവസങ്ങളേറെയായ്;
ജനാലകള്‍ തുറക്കവേ,
സുപ്രഭാതം നേര്‍ന്നെന്നെ
പതിവായുണര്‍ത്തുന്നു...

ദിവസങ്ങളേറെയായ്;
ജനാലകളടയ്ക്കവേ,
ശുഭരാത്രി നേര്‍ന്നെന്നെ
ഉറങ്ങാനയക്കുന്നു...

ദിവസങ്ങളേറെയായ്;
അതിനിടയിലെപ്പൊഴും
പ്രണയസ്മരണ തന്‍
ഗന്ധം പരത്തുന്നു...

ദിവസങ്ങളേറെയായ്;
പ്രണയം പറയുവാ-
നൊരു നിമിഷത്തിനായ്
കാത്തു നില്‍ക്കുന്നു ഞാന്‍.

ദിവസങ്ങളേറെയായ്;
'പ്രണയോപഹാരമായ്‌
ആ പൂ കൊടുക്കണോ?'
ചിന്തിച്ചു നിന്നു ഞാന്‍.

ദിവസങ്ങളേറെയായ്;
'ജീവന്‍ തുടിക്കുമാ
പൂ പറിക്കേണമോ?'
ചിന്ത തുടര്‍ന്നു ഞാന്‍...

ദിവസങ്ങളേറെയായ്
അവിടെ നിന്നാപ്പൂവ്
എന്നോട് പലതും
പറയുന്നപോലെ!

ദിവസങ്ങളേറെയായ്
ആ പൂ കൊതിച്ചതൊരു
പ്രണയോപഹാരമായ്‌
മാറുവാനാകുമോ?

ദിവസങ്ങളേറെയായ്
ആ പൂ പറഞ്ഞത്
ഇറുത്തെടുക്കാനും
കൊടുക്കാനുമാകുമോ?

ദിവസങ്ങളേറെയായ്!
ചിന്തിച്ചു നില്‍ക്കാതെ
ഉടനുടന്‍ കാര്യങ്ങള്‍
ചെയ്യാന്‍ കുതിച്ചു ഞാന്‍.

ദിവസങ്ങളേറെയായ്
പറയുവാന്‍ മോഹിച്ച
പ്രണയം പറയുവാന്‍
തീര്‍ച്ചപ്പെടുത്തി ഞാന്‍.

ദിവസങ്ങളേറെയായ്-
വിടര്‍ന്നൊരാ പൂവിനെ
ജനലരികില്‍ നിന്നുഞാന്‍
ഒരു നോക്കു കണ്ടു.

ദിവസങ്ങളേറെയായ്,
ചെറിയോരു തണ്ടിന്മേല്‍
എന്നെയും നോക്കിയാവാം;
ആ പൂവു നിന്നത്!

ദിവസങ്ങളേറെയായ്
കാത്തു നിന്നൊരാ പൂവിനെ
ഇറുത്തെടുക്കാനുടന്‍
തൊടിയിലേക്കോടി ഞാന്‍...

ഹാ കഷ്ടം!...
കണ്ടു ഞാനാ കാഴ്ച:
ദിവസങ്ങളേറെയായ്
ജീവന്‍ തുടിച്ചൊരാ
പൂവതാ കിടക്കുന്നു,
ഇതളുകളടര്‍ന്ന്.....

ഇനിയെന്തു ചെയ്യും?
അവള്‍ക്കെന്തു നല്‍കും?
ദിവസങ്ങളോളമിനിയും
തുടരണോ കാത്തിരിപ്പ്‌?
അതോ അറിയിക്കണോ-
എന്‍റെ പ്രണയമിന്നവളെ?

അഭിപ്രായങ്ങളൊന്നുമില്ല: