2009, മേയ് 18

കളിപ്പാട്ടം





 



പ്രായം എതാണ്ട് അഞ്ചോ ആറോ കാണും. വളരെയേറെ അവശനാണ്. അവന്‌ അച്ഛനാരെന്നറിയില്ല; അമ്മയാരെന്നറിയില്ല ; കൂടപ്പിറപ്പുകളോ മറ്റ് സ്വന്തക്കാരോ ആയിട്ട് ആരെങ്കിലുമുണ്ടോ എന്നും അറിയില്ല. അവന്‍റെ അച്ഛനും അമ്മയും എല്ലാം തെരുവായിരുന്നു.

അതെ!
അവരിലൊരാള്‍.
ആരില്‍?
തെരുവിന്‍റെ സന്തതികളില്‍ ഒരാള്‍.

അവന്‍റെ പെരെന്തെന്നറിയില്ല എനിക്ക്. അതുകൊണ്ടിവിടെ അവനെ 'തെരുവിന്‍റെ സന്തതി' എന്ന് സൂചിപ്പിക്കുന്നു.

അമ്മയുടെ നെഞ്ചിന്‍റെ ചൂടവന്‍ അറിഞ്ഞിരിക്കുമോ? മുലപ്പാലിന്‍റെ രുചി നുകര്‍ന്നിട്ടുണ്ടാവുമോ അവന്‍? എന്നെങ്കിലും അവര്‍ പാടിയ താരാട്ട് കേട്ട് അവന്‍ ഉറങ്ങിയിരിക്കുമോ? അച്ഛന്‍റെ സ്നേഹവാത്സല്യങ്ങള്‍ അറിഞ്ഞിട്ടുണ്ടോ അവന്‍? ഉണ്ടാവില്ല. കാരണം അവനെ ആരോ ജനിപ്പിച്ച്, അവരാല്‍തന്നെയാകാം, ഉപേക്ഷിച്ചതാണ്. പിന്നെങ്ങിനെ ഈ അഞ്ചാറു വയസ്സ് വരെ...! മറ്റാരെങ്കിലും അവനെ രക്ഷിച്ചോ?
അതെ. അതുതന്നെ കാര്യം.

തെരുവിന്‍റെ ആ കൊച്ചനാഥബാലനെ, തെരുവിന്‍റെ തല മുതിര്‍ന്ന സന്തതികള്‍ രക്ഷിച്ചു. അവനോടുള്ള ഇഷ്ടം കൊണ്ടോ? ഇഷ്ടമുണ്ടാകാം! പക്ഷെ പ്രധാനമായും അതല്ല.
തെരുവിന്‍റെ തല മുതിര്‍ന്ന സന്തതികള്‍ക്ക്‌, 'അവനെ ആവശ്യം വരും' എന്നറിയാമായിരുന്നു. കാരണം അവന്‍റെ പ്രായത്തിലുള്ള മറ്റു കുട്ടികള്‍ ദിവസേന സമ്പാദിക്കുന്നത് അല്ലറ-ചില്ലറ പണമൊന്നുമല്ലായിരുന്നു എന്നതുതന്നെ.

അങ്ങനെ അവന്‍ അഞ്ചാം വയസ്സില്‍ ഭിക്ഷാടനം തുടങ്ങി. പലപലവീടുകള്‍ കയറിയിറങ്ങി. പലരുടെ, വീട്ടിലും പുറത്തും മുന്നിലും കൈനീട്ടി. ചിലര്‍ പണം നല്‍കി, ചിലര്‍ ഭക്ഷണം നല്‍കി. ചിലരോ പരിഹാസം നിറഞ്ഞ ചിരി മാത്രം നല്‍കി. ചിലരോ ആട്ടിപ്പായിച്ചു.

സ്നേഹമുള്ളവര്‍ സഹായം നല്‍കുന്നു.
സ്നേഹമില്ലാത്തവര്‍ അകറ്റിനിര്‍ത്തുന്നു.

എത്ര അവശനായാലും അവനൊരിക്കലും ജോലിയില്‍ മുടക്കം വരുത്താന്‍ തോന്നിയിട്ടില്ല. കാരണം, ഒരു നിശ്ചിതതുക നേടാതെ ചെന്നാല്‍ അനുഭവം കഠിനമാകും.ഭക്ഷണം കുറവാകും. അത് മിക്കവാറും പതിവാണ്. ചെറിയ കുട്ടികളെ തല മുതിര്‍ന്ന മക്കള്‍ നന്നായി മുതലാക്കും. അവര്‍ക്ക് കൃത്യമായി എണ്ണാന്‍ അറിയില്ലല്ലോ! അവനും അങ്ങിനെ തന്നെ. എല്ലാം സഹിച്ചുകഴിയുന്നു തെരുവിന്‍റെ സന്തതിയും അവനെപ്പോലുള്ള മറ്റു ചിലരും. അല്ലാതെന്തു ചെയ്യാന്‍?

ന്‍റെ തൊഴിലിനിടയില്‍ ഒരു ദിവസം അവന്‍ കയറിച്ചെന്നത്‌ സ്ഥലത്തെ ഒരു പ്രധാനിയുടെ വീട്ടില്‍. ഗേറ്റ് കടന്നുചെന്ന അവനെ വരവേറ്റത് അത്ഭുതപ്പെടുത്തുന്ന ചില കാഴ്ചകളാണ്. എന്തിനോ വേണ്ടി അവന്‍ കൊതിച്ചു. സ്വയമറിയാതെ അവന്‍ വീടിനെ ലക്ഷ്യമാക്കി നടന്നു.

അവന്‍റെ മുഖത്ത് അത്രയേറെ അമ്പരപ്പുണ്ടാവാന്‍ കാരണം ചില കളിപ്പാട്ടങ്ങളാണ്. ആ വലിയ വീടിന്‍റെ വരാന്തയില്‍ ഒരു കുട്ടിയിരുന്നു കളിക്കുന്നു. പ്രായം തെരുവിന്‍റെ സന്തതിയേക്കാള്‍ കുറവാകും എന്ന് തോന്നുന്നു. പണത്തിന്‍റെ സന്തതിയുടെ കയ്യിലും ചുറ്റുമായി വച്ചിരിക്കുന്ന കളിപ്പാട്ടങ്ങള്‍ തെരുവിന്‍റെ സന്തതിയെ സംബന്ധിച്ചിടത്തോളം പുതുമയുള്ളതായിരുന്നു. കീ കൊടുത്താല്‍ തിരിയുന്ന പാവ, പാട്ട് പാടുന്ന പാവ, ചെണ്ട കൊട്ടുന്ന പാവ, നൃത്തം ചവിട്ടുന്ന പാവ, വലിച്ചുവിട്ടാല്‍ കുറെ ദൂരം പായുന്ന വാഹനങ്ങള്‍, തലകുത്തിമറിയുന്ന വാഹനങ്ങള്‍.... അങ്ങിനെയങ്ങിനെ പലതരം കളിപ്പാട്ടങ്ങള്‍.

തെരുവിന്‍റെ സന്തതിയുടെ മനസ്സ് അവയിലൊന്നിനായി, എല്ലാത്തിനുമായി കൊതിച്ചു. മനസ്സിനേക്കാള്‍ പതുക്കെയെങ്കിലും അവന്‍റെ പാദങ്ങള്‍ വരാന്തയിലേക്കു കയറി, മറ്റേ കുട്ടിയുടെ സമീപത്തുചെന്നുനിന്നു. അവന്‍റെ കുഞ്ഞുകരങ്ങള്‍ കളിപ്പാട്ടങ്ങളില്‍ ഒന്നിനെയെടുത്തു - ചെണ്ട കൊട്ടുന്ന പാവ. കീ കൊടുക്കാന്‍ അവനറിയില്ല. അവന്‍ പാവയുടെ കൈകള്‍ പൊക്കിയും താഴ്ത്തിയും ചെണ്ടകൊട്ട് തുടങ്ങി. അതിനുമുന്‍പുതന്നെ പണത്തിന്‍റെ സന്തതി തന്‍റെ പാട്ടുകച്ചേരി തുടങ്ങിയിരുന്നു. അതിന്‍റെ കരച്ചിലൊന്നും, തെരുവിന്‍റെ സന്തതിയെ ബാധിച്ചില്ല. അവന്‍ ഓരോന്നോരോന്നായി മാറിമാറിയെടുത്ത്‌ കളിച്ചുകൊണ്ടിരുന്നു.

മകന്‍റെ കരച്ചിലുകേട്ട് അങ്ങോട്ടോടിവന്ന പണക്കാരനും ഭാര്യക്കും ആ കാഴ്ച കണ്ടു ദേഷ്യം വന്നു. പ്രായത്തിന്‍റെ യാതൊരുവിധ പരിഗണനയും കിട്ടിയില്ല. പണക്കാരന്‍റെ അടിയേറ്റ് പാവത്താന്‍ മുറ്റത്തെത്തി. മറ്റയാളെ ആ സമയത്തിനകം അമ്മ നെഞ്ചോടുചേര്‍ത്ത് ആശ്വാസമേകി. മുറ്റത്തേക്ക്‌ തെറിച്ചുവീണിട്ടും കയ്യിലുണ്ടായിരുന്ന കളിപ്പാട്ടം അവന്‍ വിട്ടില്ല. പണക്കാരന്‍ അത് ബലമായി പിടിച്ചുവാങ്ങി. എന്നിട്ട് അവനെ തൂക്കിയെടുത്തുകൊണ്ടു ഗേറ്റിനു വെളിയില്‍ കൊണ്ടിട്ടു. ഗേറ്റ് അടച്ചു.

അവന്‍ ഗേറ്റിനടുത്തുനിന്ന് കുറച്ചുനേരം കരഞ്ഞു. ആരുകേള്‍ക്കാന്‍ അവനെപ്പോലുള്ളവരുടെ രോദനങ്ങള്‍? കേട്ടിട്ട് എന്ത് ചെയ്യാന്‍? പതിയെ ദുഃഖമൊതുക്കി അവിടെനിന്നും നടന്ന് അവൻ വീണ്ടും തന്‍റെ തൊഴിലിലേക്ക് കടന്നു. ആ ഭാഗത്ത് മറ്റൊരു വീട്ടിലും അവന്‍ കയറിയില്ല. നടത്തം മാത്രം. അതിനിടയില്‍ കിട്ടുന്നതുകൊണ്ട് അവന്‍ തൃപ്തിപ്പെട്ടു.

നടത്തത്തിനിടയില്‍ അവന്‍ മറ്റൊരു കാഴ്ച, വേറൊരു വീട്ടില്‍ കണ്ടു. ഒരു ചെറിയ കൊച്ചിനെ അമ്മ താരാട്ട് പാടി ഉറക്കാന്‍ ശ്രമിക്കുന്നു. ഉറങ്ങാന്‍ മടികാട്ടുകയും,കരയുകയും ചെയ്യുന്ന ആ കുഞ്ഞിനെ, കിലുങ്ങുന്ന ഒരുതരം കളിപ്പാട്ടം കാട്ടി അമ്മ ചിരിപ്പിക്കാന്‍ ശ്രമിക്കുന്നു. ഗേറ്റിനു വെളിയില്‍നിന്ന് ഈ കാഴ്ച കണ്ടപ്പോള്‍ അവനും കൊതി തോന്നി. താരാട്ട് കേള്‍ക്കാനല്ല; പാട്ടുകേട്ട് ഉറങ്ങാനല്ല; സ്വന്തമായൊരു കളിപ്പാട്ടത്തിന്!

തെരുവിന്‍റെ സന്തതിക്ക് മോഹിക്കാം എന്നല്ലാതെ, മോഹിക്കുന്നതെല്ലാം നേടാന്‍ സാധിക്കുമോ? നേടാന്‍ പറ്റാത്തത് മോഹിക്കാനുള്ള അര്‍ഹതയുണ്ടോ തെരുവിന്‍റെ സന്തതിക്ക്?

ഒരു വീട്ടിലും അവന്‍ പിന്നെ കയറിയില്ല. ലക്‌ഷ്യം - അവിടേക്ക് ഇനിയും ദൂരം. അവന്‍ നടത്തം തുടര്‍ന്നു. ആ ദിവസത്തെ അനുഭവം ഊഹിക്കാവുന്നതേയുള്ളൂ. പക്ഷെ, അതൊന്നുമായിരുന്നില്ല അവന്‍റെ മനസ്സില്‍. സ്വന്തമായൊരു കളിപ്പാട്ടം നേടുന്നതെങ്ങിനെ എന്നുള്ള ചിന്തയായിരുന്നു അവന്‍റെയുള്ളില്‍ നിറയെ.

നേരം സന്ധ്യയാകാറായി. അത്രയും നേരത്തിനിടക്ക് കാര്യമായിട്ടെന്തെങ്കിലും അവന്‍ കഴിച്ചിട്ടുണ്ടെന്നു എനിക്ക് തോന്നുന്നില്ല. നടത്തത്തിനിടയില്‍ അവന്‍ പെട്ടെന്നുനിന്നു, ഒരു ചവറുകൂനയ്ക്കരികെ. അവിടെയെന്തോ കണ്ടു അവന്‍.
എന്താകും?

അവിടെയതാ, ആ ചവറിനിടയില്‍, ഒരു കളിപ്പാട്ടക്കഷ്ണം - പായുന്ന കളിപ്പാട്ടക്കാറിന്‍റെ രണ്ടു ചക്രങ്ങളും കമ്പിയും. അവന്‍ ഉത്സാഹപൂര്‍വം അതെടുത്തു. നിലത്ത്‌ ഉരുട്ടിക്കളിച്ചു. കയ്യിലെടുത്ത്‌ ഓടിച്ചുനോക്കി. പെട്ടെന്ന് അവന്‍ എന്തോ ഓര്‍ത്തിട്ടെന്നവണ്ണം കളിനിര്‍ത്തി. ആ കളിപ്പാട്ടക്കഷ്ണം പലരീതിയില്‍, പലവട്ടം നോക്കി. എന്നിട്ട് ദുഃഖം നിറഞ്ഞ ചിരിയോടെ ആ കളിപ്പാട്ടക്കഷ്ണം കൂനയിലേക്കുതന്നെ തിരിച്ചെറിഞ്ഞു. അവന്‍ നടന്നു. അവന്‍റെ കൊച്ചുമിഴികള്‍ നിറഞ്ഞിരുന്നു. ആ മനസ്സ് കരയുകയായിരുന്നു.

എന്തിനാണ് അവന്‍ ആ കളിപ്പാട്ടക്കഷ്ണം ചവറുകൂനയിലേക്കു തന്നെ തിരിച്ചെറിഞ്ഞത്?
കൃത്യമായി പറയാന്‍ എനിക്കറിയില്ല. ഒരുപക്ഷെ, അത് കൂനക്ക് തന്നെ അര്‍ഹതപ്പെട്ടതാകാം എന്നവന് തോന്നിയിരിക്കാം. അല്ലെങ്കില്‍ അവനത്‌ ഒട്ടും അര്‍ഹതപ്പെട്ടതല്ലായെന്ന് തോന്നിയിരിക്കാം.

മോഹവും ദുഖവും ഉള്ളിലൊതുക്കി തെരുവിന്‍റെ സന്തതി തന്‍റെ ലക്ഷ്യസ്ഥാനത്തേയ്ക്ക്, തെരുവിന്‍റെ തലമുതിര്‍ന്ന മക്കള്‍ കഴിയുന്നിടത്തേക്ക്, നടന്നു നീങ്ങി.