2009, ഓഗ 4



ആഴം
കടലിന്‍റെ ആഴം കരയ്ക്കറിയില്ല
കാറ്റിനറിയില്ല...കടലിനുമറിയില്ല
കടലിനെ കടലാക്കും പുഴയ്ക്കുമറിയില്ല
കായലിനുമറിയില്ല കടലിന്‍റെ ആഴം.
കടലിനകത്തു കഴിയും ജീവികള്‍ക്കും
കരയില്‍ മാത്രമായ്‌ കഴിയുന്നവയ്ക്കും
കഴിയുമോ എന്നറിയുകയില്ലിനി
കടലിന്‍റെ ആഴം എത്രയെന്നറിയാന്‍.

ഒരു പുഴയ്ക്കുണ്ടേറെ ആഴം;അറിയാം
അത് ചേരും കായലിനുമുണ്ടേറെ ആഴം.
അങ്ങിനെയെത്രയോ പുഴകള്‍ ചേരുന്നു;
ഒക്കെയൂഹങ്ങള്‍ക്കുമപ്പുറം ആഴം.
കരയില്‍ നിന്നകലുമ്പൊലെപ്പോഴും
കടലിന്‍റെ ആഴത്തിലുണ്ടാകും മാറ്റം.
ചേര്‍ന്നിരിക്കുമ്പോള്‍ ഇത്തിരിയാമാഴം
അകലുമ്പൊളെത്രയോ അധികമാകുന്നൂ.

ആര്‍ക്കുമറിയില്ല സ്വന്തം മനസ്സിനെ
മനസ്സിന്‍റെ ആന്തരികമായ ആഴത്തെ.
ഒന്നും തിരിച്ചറിയാന്‍ നോക്കുന്നതില്ല,
ആരുമറിയുന്നതില്ല സ്വന്തം പ്രഭാവം.
ഇത്തിരിയൊന്നറിഞ്ഞു കഴിഞ്ഞെന്നാല്‍
ഉണ്ടാകുമേറെയായ് അഹംഭാവഭാവം;
തലയുയര്‍ത്തിക്കൊണ്ട് പാഞ്ഞെത്തിടും;
നഷ്ടങ്ങളപ്പൊള്‍മുതലായ് തുടങ്ങിടും.
ഇത്തിരിയൊത്തിരി ഉയരുമാദ്യം
പിന്നെയോര്‍ക്കാതെ വീഴുമാഴത്തില്‍.

അറിയേണ്ടതുണ്ടു നാം നമ്മുടെ ശക്തി;
അതുപോലെ മറ്റുള്ളവരുടേയും.
ചെയ്യേണമെന്നിട്ട് കാര്യങ്ങളൊക്കെയും
ചെയ്യുവാനാകുന്ന കാര്യങ്ങള്‍ മാത്രം.
ഇല്ലാത്ത കഴിവുകലുണ്ടെന്നു വരുത്തി
സകലതും നേടുവാന്‍ ശ്രമങ്ങള്‍ ചെയ്‌താല്‍
കഴിയില്ല!സത്യം! ഒന്നുമേ നേടാന്‍,അപ്പോള്‍-
അറിയാതെ കഴിയും അഭിമാനമെല്ലാം.
കഴിവിന്‍റെ ആഴമറിഞ്ഞു ചെയ്തീടുക...
അല്ലാത്തതൊക്കെയും മറന്നേക്കുക.
കടലിന്‍റെ ആഴമറിഞ്ഞു ചാടുക,
നീന്തലറിഞ്ഞാലുമില്ലെങ്കിലും.

2009, ഓഗ 3


ഒരു പുസ്തകം
എനിക്ക് ഒരു പുസ്തകം കിട്ടി.

പുസ്തകത്തിന്‍റെ ആദ്യപാഠം
നമ്മള്‍ കണ്ടുമുട്ടുന്നതിനു
മുന്‍പുള്ളതായിരുന്നു.

രണ്ടാമത്തേതില്‍
നമ്മള്‍ കണ്ടുമുട്ടിയതും
സൗഹൃദം പങ്കുവച്ചതും
എല്ലാം വായിച്ചു.

മൂന്നാം അധ്യായത്തിലായിരുന്നു
നമ്മുടെ പ്രണയം പറഞ്ഞിരുന്നത് .
അതു വായിച്ചുവന്നപ്പോള്‍
ദുഃഖങ്ങള്‍ മറക്കാന്‍ പറ്റി.

നാലാം അധ്യായത്തില്‍
നമ്മുടെ വിവാഹം നടന്നതും
കുട്ടികളുണ്ടായതും
അവരെ വളര്‍ത്തിയതും
എല്ലാം പറഞ്ഞിരുന്നു.

അന്‍ജാമത്തെ അധ്യായം
ഏറ്റവും മോശപ്പെട്ടത്!
അതില്‍ നിന്നെക്കൊന്നു...
നമ്മുടെ മക്കളെ കൊന്നു...
എന്നിട്ടും എന്നെ ഒന്നും ചെയ്തില്ല ...

അത്രനേരം വരെയും
സന്തോഷിച്ചിരുന്ന ഞാന്‍
അതോടുകൂടി തളര്‍ന്നു.
ഒന്നിനും വയ്യാതായി...
വായന നിര്‍ത്തി...
എനിക്കു മടുത്തു.

പിന്നെ...
മറ്റൊന്നും തോന്നിയില്ല;
ആ പുസ്തകം
ഞാന്‍ കത്തിച്ചു കളഞ്ഞു.

2009, ജൂലൈ 3


നന്ദി പറയട്ടെ ഞാന്‍
അറിയില്ലാ...എനിക്കറിയില്ല
എവിടേയ്ക്ക് പോകേണമെന്നറിയില്ല
അറിയില്ലാ,,,എനിക്കറിയില്ല
എങ്ങിനെ പോകേണമെന്നറിയില്ല.
ഇരുള്‍ മൂടിയ വഴിയില്‍...ഈ വഴിയില്‍
എനിക്ക് കൂട്ടായിട്ടാരുമില്ല...ഇന്നിവിടെ
എന്‍റെ കൂടെ പോരുവാനാരുമില്ല.
അറിയാതെ...ഒന്നുമറിയാതെ
എങ്ങോട്ട് പോകേണമെന്നറിയാതെ
യാത്ര തുടങ്ങീ ഞാന്‍...
മുന്നില്‍ നീണ്ടു കിടക്കും വഴിയിലൂടെ
എന്‍റെ മുന്നില്‍ കണ്ട വഴിയിലൂടെ
യാത്ര തുടങ്ങീ ഞാന്‍...
ആ യാത്രയില്‍... ഇരുള്‍ മൂടിയ വഴിയില്‍
ഇടയ്ക്കിടെ കാണും വെട്ടത്തിന്‍ സഹായത്താല്‍
പതിയെ മുന്നോട്ടു നീങ്ങി ഞാന്‍.
ആ യാത്രയില്‍ ഞാന്‍ തളരുമ്പോള്‍
വിശ്രമിക്കാനായി സത്രങ്ങളില്ല...
ആ യാത്രയില്‍ എനിക്ക് ദാഹിക്കുമ്പോള്‍
കുടിവെള്ളത്തിനായി നീര്‍ച്ചാലുകളില്ല...
ആ യാത്രയില്‍ എനിക്ക് വിശക്കുമ്പോള്‍
ഭക്ഷിക്കുവാനായി കായ്‌കനികളാദിയില്ല...
എങ്കിലും ഞാന്‍ ശ്രമിച്ചു;മുന്നോട്ടു നീങ്ങാന്‍
എന്നാല്‍ കഴിയുന്നത്ര മുന്നോട്ടു പോകാന്‍
എന്നന്ത്യം വരെ പൊരുതാന്‍.
ഏകനായൊരുവന്‍ കഴിയുന്ന നേരത്തും
ഏറെപ്പേര്‍ ഒന്നിച്ചു വാഴുന്ന നേരത്തും
രക്ഷകനായ്‌,കൂട്ടുകാരനായുള്ളോരാ ദൈവം,
ആ പരംപൊരുളെനിക്കേകിയ ധൈര്യത്തിനാലെ
എനിക്കാവും വിധം നീങ്ങാന്‍ ശ്രമിക്കുന്നു ഞാന്‍
എന്‍റെ യാത്രയില്‍ മുന്നോട്ടു നീങ്ങുന്നു ഞാന്‍.
യാത്രയാല്‍ ക്ഷീ ണി ച്ച് തളര്‍ന്ന ദേഹവുമായ്‌
ഒരിക്കലും തളരാത്ത ദൃഢമാം മനസ്സുമായ്‌
തടസങ്ങള്‍ മാറ്റി മുന്നേറാന്‍ ശ്രമിക്കുന്നു ഞാന്‍
...
...
ആ യാത്രയില്‍ മുന്നിലുണ്ടായി വന്നൂ
കയങ്ങളും മലകളും അഗാധ ഗര്‍ത്തങ്ങളും ...
അത്തരമരിഷ്ടതകളെല്ലാം തന്നെ ഞാന്‍
ഈശ്വരനേകിയ ധൈര്യത്തിനാലെ നീക്കി.
മുന്നോട്ടു നീങ്ങിയ യാത്രയ്ക്കൊരന്ത്യമായ്‌
എത്തി ഞാന്‍ എന്‍റെ പരമമാം ലകഷ്യ സ്ഥാനത്ത്.
നന്ദി പറയട്ടെ ഞാനാ ദൈവത്തിന്
ഇന്നെന്നെത്തന്നെ ഏകട്ടെയാ പരംപൊരുളിന്;
ഭയചകിതമായിരുന്നോരെന്‍ മനസ്സില്‍
ധൈര്യമെന്നൊന്നിനെ ഏകിയതിനാല്‍
നന്ദി പറയട്ടെ ഞാന്‍.

2009, ജൂലൈ 2

വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍


വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍
ഒരു കടയുണ്ടതി,ലേറെ വസ്തുക്കളും;
പക്ഷെ വാങ്ങിക്കുവാനാരുമില്ല.
കാര്യമറിയില്ല,താര്‍ക്കുമാവശ്യമില്ലേ;
അത്ര,യ്ക്കമൂല്യങ്ങളായിട്ടുപോലുമവ?

ഒരു കാലത്തെനിക്കതുണ്ടാക്കലായിരുന്നു,
ഇപ്പോഴുമതൊക്കെതന്നെ,ജോലി.
ചിലതിനു സമയമതേറെ വേണം,
മറ്റു ചിലതിനോ നിസ്സാരനിമിഷങ്ങളും.

കാശ് ചിലവി,ല്ലതുകൊണ്ടുതന്നെ ഞാന്‍
വിറ്റുവരവുമൊട്ടും വേണ്ടെന്നു വച്ചു.
വില്‍ക്കുവാന്‍ നോക്കി,യതൊക്കെ സൌജന്യമായ്‌;
വില വേണ്ട,യെന്നിട്ടുമതാര്‍ക്കും വേണ്ട.

തെരുവിലേക്കിറങ്ങിയിരക്കുവാന്‍ വയ്യ;
ഇരുളില്‍ മറഞ്ഞു നിന്നു പറയുവാനും.
കടയില്‍ കുത്തിയിരുന്നിട്ടുമില്ല കാര്യം;
പക്ഷെ കടയടച്ചിട്ടു പോകുവാന്‍ വയ്യ.

എപ്പോള്‍ വരുമെന്നറിയില്ലല്ലോ,വസ്തുക്കള്‍ -
മേടിക്കുവാനുള്ളവര്‍,ആവശ്യക്കാര്‍ .
ചിലപ്പോളോര്‍ക്കാപ്പുറത്തുകേറി വന്നേക്കും
എല്ലാം മേടിക്കുവാനായ്‌ കെല്‍പ്പുള്ളവര്‍.

ഇനിയുമുണ്ടാക്കേണ്ടതില്ല അവയൊന്നു-
മെങ്കിലുംതാനെയുണ്ടായ്‌ വരുന്നതല്ലോ!
ഉറങ്ങുന്ന നേരവും ഉണര്‍ന്നിരിക്കുമ്പോഴും
പലപോലെയവയെന്നുമുണ്ടായ്‌ വരുന്നു.

അതെ,സ്വപ്‌നങ്ങള്‍,പലപല സ്വപ്‌നങ്ങള്‍!
ഒക്കെയുമെന്‍റെ സ്വപ്നങ്ങളാ,ണവയൊന്നുമേ-
യിതുവരെ സാധ്യമാകാത്തതാം കാര്യങ്ങള്‍.
സ്വപ്‌നങ്ങള്‍,അവ സാധ്യമാകാത്ത ചില മോഹങ്ങള്‍.

താന്‍ സ്വയംകേറ്റുന്ന ഭാരം,മടുക്കുമ്പോള്‍
മറ്റൊരുത്തന്‍റെ ചുമലിലേക്കേറ്റുന്നതത്രയും
തെറ്റാകുമെന്നാലുമതൊന്നും വിചാരത്തി,ലി-
ല്ലൊട്ടുംതന്നെ,യതൊഴിവാക്കുന്നതല്ലാതെയൊന്നും.

അതൊഴിവാക്കാനായിട്ടെത്ര ശ്രമിച്ചിട്ടും
കാര്യമുണ്ടായില്ല,തെന്നെവിട്ടൊട്ടും പോയതില്ല.
അറിയില്ല,മരണംവരെയ്ക്കുമതൊക്കെയും
കാണുമോ,!പിന്നെയുമുണ്ടായ്‌ വരുമോ?!

വെറുതെയിരുന്നിട്ടു കാര്യമില്ല,യിനിയുറങ്ങട്ടെ -
യിത്തിരിനേര,മപ്പോഴും കട തുറന്നുകിടക്കട്ടെ.
വയ്ക്കാം വലിപ്പത്തിലൊരു കുറിപ്പെഴുതിയെന്‍
കടയ്ക്ക് മുന്നിലിതുപോലെ,'വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍ '.
-ആവശ്യമുള്ളവര്‍ കടന്നുവരട്ടെ...
ആവശ്യമുള്ളത്ര കൊണ്ടുപോകട്ടെ...

ഒരു വര്‍ത്തമാനം


ഭൂതകാല,മതെന്നോതുന്നു നമ്മള-
തിതുവരെയുണ്ടായ കാലം.
ഭാവിയെന്തെന്നുമോതുന്നു നമ്മള-
തിനിവരാനുള്ളതാം കാലം.
വര്‍ത്തമാനത്തിന്‍റെയര്‍ത്ഥമറിയാ-
മെങ്കിലും പറയുവാനാവതില്ലല്ലോ.
വര്‍ത്തമാനം പറഞ്ഞിടാന്‍ പോലു-
മനുവാദമില്ലീ,വര്‍ത്തമാനത്തില്‍.
നാം നടക്കുമ്പോളിവിടെയീ ഭൂമി-
കുഴിയുന്നു,താഴോട്ടു തനിയെ നീങ്ങുന്നു.
നാം കൈകള്‍ വീശുമ്പോള്‍ കാറ്റെതിര്‍-
ക്കുന്ന,തു നമ്മളെ പിന്നോട്ടടിച്ചിടുന്നു.
കണ്‍കള്‍ തുറന്നാല്‍ കാണുന്ന കാഴ്ചകള്‍
കഷ്ട,മതു കാണുവാന്‍ ത്രാണിയില്ലല്ലോ!
കാതോര്‍ത്തിരുന്നാലപ്പൊഴും കഷ്ടം!
കരയുന്ന ശബ്ദങ്ങള്‍ മാത്രമേയുള്ളു...
എന്തെന്നറിയുവാന്‍ തൊട്ടുനോക്കുമ്പോ-
ളൊക്കെയും നീങ്ങിമറയുന്നു വേഗം.
എത്രയും വേഗത്തിലോടിയെന്നാലുമവ-
യെത്രയോപിന്നിലാക്കുന്നു നമ്മെ.
അറിയില്ല,കാര്യങ്ങ,ളൊക്കെയിന്നെന്തേ
നീറ്റുന്നെരിക്കുന്നു ജീവഹൃദയങ്ങള്‍.
അറിയില്ല,കാര്യങ്ങ,ളൊക്കെയിന്നെന്തേ
നക്കിതുടക്കുന്നു പ്രപഞ്ചദേഹങ്ങള്‍.
ഒരിടത്തിരിക്കുവാന്‍ നോക്കുമ്പൊ,ഴിക്കാല-
മതൊരിടത്തു നമ്മെകിടത്തുവാന്‍ നോക്കുന്നു.
ഒരിടം കിടക്കുവനായിട്ടെടുക്കുമ്പോളവിടെ-
യന്നേരം മുതല്‍ക്കേ രക്തം മണക്കുന്നു.
പറയുവാനിനിയുമുന്ടേറെയെന്നാലുമി-
ക്കാലമെന്‍ കൈകള്‍ തളര്‍ത്തുന്നു;നിര്‍ത്തട്ടെ...