2009, മേയ് 20

നാളേയ്ക്കായ്‌...

നാളേയ്ക്കായ്‌...
കാണുവാന്‍ കൊതിച്ച,കണ്ട കാഴ്ചകള്‍ക്കുമപ്പുറം...
കേള്‍ക്കുവാന്‍ കൊതിച്ച, കേട്ട ആരവങ്ങള്‍ക്കപ്പുറം...
ഏറെയുണ്ടിവിടെ നാം കാണാത്ത കാഴ്ചകള്‍
ഇതുവരെയുമൊട്ടും കേള്‍ക്കാത്ത രോദനങ്ങള്‍.
വിജനമാം വീഥിയെന്നോര്‍ത്ത് നാം നീങ്ങവേ
വഴിയരികില്‍ നിന്നും ഉയര്‍ന്നിടും വിളികള്‍
കൊടിയ ദുരിതങ്ങള്‍,വിധിയെന്ന പേരില്‍ -
കൊടുക്കുമ്പോള്‍ കേള്‍ക്കുന്ന നിലവിളികള്‍

വിജയങ്ങള്‍ നേടുവാന്‍ മാത്രമായ്‌ നീങ്ങവേ
വിളിയൊന്നു കേള്‍ക്കണം അടുത്ത് ചെല്ലേണം
'കരയണ്ട,കൂട്ടുണ്ട് ഞാന്‍'എന്ന് ചൊല്ലേണം
കണ്ണുനീര്‍ തുള്ളികളുടയ്ക്കണം നേരില്‍...

ഇന്നലെകളില്‍ കണ്ട കാഴ്ച്ചകള്‍ക്കപ്പുരം
ഇനിവരും നാളെയില്‍ കാണുവാനാകട്ടെ
ഇതുവരെക്കേട്ടതാം കാര്യങ്ങള്‍ക്കപ്പുറം
ഇനിയുള്ള നാള്‍കളില്‍ കേള്‍ക്കുവാനാകട്ടെ

ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യേണ്ട നേരത്ത്
കൃത്യമായ്‌ ചെയ്യുവാന്‍ കഴിഞ്ഞിടട്ടെ!
പലതവണയൊന്നാമതെത്തിയെന്നാലും
തൊട്ടുതീണ്ടാതിരിക്കട്ടെയഹങ്കാരമൊട്ടും...

തെളിയട്ടെ,തെളിയട്ടെയിനിയുമിനിയും
സ്നേഹകാരുണ്യജ്വാലകള്‍ശക്തിയോടെ ...
നൊമ്പരപ്പാട്ടിന്‍റെ അന്ത്യത്തിനായ്ക്കൊണ്ട്
ഉണരട്ടെ,യുയരട്ടെ മധുര സംഗീതങ്ങള്‍...

നിറയട്ടെ നിറയട്ടെ സകലിടവുമൊരുപോലെ
ഒരുമകുസുമത്തിന്‍റെയുല്‍കൃ‌ഷ്ടപരിമളം
മായട്ടെ മറയട്ടെ ദുരന്തദുരിതങ്ങള്‍...
പുലരട്ടെ സന്തോഷസുദിനങ്ങളെന്നും...

അഭിപ്രായങ്ങളൊന്നുമില്ല: