2009 ജൂലൈ 3


നന്ദി പറയട്ടെ ഞാന്‍
അറിയില്ലാ...എനിക്കറിയില്ല
എവിടേയ്ക്ക് പോകേണമെന്നറിയില്ല
അറിയില്ലാ,,,എനിക്കറിയില്ല
എങ്ങിനെ പോകേണമെന്നറിയില്ല.
ഇരുള്‍ മൂടിയ വഴിയില്‍...ഈ വഴിയില്‍
എനിക്ക് കൂട്ടായിട്ടാരുമില്ല...ഇന്നിവിടെ
എന്‍റെ കൂടെ പോരുവാനാരുമില്ല.
അറിയാതെ...ഒന്നുമറിയാതെ
എങ്ങോട്ട് പോകേണമെന്നറിയാതെ
യാത്ര തുടങ്ങീ ഞാന്‍...
മുന്നില്‍ നീണ്ടു കിടക്കും വഴിയിലൂടെ
എന്‍റെ മുന്നില്‍ കണ്ട വഴിയിലൂടെ
യാത്ര തുടങ്ങീ ഞാന്‍...
ആ യാത്രയില്‍... ഇരുള്‍ മൂടിയ വഴിയില്‍
ഇടയ്ക്കിടെ കാണും വെട്ടത്തിന്‍ സഹായത്താല്‍
പതിയെ മുന്നോട്ടു നീങ്ങി ഞാന്‍.
ആ യാത്രയില്‍ ഞാന്‍ തളരുമ്പോള്‍
വിശ്രമിക്കാനായി സത്രങ്ങളില്ല...
ആ യാത്രയില്‍ എനിക്ക് ദാഹിക്കുമ്പോള്‍
കുടിവെള്ളത്തിനായി നീര്‍ച്ചാലുകളില്ല...
ആ യാത്രയില്‍ എനിക്ക് വിശക്കുമ്പോള്‍
ഭക്ഷിക്കുവാനായി കായ്‌കനികളാദിയില്ല...
എങ്കിലും ഞാന്‍ ശ്രമിച്ചു;മുന്നോട്ടു നീങ്ങാന്‍
എന്നാല്‍ കഴിയുന്നത്ര മുന്നോട്ടു പോകാന്‍
എന്നന്ത്യം വരെ പൊരുതാന്‍.
ഏകനായൊരുവന്‍ കഴിയുന്ന നേരത്തും
ഏറെപ്പേര്‍ ഒന്നിച്ചു വാഴുന്ന നേരത്തും
രക്ഷകനായ്‌,കൂട്ടുകാരനായുള്ളോരാ ദൈവം,
ആ പരംപൊരുളെനിക്കേകിയ ധൈര്യത്തിനാലെ
എനിക്കാവും വിധം നീങ്ങാന്‍ ശ്രമിക്കുന്നു ഞാന്‍
എന്‍റെ യാത്രയില്‍ മുന്നോട്ടു നീങ്ങുന്നു ഞാന്‍.
യാത്രയാല്‍ ക്ഷീ ണി ച്ച് തളര്‍ന്ന ദേഹവുമായ്‌
ഒരിക്കലും തളരാത്ത ദൃഢമാം മനസ്സുമായ്‌
തടസങ്ങള്‍ മാറ്റി മുന്നേറാന്‍ ശ്രമിക്കുന്നു ഞാന്‍
...
...
ആ യാത്രയില്‍ മുന്നിലുണ്ടായി വന്നൂ
കയങ്ങളും മലകളും അഗാധ ഗര്‍ത്തങ്ങളും ...
അത്തരമരിഷ്ടതകളെല്ലാം തന്നെ ഞാന്‍
ഈശ്വരനേകിയ ധൈര്യത്തിനാലെ നീക്കി.
മുന്നോട്ടു നീങ്ങിയ യാത്രയ്ക്കൊരന്ത്യമായ്‌
എത്തി ഞാന്‍ എന്‍റെ പരമമാം ലകഷ്യ സ്ഥാനത്ത്.
നന്ദി പറയട്ടെ ഞാനാ ദൈവത്തിന്
ഇന്നെന്നെത്തന്നെ ഏകട്ടെയാ പരംപൊരുളിന്;
ഭയചകിതമായിരുന്നോരെന്‍ മനസ്സില്‍
ധൈര്യമെന്നൊന്നിനെ ഏകിയതിനാല്‍
നന്ദി പറയട്ടെ ഞാന്‍.

2009 ജൂലൈ 2

വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍


വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍
ഒരു കടയുണ്ടതി,ലേറെ വസ്തുക്കളും;
പക്ഷെ വാങ്ങിക്കുവാനാരുമില്ല.
കാര്യമറിയില്ല,താര്‍ക്കുമാവശ്യമില്ലേ;
അത്ര,യ്ക്കമൂല്യങ്ങളായിട്ടുപോലുമവ?

ഒരു കാലത്തെനിക്കതുണ്ടാക്കലായിരുന്നു,
ഇപ്പോഴുമതൊക്കെതന്നെ,ജോലി.
ചിലതിനു സമയമതേറെ വേണം,
മറ്റു ചിലതിനോ നിസ്സാരനിമിഷങ്ങളും.

കാശ് ചിലവി,ല്ലതുകൊണ്ടുതന്നെ ഞാന്‍
വിറ്റുവരവുമൊട്ടും വേണ്ടെന്നു വച്ചു.
വില്‍ക്കുവാന്‍ നോക്കി,യതൊക്കെ സൌജന്യമായ്‌;
വില വേണ്ട,യെന്നിട്ടുമതാര്‍ക്കും വേണ്ട.

തെരുവിലേക്കിറങ്ങിയിരക്കുവാന്‍ വയ്യ;
ഇരുളില്‍ മറഞ്ഞു നിന്നു പറയുവാനും.
കടയില്‍ കുത്തിയിരുന്നിട്ടുമില്ല കാര്യം;
പക്ഷെ കടയടച്ചിട്ടു പോകുവാന്‍ വയ്യ.

എപ്പോള്‍ വരുമെന്നറിയില്ലല്ലോ,വസ്തുക്കള്‍ -
മേടിക്കുവാനുള്ളവര്‍,ആവശ്യക്കാര്‍ .
ചിലപ്പോളോര്‍ക്കാപ്പുറത്തുകേറി വന്നേക്കും
എല്ലാം മേടിക്കുവാനായ്‌ കെല്‍പ്പുള്ളവര്‍.

ഇനിയുമുണ്ടാക്കേണ്ടതില്ല അവയൊന്നു-
മെങ്കിലുംതാനെയുണ്ടായ്‌ വരുന്നതല്ലോ!
ഉറങ്ങുന്ന നേരവും ഉണര്‍ന്നിരിക്കുമ്പോഴും
പലപോലെയവയെന്നുമുണ്ടായ്‌ വരുന്നു.

അതെ,സ്വപ്‌നങ്ങള്‍,പലപല സ്വപ്‌നങ്ങള്‍!
ഒക്കെയുമെന്‍റെ സ്വപ്നങ്ങളാ,ണവയൊന്നുമേ-
യിതുവരെ സാധ്യമാകാത്തതാം കാര്യങ്ങള്‍.
സ്വപ്‌നങ്ങള്‍,അവ സാധ്യമാകാത്ത ചില മോഹങ്ങള്‍.

താന്‍ സ്വയംകേറ്റുന്ന ഭാരം,മടുക്കുമ്പോള്‍
മറ്റൊരുത്തന്‍റെ ചുമലിലേക്കേറ്റുന്നതത്രയും
തെറ്റാകുമെന്നാലുമതൊന്നും വിചാരത്തി,ലി-
ല്ലൊട്ടുംതന്നെ,യതൊഴിവാക്കുന്നതല്ലാതെയൊന്നും.

അതൊഴിവാക്കാനായിട്ടെത്ര ശ്രമിച്ചിട്ടും
കാര്യമുണ്ടായില്ല,തെന്നെവിട്ടൊട്ടും പോയതില്ല.
അറിയില്ല,മരണംവരെയ്ക്കുമതൊക്കെയും
കാണുമോ,!പിന്നെയുമുണ്ടായ്‌ വരുമോ?!

വെറുതെയിരുന്നിട്ടു കാര്യമില്ല,യിനിയുറങ്ങട്ടെ -
യിത്തിരിനേര,മപ്പോഴും കട തുറന്നുകിടക്കട്ടെ.
വയ്ക്കാം വലിപ്പത്തിലൊരു കുറിപ്പെഴുതിയെന്‍
കടയ്ക്ക് മുന്നിലിതുപോലെ,'വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍ '.
-ആവശ്യമുള്ളവര്‍ കടന്നുവരട്ടെ...
ആവശ്യമുള്ളത്ര കൊണ്ടുപോകട്ടെ...

ഒരു വര്‍ത്തമാനം


ഭൂതകാല,മതെന്നോതുന്നു നമ്മള-
തിതുവരെയുണ്ടായ കാലം.
ഭാവിയെന്തെന്നുമോതുന്നു നമ്മള-
തിനിവരാനുള്ളതാം കാലം.
വര്‍ത്തമാനത്തിന്‍റെയര്‍ത്ഥമറിയാ-
മെങ്കിലും പറയുവാനാവതില്ലല്ലോ.
വര്‍ത്തമാനം പറഞ്ഞിടാന്‍ പോലു-
മനുവാദമില്ലീ,വര്‍ത്തമാനത്തില്‍.
നാം നടക്കുമ്പോളിവിടെയീ ഭൂമി-
കുഴിയുന്നു,താഴോട്ടു തനിയെ നീങ്ങുന്നു.
നാം കൈകള്‍ വീശുമ്പോള്‍ കാറ്റെതിര്‍-
ക്കുന്ന,തു നമ്മളെ പിന്നോട്ടടിച്ചിടുന്നു.
കണ്‍കള്‍ തുറന്നാല്‍ കാണുന്ന കാഴ്ചകള്‍
കഷ്ട,മതു കാണുവാന്‍ ത്രാണിയില്ലല്ലോ!
കാതോര്‍ത്തിരുന്നാലപ്പൊഴും കഷ്ടം!
കരയുന്ന ശബ്ദങ്ങള്‍ മാത്രമേയുള്ളു...
എന്തെന്നറിയുവാന്‍ തൊട്ടുനോക്കുമ്പോ-
ളൊക്കെയും നീങ്ങിമറയുന്നു വേഗം.
എത്രയും വേഗത്തിലോടിയെന്നാലുമവ-
യെത്രയോപിന്നിലാക്കുന്നു നമ്മെ.
അറിയില്ല,കാര്യങ്ങ,ളൊക്കെയിന്നെന്തേ
നീറ്റുന്നെരിക്കുന്നു ജീവഹൃദയങ്ങള്‍.
അറിയില്ല,കാര്യങ്ങ,ളൊക്കെയിന്നെന്തേ
നക്കിതുടക്കുന്നു പ്രപഞ്ചദേഹങ്ങള്‍.
ഒരിടത്തിരിക്കുവാന്‍ നോക്കുമ്പൊ,ഴിക്കാല-
മതൊരിടത്തു നമ്മെകിടത്തുവാന്‍ നോക്കുന്നു.
ഒരിടം കിടക്കുവനായിട്ടെടുക്കുമ്പോളവിടെ-
യന്നേരം മുതല്‍ക്കേ രക്തം മണക്കുന്നു.
പറയുവാനിനിയുമുന്ടേറെയെന്നാലുമി-
ക്കാലമെന്‍ കൈകള്‍ തളര്‍ത്തുന്നു;നിര്‍ത്തട്ടെ...


2009 ജൂൺ 30


ഒക്കെയോര്‍ത്തിട്ടുപേടിയാകുന്നു
ഇന്നല്ലെങ്കില്‍ നാളെ...
അതല്ലെങ്കില്‍ മറ്റന്നാള്‍...
ഞാനും പ്രതിക്കൂട്ടില്‍ നില്‍ക്കും.
ഭയമാണെന്നാകിലും
നില്‍ക്കാതെ വയ്യല്ലോ...
ഞാന്‍ മനുഷ്യനായ്‌പ്പോയില്ലേ!

കൂട്ടില്‍ ഞാന്‍ കേറുമ്പോള്‍ കാണികള്‍ പറയും...
-അവര്‍ പറയുന്നതെന്താ-
കുമെന്നെനിക്കറിയാം-
'ഇദ്ദേഹമെന്തിനീ കൂട്ടില്‍ കയറണം,
ചോദ്യസംവാദങ്ങളെന്തിനു വെറുതെ?
ഇത്രയ്ക്കു മാന്യമഹാന്‍ വേറെയുണ്ടോ
ഈശ്വരനെന്നപോല്‍ സദ്‌ഗുണവാന്‍.'
-പിന്നെയുംപറയും അവര്‍ നല്ലവാക്കുകള്‍...
എന്‍റെ പേരിനോ,ടൊത്തവര്‍ ജയ്‌ വിളിക്കും...
ഒക്കെയോര്‍ത്തിട്ടു പേടിയാകുന്നു
കൂക്കി വിളിക്കയില്ലേയവരൊക്കെയന്ന്...

അവര്‍ക്കറിയാമെന്നെ...
ഞാന്‍ -
' നുണ പറയാത്തവന്‍,ഹിംസിക്കാത്തവന്‍
പരോപകാരി,പരമപുണ്യവാന്‍
മദ്യം കഴിക്കാത്തവന്‍,പുകവലിക്കാത്തവന്‍
വ്യഭിചരിക്കാത്തവന്‍,ധര്‍മ്മനിഷ്ഠന്‍
ദൈവവിശ്വാസി,നിഷ്കളങ്കന്‍...
അങ്ങനെയങ്ങനെ,യൊറ്റ-
വാക്കില്‍പറഞ്ഞാല്‍ ഞാന്‍ നല്ലവന്‍.'

ഒക്കെയോര്‍ത്തിട്ടു പേടിയാകുന്നു
വിശ്വാസമെല്ലാം തകരുകില്ലേയന്ന്?

പുറംലോകമറിയുന്ന-
ഞാന്‍,വിശുദ്ധന്‍.
അവരറിയാത്തോരെന്നിലെ-
ഞാന്‍,മഹാപാപി.

പേടിയാകുന്നു ഒക്കെയോര്‍ത്തിട്ട്
എന്താകുമെന്‍റെയവസ്ഥയന്നവിടെ !
എന്നെയറിയുന്നവര്‍ക്കറി -
യാത്തോരെന്നിലെയെന്നെ-
യറിയുമ്പോളവരെന്തുകാട്ടു-
മെന്നോര്‍ത്തിട്ട്...പേടിയാകുന്നു.

ആ ദിനം,ഞാന്‍ പ്രതിക്കൂട്ടില്‍-
നില്‍ക്കേണ്ടുന്നൊരാ ദിനം,
ഓര്‍ത്തിട്ട് പേടിയാകുന്നു.
ന്യായാധിപന്‍റെയോരോ ചോദ്യവും
സത്യത്തിലൂടെയുത്തരംചെയ്യുവാന്‍...
സത്യത്തിലീഞാനെന്തെന്നുതന്നെ -
ലോകര്‍ക്കുമുന്നില്‍ തുറന്നു പറയാന്‍...
പേടിയാകുന്നു...
കാര്യമില്ലെങ്കിലും!


പാദമുദ്രകള്‍
വീണുമെണീറ്റും പിടിച്ചുമങ്ങിനെ
യാത്ര തുടങ്ങീ,യതിത്രവരെയെത്തി!
കാണുന്ന വഴിയിലൂടൊട്ടേറെയായാ-
യാത്ര,യെന്നാലുമില്ല സംതൃപ്തിയൊട്ടും.

ഇന്നിത്ര നേരം വരേയ്ക്കും നടന്നത്
മറ്റുള്ളോര്‍ താണ്ടിയ വഴി നോക്കിനോക്കി ...
ഇനിയെത്ര നാള്‍ പറ്റു,മമ്മട്ടില്‍ നോക്കി
നടക്കുവാന,റിയില്ലെനിക്കു,മാര്‍ക്കും!

മറയുന്ന നേരത്തിനൊക്കെയും മുന്‍പേ
ഏവരും തന്താങ്ങള്‍തന്‍ വഴി നടന്നൂ ...
മനസ്സിന്‍റെയുള്ളിലൊരു ലക്‌ഷ്യം പതിഞ്ഞ പോ-
ലവരൊക്കെ പാദങ്ങള്‍ മണ്ണില്‍ പതിച്ചു.

മാറ്റുവാന്‍,മായ്ക്കുവാനൊട്ടുമാവില്ലവ;-
യത്രയ്ക്കാമണ്ണിനതൊട്ടിഷ്‌ടമായി...
യാത്രയ്ക്കൊരുങ്ങുന്നതാര്‍തന്നെയാകിലു-
മേവര്‍ക്കുമവകാണാം സ്പഷ്ടമായി...

അപ്പാദമുദ്രകളിലോരോന്നിലും കാണും
യാത്രയ്ക്കുനന്നായുതകുന്ന കാര്യങ്ങള്‍.
എങ്കിലോ കാണുവാന്‍ ശ്രദ്ധിച്ചു നോക്കണം;
അല്ലെങ്കി,ലവയൊട്ടുമാവില്ല വ്യക്തം.

എന്‍റെവഴി നന്നെന്നുതോന്നുകില്‍ പോരി-
കെന്നൊട്ടും മടിയാതെ പറയുകിലും,
എന്‍റെവഴിമാത്രം വരികെന്നൊരിക്ക-
ലുമപ്പാദമുദ്രകള്‍ പറയുകില്ല.

സ്വന്തമാ,യൊരു പാത വെട്ടിയുണ്ടാക്കി-
യിട്ടപ്പാതയില്‍ക്കൂടി സഞ്ചരിച്ചീടുക...
ചന്തത്തിലാകിലു,മല്ലെങ്കിലുംതന്നെ-
ചിന്തിക്ക,യപ്പാത 'നേരിന്‍റെ തന്നെയോ?'.
എന്തുതാനാകട്ടെ;ഓര്‍ക്കുകീ കാര്യം :-
'കാണാതെ പോകരുതപ്പാദമുദ്രകള്‍...'